അവനൊപ്പം ലഡ്ഡു വിതരണം ചെയ്യുന്ന ഒരു സമൂഹത്തിൽ അവൾക്കൊപ്പം ഒരു ചെറു കൂട്ടത്തെ ഒന്നിപ്പിച്ചു നിർത്താൻ പങ്കുവഹിച്ച ഒരു സമരത്തിന്റെ ഓർമ്മയ്ക്ക്

single-img
2 November 2017
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരള നവോത്ഥാന ചരിത്രം ചുംബന സമരത്തിന് മുൻപും ശേഷവും എന്നാകും രചിക്കപ്പെടുക എന്ന കാര്യത്തിൽ സമരത്തെ എതിർക്കുന്നവർക്ക് പോലും തർക്കമുണ്ടാകാൻ ഇടയില്ല. വ്യക്തി സമൂഹം ശരീരം ലിംഗം പൊതുവിടം രാഷ്ട്രീയം ഭരണകൂടം ഫാസിസം അങ്ങനെ പല തലത്തിൽ രചിക്കപ്പെട്ട ഒരു സമരം ഈ സമീപ ഭൂതകാലത്തൊന്നും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. വെറുമൊരു ലക്ഷ്യപ്രാപ്തിക്കുള്ള സമരം എന്നതിൽ ഉപരിയായി ഉയർത്തിവിട്ട രാഷ്ട്രീയത്തിന്റെ തുടർ ചലനങ്ങളുടെ ഒരു പരമ്പര തന്നെ ഇണ മുറിയാതെ നിലനിർത്താൻ അതിന് കഴിയുന്നുണ്ട്.
 
സംഘടിത മത മിഷനറി സംവിധാനങ്ങളും രാഷ്ട്രീയ ആൾക്കൂട്ട സംവിധാനങ്ങളും പൊതുബോധവും പോലീസും ഭരണകൂടവും എല്ലാം സർവസന്നാഹങ്ങളും ഉപയോഗിച്ച് പലവട്ടം ഇല്ലാതാക്കാൻ നോക്കിയിട്ടും അതിനെയൊക്കെ അതിജീവിച്ചു ഉയർത്തിവിട്ട രാഷ്ട്രീയം ഇങ്ങനെ ചുഴലികാറ്റു പോലെ സമൂഹത്തിൽ കറക്കികൊണ്ടിരിക്കൻ അതിനു കഴിയുന്നുണ്ട്. സംഘടനാ സംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒരു പ്രത്യേക ആശയത്തെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം മനുഷ്യർ സോഷ്യൽ മീഡിയ വഴി തെരുവിൽ എത്തുന്നു. സമര ശേഷം ആ കൂട്ടം അങ്ങനെ തന്നെ വികേന്ദ്രീകരിച്ചു പോകുന്നു. മലയാളിക്ക് തെല്ലും ശീലമില്ലാത്ത ഒരു സംഘാടന രീതിയായിരുന്നു ചുംബന സമരം. സംഘാടനം എന്ന വാക്കുതന്നെ അവിടെ ശരിയല്ല. അതുകൊണ്ട് തന്നെ ആശയപരമായി സമരപക്ഷത്തു വരേണ്ട സംഘടിത രാഷ്ട്രീയ സംവിധാനങ്ങളെ പോലും അത് ആശങ്കപ്പെടുത്തി.
 
സമരത്തെ ഇല്ലാതാക്കാനുള്ള ഭരണകൂട ആക്രമണങ്ങൾ ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നു മയക്കുമരുന്ന് മാവോയിസ്റ് വിദേശ ഫണ്ട്‌ അങ്ങനെ പല രൂപത്തിൽ അത് തുടക്കം മുതൽ നിലനിന്നിരുന്നു. അതിൽ ഏറ്റവും ഒടുവിൽ നടന്ന ഭരണകൂട ആക്രമണമായാണ് എന്റെയും രാഹുലിന്റെയും അറസ്റ്റിനെയും അതിനെ തുടർന്ന് ഭരണകൂടം മുൻകൈ എടുത്തു പ്രചരിപ്പിച്ച ചാർജ് ചെയ്യപ്പെട്ട കേസുമായി പുലബന്ധം പോലുമില്ലാത്ത കഥകളെയും ഞാൻ വിലയിരുത്തുന്നത്.
 
