സുന്‍ജുവാന്‍ ഭീകരാക്രമണം: മരണസംഖ്യ ആറായി

single-img
11 February 2018

ശ്രീനഗര്‍: കശ്മീരിലെ സുജ്‌വാനില്‍ കരസേനാക്യാമ്പ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണസംഖ്യ ആറായി. ഭീകരാക്രമണത്തില്‍ പരിക്കേറ്റ നാട്ടുകാരനും മരിച്ചു. അതേസമയം ക്യാമ്പില്‍ അതിക്രമിച്ച് കയറിയ നാലാമത്തെ ഭീകരനെയും സൈന്യം വധിച്ചു.

19 സൈനികര്‍ കൊല്ലപ്പെട്ട 2016ലെ ഉറി ആക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ശനിയാഴ്ച സുന്‍ജുവാന്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായത്. സുന്‍ജുവാന്‍ സൈനിക ക്യാമ്പില്‍ അവശേഷിക്കുന്ന ഭീകരര്‍ക്കായുള്ള തിരിച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ഭീകരവിരുദ്ധ നടപടികള്‍ പുനഃപരിശോധിക്കാന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് ഞായറാഴ്ച രാവിലെ ജമ്മുവിലെത്തിയിട്ടുണ്ട്. ഇതിനിടെ നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ നാട്ടുകാരിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

പര്‍വീന്‍ അക്തര്‍ എന്ന സത്രീയാണ് മരിച്ചത്. ഉധംപൂരിലെ സൈനിക ക്യാമ്പില്‍നിന്നെത്തിയ കമാന്‍ഡോകളാണ് ഭീകരവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വ്യോമസേനയുടെ സഹായവും ഇവര്‍ക്കുണ്ട്. കൂടുതല്‍ ഭീകരര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു കണ്ടെത്താന്‍ ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ചു നിരീക്ഷണം ശക്തമാക്കി.

സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്ഒജി) കരസേനയുടെ പ്രത്യേക ദൗത്യസംഘവുമാണു നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. സിആര്‍പിഎഫും പൊലീസും പുറത്തു നിലയുറപ്പിച്ചിട്ടുണ്ട്. സുന്‍ജുവാനിലെ ക്വാര്‍ട്ടേഴ്‌സുകളിലുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചുകൊണ്ടാണ് സൈനിക നടപടി പുരോഗമിക്കുന്നത്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികമായ ഫെബ്രുവരി ഒന്‍പതിനു സൈന്യത്തിനു നേരെയോ സുരക്ഷാ സ്ഥാപനത്തിനു നേരെയോ ഭീകരാക്രമണ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.