‘ഞാന്‍ എനിക്കുള്ള നിയമമെഴുതും’; ബിക്കിനിയെ ട്രോളാന്‍ വന്നവര്‍ക്ക് സാമന്തയുടെ ചുട്ടമറുപടി

single-img
9 February 2018


സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ക്ക് സദാചാര ക്ലാസ് എടുക്കേണ്ടതിന്‍െറ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന ചിന്തയാണ് ചിലര്‍ക്ക്. അവര്‍ എന്ത് വസ്ത്രം ധരിക്കണം, ധരിക്കരുത് എന്നെല്ലാം അത്തരക്കാര്‍ പറയും. ബിക്കിനി ധരിച്ച ചിത്രമെങ്ങാനും പോസ്റ്റ് ചെയ്താല്‍ വെട്ടുകിളിക്കൂട്ടം പോലെയാണ് ‘ആരാധകര്‍’ സംസ്കാരത്തെ കുറിച്ച് പഠിപ്പിക്കാന്‍ ഓടി എത്തുക. അത്തരത്തില്‍ തന്നെ പഠിപ്പിക്കാന്‍ വന്നവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ദക്ഷിണേന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനി.

ബിക്കിനി ധരിച്ചുള്ള ചിത്രം സാമന്ത കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചിത്രത്തിനെതിരെ പ്രതിഷേധവുമായി കമന്‍റുകള്‍ കൊണ്ട് പോസ്റ്റ് നിറഞ്ഞു. ‘ ഇപ്പോള്‍ നിങ്ങള്‍ സിംഗിളല്ല. ഒരു ആദരണീയ കുടുംബത്തിന്‍െറ ഭാഗമാണ്. അതുകൊണ്ട് ദയവായി നിങ്ങളുടെ ആരാധകരെ വിഷമിപ്പിക്കരുത്.’ -ഒരാള്‍ പറയുന്നു.

സമാനമായി, വിവാഹം കഴിഞ്ഞതിനാല്‍ ‘ഒതുങ്ങണം’ എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. ട്രോള്‍ കൂടിവന്നതോടെ ചുട്ട മറുപടി നല്‍കിക്കൊണ്ട് സാമന്ത അടുത്ത പോസ്റ്റ് ഇട്ടു. ‘മറ്റുള്ളവര്‍ ചെയ്യരുതെന്ന് ഉറപ്പിച്ചിരിക്കുന്നത് ചെയ്യാന്‍ ഉറപ്പിക്കുന്നവരാണ് കരുത്തുറ്റ സ്ത്രീകള്‍’ എന്ന ഉദ്ധരണി പോസ്റ്റ് ചെയ്തതിനൊപ്പം ‘ഞാന്‍ എന്‍െറ നിയമങ്ങള്‍ എഴുതും, നിങ്ങള്‍ നിങ്ങളുടെ നിയമമാണ് എഴുതേണ്ടത്.’ എന്നും താരം കുറിച്ചു. തന്‍െറ കഴിഞ്ഞ പോസ്റ്റ് ഇക്കാര്യം വിളിച്ചുകൂവാത്തത് കൊണ്ടാണ് ഈ ഉദ്ധരണി ഇടേണ്ടി വന്നതെന്ന് പറഞ്ഞാണ് സാമന്ത മറുപടി കുറിച്ചത്.

അതേസമയം, ധരിക്കുന്ന വസ്ത്രം വച്ച് അളക്കാതെ സാമന്തയെ ഇഷ്ടപ്പെടുന്ന നിരവധി ആരാധകര്‍ തങ്ങളുടെ പ്രിയ താരത്തിന് കമന്‍റുകളിലൂടെയും ലൈക്കുകളിലൂടെയും പിന്തുണ നല്‍കുന്നുണ്ട്. നാലര ലക്ഷത്തിന് മുകളിലാണ് സാമന്തയുടെ ബിക്കിനി ചിത്രത്തിന് കിട്ടിയ ലൈക്ക്.