ആശയങ്ങളെ ഇല്ലാതാക്കാൻ ഏറ്റവും കൂടുതൽ വിജയം നേടിയിട്ടുള്ള മാർഗം അതിനെ വിഗ്രഹവൽക്കരിക്കുകയും വിഗ്രഹത്തെ ഉടച്ചു കളയുക എന്നതുമാണ്. ആ അജണ്ടയുടെ ആദ്യ പടി ആയിരുന്നു മനഃപൂർവം രാഹുലിനെ സമരത്തിന്റെ നേതാവാക്കിയത്. മനോരമ പോലുള്ള വലതുപക്ഷ മാധ്യമങ്ങൾ ഒരു പടി കടന്നു വാർത്താതാരമായും മറ്റും ഉയർത്തിക്കാട്ടി രാഹുൽ എന്ന പേര് സമരത്തിന്റെ മുകളിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയായിരുന്നു. അന്ന് ആ ന്യൂസ് മേക്കർ മത്സരത്തിൽ നിന്നും രാഹുൽ സ്വയമേ പിന്മാറണം എന്നതായിരുന്നു വ്യക്തിപരമായി എന്റെ നിലപാട്. എന്നാൽ ആശയങ്ങൾ പ്രചരിപ്പിക്കാൻ ലഭിക്കുന്ന വേദികൾ കളയേണ്ടതില്ല എന്ന ഒപ്പം നിന്ന ഭൂരിപക്ഷ അഭിപ്രായം ഞാനും കൈക്കൊണ്ടു. സമരത്തിൽ അത്തരത്തിൽ ഒരു നേതാവുള്ളതായി രാഹുലോ മറ്റാരെങ്കിലുമോ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. സ്വാഭാവികമായി സമര നിലപാടുകൾ പറയാൻ മാധ്യമങ്ങളിൽ എത്തിയിട്ടുണ്ട് പ്രസ്താവനകളും വാർത്താ സമ്മേളനങ്ങളും നടത്തിയിട്ടുണ്ട് അന്നതൊക്കെ അനിവാര്യമായിരുന്നു. പലപ്പോഴും രാഹുലിന്റെ രാഷ്ട്രീയ വ്യക്തതയില്ലായ്മ തിരിച്ചടിയായിട്ടും ഉണ്ട്.
 
അതൊരു ഭരണകൂട ആക്രമണമാണ് എന്ന വാദം മുന്നോട്ടു വയ്ക്കാൻ എനിക്ക് എന്റേതായ യുക്തിപരമായ കാരണങ്ങൾ ഉണ്ട്. അതിന് മുൻപോ ശേഷമോ അത്തരത്തിൽ ഒരു അറസ്റ്റിനെ കുറിച്ച് ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ ഒരു പോലീസ് ഐ ജി ചാനൽ സ്റ്റുഡിയോകൾ തോറും കയറി ഇറങ്ങിയ സംഭവം ഉണ്ടായിട്ടില്ല. അതിലേറെ വാർത്താ പ്രാധാന്യം ഉണ്ടായ നടൻ ദിലീപ് മുഖ്യപ്രതിയായ കൂട്ടബലാൽസംഗ കേസിൽ അറസ്റ്റിനു മുമ്പും ശേഷവും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് എങ്ങനെയാണ് ഇടപെട്ടത് എന്ന് പരിശോധിച്ചാൽ കൂടുതൽ വ്യക്തമാകും.
 

ഐജി ശ്രീജിത്ത്

മേൽപ്പറഞ്ഞ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞവയൊക്കെ പരിശോധിച്ചാൽ കുറ്റം ആരോപിക്കപ്പെട്ട എഫ് ഐ ആറുമായി പുലബന്ധം ഇല്ലാത്ത കാര്യങ്ങൾ ആണ്. അൽപ്പമെങ്കിലും വസ്തുതകളുമായി അടുത്തു നിൽക്കുന്നത് The news minute എന്ന ഇംഗ്ലീഷ് ന്യൂസ് പോർട്ടൽ നടത്തിയ അഭിമുഖമാണ്. അതാവട്ടെ അദ്ദേഹത്തിന്റെ ഭാവനയ്ക്ക് കാര്യങ്ങൾ വിട്ട് കൊടുക്കാതെ കൃത്യമായ ചോദ്യങ്ങളിൽ കൂടിയുള്ള അവതരണവും. ചില ചാനൽ ചർച്ചകളിൽ അദ്ദേഹം സ്വന്തം പദവിയെ പോലും മറന്നു ശരീത്തിനു വിലപേശുന്ന നിലയിലേക്ക് താഴുകയും ചെയ്തു. ഭരണകൂട താല്പര്യം ഇല്ലാതെ ഒരു ഐ പി എസ് ഉദ്യോഗസ്ഥനു എത്ര തന്നെ ആഗ്രഹമുണ്ടായാലും ഇത്തരത്തിൽ പെരുമാറാൻ കഴിയില്ല എന്നതാണ് വസ്തുത.

