ഡൽഹി മെട്രോയുടെ മജന്താ ലൈനിന്റെ ഉദ്ഘാടനത്തിനു മുഖ്യമന്ത്രി കെജരിവാളിനു ക്ഷണമില്ല: ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത് യോഗി ആദിത്യനാഥ്

single-img
23 December 2017

ഡൽഹി മെട്രോയുടെ മൂന്നാം ഘട്ടത്തിലുൾപ്പെട്ട മജന്താ ലൈനിന്റെ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു ക്ഷണമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ഡിസംബർ 25-നു മജന്താ ലൈൻ ഉദ്ഘാടനം ചെയ്യുന്നത്. മജന്താ ലൈനിന്റെ  കൽക്കാജി മന്ദിർ മുതൽ നോയിഡയിലെ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള ഭാഗമാണു ഇപ്പോൾ പണിപൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്. പശ്ചിമ ഡൽഹിയിലെ ജനക്പുരി സ്റ്റേഷൻ മുതൽ നോയിഡയിലെ ബൊട്ടാണിക്കൽ ഗാർഡൻ വരെയാണു മജന്താ ലൈൻ.

ഡൽഹി മുഖ്യമന്ത്രിയ്ക്ക് ക്ഷണമില്ലാത്ത ഉദ്ഘാടനച്ചടങ്ങിൽ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണു. നോയിഡയിലെ ബൊട്ടാണിക്കൽ ഗാർഡൻ സ്റ്റേഷനിൽ വെച്ചാണു ഉദ്ഘാടനവും ഫ്ലാഗ് ഓഫും നടക്കുന്നത്.

നോയിഡ ഉത്തർപ്രദേശിന്റെ കീഴിൽ വരുന്നതായതിനാൽ ആ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉത്തർപ്രദേശ് ഗവണ്മെന്റിന്റെ പങ്കാളിത്തവും ഉള്ളതിനാലാകാം യോഗി ആദിത്യനാഥിനെ ഉദ്ഘാടനത്തിനു ക്ഷണിച്ചത്.

എന്നാൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ എന്ന കമ്പനിയുടെ പകുതി ഉടമസ്ഥാവകാശം ഡൽഹി സർക്കാരിനാണു. ബാക്കി പകുതി കേന്ദ്രത്തിനും. കൂടാതെ ഡൽഹി സർക്കാരിന്റെ കീഴിലുള്ള ഭൂപ്രദേശത്തുകൂടിയുള്ള നിർമ്മാണത്തിനു ഡൽഹി സർക്കാരിന്റെ വിഹിതം നൽകുകയും ചെയ്യും. നിലവിൽ ഉദ്ഘാടനം ചെയ്യുന്ന ലൈനിന്റെ ഒരു ചെറിയ ഭാഗം മാത്രമാണു നോയിഡയിലൂടെ കടന്നു പോകുന്നത്. ബാക്കി ഭൂരിഭാഗവും ഡൽഹിയിലൂടെ തന്നെയാണു കടന്നു പോകുന്നത്.

ഈ സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രിയെ ചടങ്ങിലേയ്ക്ക് ക്ഷണിക്കാത്ത നടപടി തികച്ചും അപലപനീയമെന്നാണു വിലയിരുത്തപ്പെടുന്നത്. ട്വിറ്ററിൽ നിരവധിപേർ ഈ നടപടിയെ അപലപിച്ചിട്ടുണ്ട്.

എന്തുകൊന്റ് കെജരിവാളിനെ ക്ഷണിച്ചില്ല എന്ന ചോദ്യത്തിനു പ്രതികരിക്കാൻ ഡി എം ആർ സി അധികൃതർ തയ്യാറായില്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇതാദ്യമായല്ല ഡൽഹി മെട്രോയുടെ പുതിയ ലൈനിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നും കെജരിവാളിനെ ഒഴിവാക്കുന്നത്. 2015-ൽ വയലറ്റ് ലൈനിന്റെ നീളം വർദ്ധിപ്പിച്ച് ഹരിയാനയിലെ ഫരീദാബാദിനടുത്തുവരെ നീട്ടിയ ഭാഗത്തിന്റെ ഉദ്ഘാടനത്തിനും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.

ബ്ലൂ ലെയിനിനേയും യെല്ലോ ലെയിനിനേയും വയലറ്റ് ലെയിനിനേയും ബന്ധിപ്പിച്ചുകൊണ്ട് പോകുന്ന മജന്താ ലൈൻ എയർപ്പോർട്ട് മെട്രോ സ്റ്റേഷനിലൂടെയും കടന്നു പോകുന്നുണ്ട്. പശ്ചിമ ഡൽഹിയേയും ദക്ഷിണ ഡൽഹിയേയും നേരിട്ടു ബന്ധിപ്പിക്കുക വഴി ആ റൂട്ടിലെ ഗതാഗതം സുഗമമാക്കുന്ന ഒന്നായിരിക്കും മജന്താ ലൈൻ.