ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ പോലും കരുണാകരനെ ചതിച്ചിട്ടുണ്ട്:ഒളിയമ്പുമായി കെ മുരളീധരൻ

single-img
26 December 2017

കെ.കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും പറയേണ്ടതില്ലെന്ന് കെ.മുരളീധരന്‍. പടയൊരുക്കം നടത്തേണ്ടത് തമ്മില്‍ത്തമ്മിലല്ല ബിജെപിക്കും സിപിഎമ്മിനും എതിരെയാണെന്നും മുരളീധരന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ തല്‍സ്ഥാനത്ത് നിന്ന് നീക്കുന്നതിനെ ഏ.കെ.ആന്റണി ശക്തമായി എതിര്‍ത്തിരുന്നെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ രാഷ്ട്രീയചര്‍ച്ചയും സജീവമായിരുന്നു.

ഇക്കാര്യത്തില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് മുരളീധരന്‍  മുതിര്‍ന്നിരുന്നില്ല. എ.കെ.ആന്‍റണിയെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയതോടെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ച തുടങ്ങിയതെന്ന് മാത്രമായിരുന്നു കഴിഞ്ഞാഴ്ച കെ.മുരളീധരന്‍ പ്രതികരിച്ചത്.

വിവാദത്തില്‍ താന്‍ മിണ്ടാതിരിക്കുന്നത് സ്ഥാനം മോഹിച്ചല്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ തുറന്നടിച്ചു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള കരുണാകരന്‍റെ രാജി അന്ന് അനാവശ്യമായിരുന്നു. ചതിച്ചത് ഒട്ടേറെപ്പേര്‍ ചേര്‍ന്നാണെന്നും പഴയകാര്യങ്ങള്‍ പറഞ്ഞാല്‍ വീണ്ടും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ വരെ ചതിച്ചുവെന്നും രമേശ് ചെന്നിത്തലയെ പരോക്ഷമായി സൂചിപ്പിച്ച് മുരളീധരന്‍ പറഞ്ഞു. പാമോലിന്‍കേസിലും രാജന്‍കേസിലും നടന്നത് കരുണാകരനെതിരെയുള്ള ഗൂഢാലോചനയെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.