ശ്രീജിവിന്റെ കൊലപാതകം: സി ബി ഐ അന്വേഷണത്തിനു സംസ്ഥാന സർക്കാർ കത്തുനൽകിയിട്ടും നിരസിച്ചത് കേന്ദ്രം

single-img
13 January 2018

സി ബി ഐസെക്രട്ടേറിയറ്റിനു മുന്നിൽ 764 ദിവസമായി സമരം തുടരുന്ന ശ്രീജിത്തിന്റെ അനുജൻ ശ്രീജിവിന്റെ കസ്റ്റഡിമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ തന്നെ സി ബി ഐയ്ക്ക് കത്തു നൽകിയിരുന്നെങ്കിലും അതു നിരസിച്ചത് കേന്ദ്രസർക്കാർ ആണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഇക്കഴിഞ്ഞ ഡിസംബർ 12-നാണു സംസ്ഥാന സർക്കാരിന്റെ ആവശ്യം നിരസിച്ചുകൊണ്ട് നരേന്ദ്രമോദിയുടെ കീഴിലുള്ള ഡിപാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗിൽ നിന്നുള്ള കത്ത് ചീഫ് സെക്രട്ടറിയ്ക്ക് ലഭിച്ചത്.

ശ്രീജിവിന്റെ കേസ് സി ബി ഐ അന്വേഷിക്കാൻ തക്കവണ്ണം അത്യപൂർവ്വമോ അനിതരസാധാരണമോ അല്ലാത്തതിനാലും  കേരള ഹൈക്കോടതി നിർദ്ദേശിച്ച നിരവധി കേസുകൾ സി ബി ഐയുടെ മുന്നിൽ കെട്ടിക്കിടക്കുന്നതിനാലും ഈ കേസ് ഏറ്റെടുക്കാൻ സി ബി ഐയ്ക്ക് കഴിയില്ലെന്നാണു അണ്ടർ സെക്രട്ടറി എസ് പി ആർ ത്രിപാഠി അയച്ച കത്തിൽ വിശദീകരിക്കുന്നത്.

2014 മെയ് 21നായിരുന്നു ശ്രീജിവ് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്നത്. ശ്രീജിവ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയതാണു എന്ന് പിന്നീട് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തി.  ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് സഹോദരന്‍ ശ്രീജിത്ത് സമരം തുടങ്ങിയത്.

ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ ഈ വിഷയത്തിൽ നടപടികൾ സ്വീകരിച്ചു എന്നാണു ആഭ്യന്തരവകുപ്പുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ശ്രീജിവിന്റേത് കൊലപാതകമാണെന്ന പോലീസ് കമ്പ്ലയിന്റ് അതോറിറ്റിയുടെ റിപ്പോർട്ട് ഡി ജി പിയ്ക്ക് കൈമാറുകയും അന്വേഷണത്തിനും നടപടിയ്ക്കും ശുപാർശ ചെയ്യുകയും ചെയ്തു എന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. ശ്രീജിവിന്റെ അമ്മയ്ക്ക് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നൽകുവാനും അത് അന്നത്തെ സിഐ ഗോപകുമാർ, എസ്ഐ ബിജു ഡ്യൂട്ടിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ എന്നിവരില്‍ നിന്നും ഈടാക്കുവാനും പോലീസ് കമ്പ്ലയിന്റ് അതോറിറ്റിയും മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. ഇതിൽ അഞ്ചു ലക്ഷം ര്രൂപയുടെ ഡ്രാഫ്റ്റ് കൈമാറുകയും ചെയ്തു.

എന്നാൽ ഒരു കൊലപാതകം നടന്നതായി തെളിഞ്ഞാൽ പ്രതികളെ അറസ്റ്റ് ചെയ്ത് കേസെടുക്കുന്നതിനു പകരം സി ബി ഐ അന്വേഷണത്തിനായി കാത്തിരിക്കുന്ന സർക്കാരിന്റെ നടപടിയ്ക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം എന്ന പേരിൽ കൊലപാതകികളെ സംരക്ഷിക്കുന്ന സർക്കാർ പോലീസിന്റെ ഇത്തരം ക്രിമിനൽ പ്രവണതകൾ വളരാൻ അനുവദിക്കുകയാണെന്നും ആക്ഷേപമുണ്ട്.