കൊലപാതക സംഘത്തില്‍ ആകാശില്ലെന്ന് ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്; പൊലീസില്‍ അവിശ്വാസം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്; സിപിഎമ്മിന് പങ്കില്ലെന്ന് ഇ.പി. ജയരാജന്‍

single-img
20 February 2018

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ പൊലീസിന്റെയും സിപിഎമ്മിന്റെയും വാദങ്ങളെ പൊളിച്ച് ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദിന്റെ വെളിപ്പെടുത്തല്‍. പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി തങ്ങളെ കൊലപ്പെടുത്താന്‍ എത്തിയ സംഘത്തില്‍ ഉണ്ടായിരുന്നില്ല.

മുഖം മറച്ച നിലയിലായിരുന്നു കൊലയാളികള്‍. ശരീര പ്രകൃതി അനുസരിച്ച് മെലിഞ്ഞ 26-27 വയസ്സുള്ള മൂന്നംഗ സംഘമാണ് തങ്ങളെ വെട്ടിയതെന്നും നൗഷാദ് വ്യക്തമാക്കി. ബോംബെറിഞ്ഞ് ഭീതി പടര്‍ത്തിയായിരുന്നു തങ്ങളെ വെട്ടിയത്. എന്നാല്‍ ഇതിനിടെ കടയിലെ ബെഞ്ച് വെച്ച് തടഞ്ഞതിനാലാണ് അധികം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും നൗഷാദ് പറഞ്ഞു.

കൊലയാളി സംഘം എത്തിയ വാഹനത്തില്‍ ആകാശ് ഉണ്ടായിരുന്നോ എന്നറിയില്ല. വെട്ടിയ മൂന്നംഗ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഉണ്ടായിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു. പല കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിയെ തനിക്ക് നന്നായി അറിയാം. ബോംബെറിഞ്ഞതോ, ഡ്രൈവര്‍ ആയോ അയാള്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല എന്നും നൗഷാദ് പ്രതികരിച്ചു.

ഷുഹൈബിനെ വെട്ടിയത് പുറകോട്ടു വളഞ്ഞ കനം കൂടിയ വാള്‍ കൊണ്ടെന്നും നൗഷാദ് പറയുന്നു. ഇത്തരം വാള്‍ ഉപയോഗിക്കുന്നത് വെട്ടിമാറ്റണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് നൗഷാദ് ആരോപിക്കുന്നത്. ഷുഹൈബിനെ വെട്ടിയ മൂന്നംഗ സംഘത്തില്‍ ഒരാളാണ് ആകാശ് എന്നായിരുന്നു പൊലീസ് ഭാഷ്യം.

അതേസമയം ഷുഹൈബിന്റെ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ഇ.പി. ജയരാജന്‍ എംഎല്‍എ. കേസില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടി പുറത്താക്കും. കണ്ണൂരില്‍ ക്രിമിനല്‍ രാഷ്ട്രീയം വളര്‍ത്തിയത് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് തുടരും. കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാര്‍ഥ പ്രതികള്‍ ഒളിവിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സമരം നീട്ടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.

നേരത്തേ, 48 മണിക്കൂര്‍ നിരാഹാര സമരമാണ് സുധാകരനും കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നത്. വ്യാഴാഴ്ച കണ്ണൂരിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ യോഗം ചേരും. അതിനുശേഷമാകും ഭാവി പരിപാടികള്‍ തീരുമാനിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഎം നടത്തുന്ന നാടകത്തില്‍ പോലീസ് കൂട്ടുനില്‍ക്കുകയാണെന്നും, കോണ്‍ഗ്രസ് അതിന് നിന്നു കൊടുക്കില്ലെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും വ്യക്തമാക്കി. അതേസമയം കണ്ണൂരില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാണ് സമാധാന യോഗം വിളിക്കേണ്ടത്. ബുധനാഴ്ചത്തെ യോഗം പ്രഹസനമെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.