മാണി ഇടത്തേയ്ക്ക്: കേരള കോൺഗ്രസ്സ് ചുവക്കാൻ പച്ചക്കൊടി കാട്ടേണ്ടത് കാനം

single-img
24 January 2018

കേരള കോൺഗ്രസ്സ്കെ എം മാണി നയിക്കുന്ന കേരള കോൺഗ്രസ്സ് (എം) ഇടതുപക്ഷമുന്നണിയിൽ ചേരാൻ തത്വത്തിൽ ധാരണയായതായി റിപ്പോർട്ട്. ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐ ആണു ഇക്കാര്യത്തിൽ ഇനി നിലപാട് വ്യക്തമാക്കേണ്ടതെന്നും സി പി ഐ വഴങ്ങിയാൽ ഈയടുത്ത ദിവസങ്ങളിൽ കെ എം മാണിയുടെ മുന്നണി പ്രവേശനത്തിൽ ധാരണയായേക്കുമെന്നുമാണു റിപ്പോർട്ടുകൾ.

മാണിയെ പൊതുമരാമത്ത് മന്ത്രിയാക്കുക എന്നൊരാവശ്യം കേരള കോൺഗ്രസ്സ് മുന്നോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ജി സുധാകരനാണു പൊതുമരാമത്ത് മന്ത്രി. അഴിമതിരഹിത പ്രതിച്ഛായയുള്ള സി പി എമ്മിലെ ശക്തനായ സുധാകരനെ മാറ്റി അഴിമതിക്കാരൻ എന്ന ദുഷ്പേരുള്ള മാണിയെ പൊതുമരാമത്ത് പോലെ ഒരു വകുപ്പ് ഏൽപ്പിക്കാൻ സി പി ഐ എം തയ്യാറാകില്ലെന്നാണു സൂചനകൾ.

ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു ശേഷം തങ്ങൾ ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്രമായി നിൽക്കുമെന്നായിരുന്നു കേരളാ കോൺഗ്രസ്സ് മാണി വിഭാഗത്തിന്റെ നിലപാട്. ബാർ കോഴ മുതൽ നിരവധി വിവാദങ്ങളിൽ കുരുങ്ങി നിൽക്കുന്നതിനിടയിലും മുന്നണി പ്രവേശനത്തിനു തയ്യാറാകാതെ നിന്ന കെ എം മാണിയുമായി ബി ജെ പി നേതാക്കൾ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ യു ഡി എഎഫിൽ ചേരാൻ തന്റെ പാർട്ടിയ്ക്ക് പദ്ധതിയില്ലെന്ന് ഇക്കഴിഞ്ഞയാഴ്ചയും കെ എം മാണി പ്രഖ്യാപിച്ചിരുന്നു. മുന്നണി പ്രവേശനത്തിന് ദാഹവും മോഹവുമായി നടക്കുന്നില്ലെന്നും മുന്നണിയിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് നന്ദിയുണ്ടെന്നുമായിരുന്നു മാണി  പറഞ്ഞത്. പാര്‍ട്ടിയുടെ നയസമീപന രേഖയുമായി സഹകരിക്കുന്നവര്‍ക്കൊപ്പം ചേരുമെന്നും മുന്നണിയൊന്നും കേരള കോൺഗ്രസിന് പ്രധാനമല്ലെന്നുമായിരുന്നു മാണിയുടെ നിലപാട്. എല്ലാ മുന്നണികളോടും സമദൂരമാണു തന്റെ പാർട്ടിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കെ എം മാണി പ്രതിയായ ബാർ കോഴക്കേസിൽ മാണിക്കെതിരെ തെളിവില്ലെന്ന് സംസ്ഥാന വിജിലൻസ്  കഴിഞ്ഞയാഴ്ച്ച ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ബാർ കോഴക്കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്.

ബാർ കോഴക്കേസിൽ നിന്നും മാണി കുറ്റവിമുക്തനായാൽ ഇടതുമുന്നണി പ്രവേശനം സുഗമമാകും എന്നാണു സി പി എമ്മിന്റെ കണക്കുകൂട്ടൽ. എന്നാൽ ജോസ് കെ മാണി പ്രതിയായ സോളാർ കമ്മീഷൻ റിപ്പോർട്ടിന്മേലുള്ള അന്വേഷണം തുടരുകയാണു.

എന്നാൽ കെ എം മാണിയുടെയും പാർട്ടിയുടേയും ലക്ഷ്യം ഇടതുമുന്നണിയാണെന്ന സൂചനകൾ ഉണ്ടായിരുന്നു. ഇടതുമുന്നണിയിൽ ചേരുന്ന കാര്യം തത്വത്തിൽ ധാരണയായി എന്നാണു കേരള കോൺഗ്രസ്സുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. സി പി എം വൃത്തങ്ങളും ഈ വിവരം സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ മന്ത്രിസ്ഥാനം നൽകാൻ സാധ്യത കുറവാണെന്നും പുറത്തുനിന്നുള്ള പിന്തുണയാകും തൽക്കാലം ഉണ്ടാകുകയെന്നുമാണു സി പി എം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സി പി ഐയുടെ എതിർപ്പ്

നിലവിൽ ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐ ഇക്കാര്യത്തിൽ വലിയ എതിർപ്പാണു പ്രകടിപ്പിക്കുന്നത്. അഴിമതിക്കാരനെന്ന് മുദ്രകുത്തപ്പെട്ട മാണിയെ മുന്നണിയിലെടുക്കുന്നത് ഇടതുമുന്നണിയുടെ  പ്രതിച്ഛായയെ ബാധിക്കുമെന്നാണു സി പി ഐയുടെ നിലപാട്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി എന്ന തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പെടുമോ എന്ന ഭയവും സി പി ഐയ്ക്കുണ്ട്.

കേരള കോൺഗ്രസ്സ് വെന്റിലേറ്ററിൽ കിടക്കുന്ന പാർട്ടിയാണെന്ന്  സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. സി പി ഐ ശവക്കുഴിയിൽ കിടക്കുന്ന പാർട്ടിയാണെന്നായിരുന്നു മാണിയുടെ തിരിച്ചടി.