എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്തില്ലല്ലോ?; ആമിയുടെ പ്രേക്ഷകപ്രതികരണത്തെ കുറിച്ച് മഞ്ജു വാര്യര്‍

single-img
14 February 2018


മഞ്ജു വാര്യര്‍ മാധവിക്കുട്ടിയായി എത്തിയ ആമിക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. മഞ്ജുവിന് മാധവിക്കുട്ടിയെ മനോഹരമാക്കാന്‍ സാധിക്കില്ലെന്ന് ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

ചിത്രം ഇറങ്ങിയിട്ടും കൂടുതല്‍ പേരും ഇതേ അഭിപ്രായമാണ് പറയുന്നത്. ഇതേ കുറിച്ച് ഇതുവരെ മഞ്ജു പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മഞ്ജുവിന്റെ പ്രതികരണമെത്തിയിരിക്കുന്നു. ഒരു സിനിമയ്ക്ക് എല്ലാവരെയും ഒരു പോലെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മഞ്ജു അഭിപ്രായപ്പെട്ടിരിക്കുന്നത്.

‘ആമി’ എന്ന ചിത്രത്തിന് രണ്ടു തരത്തിലുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇഷ്ടമായി എന്ന് ഒരുപാടു പേര്‍ പറഞ്ഞു. ‘ആദ്യം വിചാരിച്ചത് സിനിമ നന്നാകില്ല എന്നായിരുന്നു. എന്നാല്‍ തിയേറ്ററില്‍ പോയി ചിത്രം കണ്ടപ്പോള്‍ അങ്ങനെ കരുതിയതില്‍ കുറ്റബോധം തോന്നി മഞ്ജുവിനോട് മാപ്പുപറയാന്‍ തോന്നി’ എന്നു പറഞ്ഞവര്‍ വരെയുണ്ട്.

അത്തരത്തിലുള്ള കുറേ വോയ്‌സ് ക്ലിപ്പുകള്‍ എന്റെ കയ്യില്‍ ഉണ്ട്. എല്ലാം കേള്‍ക്കുമ്പോള്‍ സന്തോഷം. ഞാന്‍ വിചാരിച്ചതിലും വലിയൊരു റിസല്‍ട്ടാണ് ലഭിച്ചത്. ഫാന്‍സിന്റെ എണ്ണം നോക്കി നമുക്ക് ഒരാളെ വിലയിരുത്താനാകില്ലല്ലോ. അതുപോലെ ഇഷ്ടമായില്ല, രൂപസാദൃശ്യമില്ല എന്നു വിമര്‍ശിച്ചവരും ഉണ്ട്.

ആ അഭിപ്രായത്തെയും ഞാന്‍ ബഹുമാനിക്കുന്നു. കാരണം ആമി മാധവിക്കുട്ടിയെക്കുറിച്ചാണ്. മാധവിക്കുട്ടി ഓരോ വായനക്കാരുടേയും സ്വന്തമാണ്. ഓരോരുത്തരുടേയും മനസ്സില്‍ ഓരോ രൂപമാണ്. അതു കൊണ്ട് വിമര്‍ശനങ്ങളെയും ആ സ്പിരിറ്റില്‍ തന്നെ എടുക്കുന്നു. എല്ലാവരേയും ഒരു സിനിമ ഒരു പോലെ തൃപ്തിപ്പെടുത്തില്ലല്ലോ.