സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയെന്ന് കെഎം മാണി: ‘കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കും തല്‍ക്കാലമില്ല’

single-img
20 January 2018

കോട്ടയം: യു.ഡി.എഫിലേക്കില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. യുഡിഎഫിലേക്കു വരാന്‍ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല.

മുന്നണി മാറ്റത്തിനു ദാഹവും മോഹവുമായി നടക്കുകയല്ലെന്നും മാണി പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ സമീപനരേഖയുമായി യോജിക്കുന്നവരോടു സഹകരിക്കും. കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കും തല്‍ക്കാലമില്ല. അത്തരം ആലോചനകള്‍ക്കു സമയമായിട്ടുമില്ലെന്നും മാണി വ്യക്തമാക്കി.

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. ഒറ്റയ്ക്ക് ജയിക്കാന്‍ ആ പാര്‍ട്ടിക്ക് ശേഷിയില്ല. ഒറ്റയ്ക്ക് നിന്നാല്‍ ഒരു സീറ്റിലും സിപിഐ ജയിക്കില്ല. സിപിഐയുടെ സ്ഥാനം പോകുമെന്ന പേടികൊണ്ടാണ് കാനം കേരള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്.

നിരവധി മഹാരഥന്മാര്‍ നയിച്ച പാര്‍ട്ടിയാണ് സിപിഐ. കാനം സിപിഐയുടെ ശോഭ കെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലേക്ക് തിരികെ പോകാന്‍ ഇപ്പോള്‍ ഒരുനീക്കവുമില്ലെന്ന് പറയുമ്പോഴും എല്‍ഡിഎഫിലേക്ക് നീങ്ങാന്‍ ആലോചനയുണ്ടോ എന്ന കാര്യത്തില്‍ കൃത്യമായ മറുപടി അദ്ദേഹം നല്‍കിയതുമില്ല