ഷുഹൈബ് വധത്തില്‍ യെച്ചൂരിക്ക് സുധാകരന്റെ കത്ത്: സി.പി.എം അക്രമങ്ങളില്‍ പ്രതിഷേധിച്ച് എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരത്തിന്: കണ്ണൂരില്‍ ബുധനാഴ്ച സമാധാന യോഗം

single-img
19 February 2018

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത കണ്ണൂരില്‍ ബുധനാഴ്ച സമാധാന യോഗം ചേരും. മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

വിവിധ രാഷ്ട്രീയ കക്ഷികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അക്രമം നടന്നിട്ടും കണ്ണൂരില്‍ സമാധാന യോഗം വിളിക്കാന്‍ തയ്യാറാവാത്ത ജില്ലാ കളക്ടറുടെ നിലപാടിനെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനമാണിത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ ഷുഹൈബിന്റെ ഘാതകരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കെ സുധാകരന്‍ കത്തയച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടതായി അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തില്‍ മാത്രമാണ് പിണറായി പ്രവര്‍ത്തിക്കുന്നത്. ലോകത്ത് എവിടെയും നടക്കുന്ന മനുഷ്യക്കുരുതിയെക്കുറിച്ചു പ്രസംഗിക്കുന്ന സിപിഎം നേതൃത്വം കേരളത്തിലെ നരനായാട്ടുകള്‍ കാണുന്നില്ല. കേരളത്തിലെ പാര്‍ട്ടി ഏതാനും ക്രിമിനലുകളുടെ കൈയിലാണുള്ളത്.

വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടം ശക്തമാക്കണമെന്ന സന്ദേശം പകരുന്ന കാലത്താണ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നിഷ്ഠൂരമായി വധിച്ചത്. കണ്ണൂര്‍ ജില്ലയിലെ ക്രിമിനലുകളായ നേതാക്കളേയും പ്രവര്‍ത്തകരേയും നിലയ്ക്കുനിര്‍ത്താന്‍ അഖിലേന്ത്യ നേതൃത്വം തയ്യാറാകണമെന്ന് സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം ഒഞ്ചിയം മേഖലയിലെ സി.പി.എം അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരം നടത്തും. ആര്‍.എം.പി നേതാവ് കെ.കെ രമയുടെ നേതൃത്വത്തില്‍ ഈ മാസം 21നാണ് സമരം നടക്കുക.

ജനാധിപത്യ പ്രവര്‍ത്തന സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശത്തിനുമായാണ് സമരം നടത്തുന്നതെന്ന് കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. സംഭവത്തിലുള്ള ടി.കെ രജീഷിന്റെ പങ്കും അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.

തനിക്കെതിരെയുള്ള സി.പി.എം സൈബര്‍ അക്രമത്തില്‍ പരാതി നല്‍കില്ല. സ്ത്രീകള്‍ ഒന്നിച്ച് നിന്ന് ഇതിനെ നേരിടണം. വനിതാ കമീഷന്‍ സ്വയം കേസെടുക്കേണ്ടതാണെന്നും കെ.കെ രമ ചൂണ്ടിക്കാട്ടി.