 
അറസ്റ്റിനു ശേഷം എനിക്ക് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളും ഏകദേശം ഇത്തരത്തിൽ ആയിരുന്നു. ബലമായി മുഖം തുണി കൊണ്ട് മൂടി മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ട് പോയത് മുതൽ.  ഏഴു ദിവസത്തെ കസ്റ്റഡി ആണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത് തെളിവെടുപ്പിനായി ബാംഗ്ലൂർ കൊണ്ട് പോകണം എന്നാണ് പോലീസ് കോടതിയിൽ പറഞ്ഞത് എന്നാൽ അങ്ങനെയൊന്നു ഉണ്ടായില്ല ആറു ദിവസവും ഒരു മുറിയിൽ ഒറ്റയ്ക്ക് അടച്ചിടുക എന്നതായിരുന്നു രീതി. അങ്ങനെ മാനസിക സമ്മർദ്ദത്തിൽ ആയ എന്നെ ഐ ജി ശ്രീജിത്തിനു മുന്നിൽ കൊണ്ട് പോകുകയും സമരവുമായി ബന്ധപ്പെട്ടു നിന്ന മനുഷ്യരുടെ പ്രസ്താവനകൾ ഫേസ്ബുക്ക് പോസ്റ്റുകൾ എന്ന രീതിയിൽ എന്നെ അധിക്ഷേപിക്കുന്ന പലതും വായിച്ചു കേൾപ്പിച്ചു. ഹരീഷ് വാസുദേവൻ കെ കെ ഷാഹിന എന്നിവർ എഴുതി എന്ന രീതിയിൽ പോസ്റ്റുകൾ കാട്ടി. ഇവരിൽ പലരും എനിക്കെതിരെ മൊഴി നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നും പറഞ്ഞു. എന്നാൽ ഇവരൊക്കെ ആ സമയം നടത്തിയ പ്രസ്താവനകളുടെ വിപരീത കാര്യങ്ങൾ ആണ് എന്നെ മനഃപൂർവം കേൾപ്പിച്ചത്. ആ ഇമോഷണൽ ബ്ലാക്മെയിലിംഗിന് ശേഷം ഒരു മനോരമ ലേഖകനെ മുന്നിൽ ഇരുത്തി അഭിമുഖം നൽകാൻ കൂടി നിർബന്ധിച്ചു എന്നാകുമ്പോൾ ആണ് കാര്യങ്ങളുടെ യഥാർത്ഥ ലക്ഷ്യം മനസിലാക്കുക. അത്തരത്തിൽ ഒരു അഭിമുഖം നൽകാൻ തയ്യാറാകാതിരുന്നപ്പോൾ മനോരമ വ്യാജമായി അഭിമുഖം നൽകി.
 
അതിന് ശേഷമാണ് ഇടതുപക്ഷത്തെ ചില യുവ നേതാക്കളെ പേരെടുത്തു പറഞ്ഞു മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാം എന്ന പ്രലോഭനം ഉണ്ടാകുന്നത്. എന്നാൽ വഴങ്ങാതിരുന്നപ്പോൾ പ്രലോഭനം ഭീഷണിആയി മാറി. കർണാടകത്തിൽ കുടി ഇത്തരത്തിൽ ഒരു കേസ് ചാർജ് ചെയ്യും എന്നായിരുന്നു ഭീഷണി. വഴങ്ങാതിരുന്നപ്പോൾ ബാംഗ്ലൂർ കമ്മീഷണർക്ക് ഞാനടക്കം ആറു പേരെ പ്രതികളാക്കി അവിടെ ഒരു ബലാൽസംഗ കേസ് ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടു കത്തയച്ചു. പോലീസ് കസ്റ്റഡിയുടെ അവസാന ദിവസവും ആ കത്ത് കാട്ടി ഭീഷണിയും വിലപേശലും തുടർന്നു. എപ്പോഴെങ്കിലും തങ്ങളുടെ ഉദ്ദേശത്തിനു വഴങ്ങും എന്ന് കരുതിയാകും ശാരീരിക പീഡനത്തിന് മുതിർന്നില്ല.
 
കേരളാ പോലീസ് ആവശ്യപ്പെട്ടത് പ്രകാരം കേസെടുത്ത കർണാടക പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച ശേഷമാണു എനിക്ക് ജാമ്യം ലഭിച്ചത്. കേരളാ പോലീസ് അയച്ച ഒരു കത്തല്ലാതെ മറ്റൊന്നും എന്റെയോ രാഹുലിന്റെയോ പേരിൽ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് കുറ്റപത്രത്തിന്റെ സംഗ്രഹം. അതിന് ശേഷമാണ് എനിക്ക് പ്രസ്തുത കുറ്റകൃത്യത്തിൽ പങ്കൊന്നും ഇല്ല കിസ്സ് ഓഫ് ലവ്വിന്റെ ഭാഗമായിരുന്നത് കൊണ്ട് ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു എന്ന് ഉത്തരവിൽ വ്യക്തമാക്കി കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
 
ആദ്യം ചാർജ് ചെയ്ത കേരളത്തിലെ കേസിൽ, എല്ലാ തെളിവുകളോടെയും നടന്ന അറസ്റ്റ് എന്ന് പോലീസ് അവകാശപ്പെട്ട കേസിൽ ഇപ്പോഴും കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടില്ല. അവസാനമായി പോലീസ് ഈ വിഷയത്തിൽ നടത്തിയ പ്രതികരണം ഏകദേശം ഒരു വർഷം മുൻപ് ഐജി ശ്രീജിത്ത് ഹിന്ദുസ്ഥാൻ ടൈംസിനോടാണ്. തെളിവുകൾ ശേഖരിച്ചു വരികയാണ് ഉടനെ സമർപ്പിക്കും എന്നായിരുന്നു പ്രതികരണം. വീണ്ടും ഒരു വർഷം കഴിയുന്നു മൊത്തത്തിൽ രണ്ടു വർഷം  അദ്ദേഹം ഇപ്പോഴും തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും തരത്തിൽ ഈ വിഷയത്തിൽ പ്രതികരിച്ചാൽ വീണ്ടും കേസിൽ പെടുത്തും എന്ന ഭീഷണി  പല കോണിൽ നിന്നും കഴിഞ്ഞ ഒരു വർഷക്കാലം പല തവണ ഉണ്ടായി.
 
വ്യക്തിപരമായി എനിക്കൊ രാഹുലിനോ ഭരണകൂട പ്രതിനിധികളുമായോ പോലീസ് ഉദ്യോഗസ്ഥരുമായോ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും വ്യക്തിപരമായ കാരണം കൊണ്ട് ഉള്ള പ്രതികാരമായി വിശ്വസിക്കാൻ എനിക്ക് കഴിയില്ല. ഇത്രയും സംഘടിതമായ ഒരു ഗൂഢാലോചനയും പ്രവർത്തനവും ഏതെങ്കിലും ഒരു വ്യക്തിപരമായ കാരണത്തിന്റെ പേരിൽ ഉണ്ടാകും എന്ന് കരുതുന്നത് യുക്തിസഹം അല്ലല്ലോ. പൊതുവിൽ നമ്മൾ ആദ്യം ചർച്ച ചെയ്ത എല്ലാ സംവിധാനങ്ങളെയും എന്റെ എതിർ ചേരിയിൽ അണിനിരത്തുന്നത് ചുംബന സമരമാണ്. ഇത്രയേറെ ശാരീരിക മാനസിക പീഡനങ്ങളെ അതിജീവിക്കാൻ എനിക്ക് കഴിയുന്നതും ആ രാഷ്ട്രീയ തെളിമയിൽ ആണ്.
 
ചുംബന സമരശേഷം പിരിഞ്ഞ ആ കൂട്ടം പിന്നെയും പല സമര മുഖങ്ങളിലും ഒന്നിക്കുന്നുണ്ട് ആ അസംഘടിതമായ സംഘടിത കൂട്ടം ഇവിടെ തന്നെ ഉണ്ട് എന്നത് ചിലർക്കൊരു ആശ്വാസവും മറ്റു ചിലർക്ക് ആശങ്കയുമാണ്. അവനൊപ്പം നിന്നു ലഡ്ഡു വിതരണം ചെയ്യുന്ന ഒരു സമൂഹത്തിൽ അവൾക്കൊപ്പം എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറയാൻ കഴിയുന്ന ഒരു ചെറു കൂട്ടത്തെ ആ സമരം അതിന്റെ രാഷ്ട്രീയ അലകൾക്കൊപ്പം ഒന്നിപ്പിച്ചു നിർത്തിയിട്ടുണ്ട് അവർ ഇവിടെ തന്നെയുണ്ട് എപ്പോൾ വേണമെങ്കിലും ഓടിക്കൂടാൻ കഴിയുന്ന അകലത്തിൽ.