ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു പച്ചക്കൊടി: 13 ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ലീഗിനും ഐസിസിയുടെ അംഗീകാരം

single-img
13 October 2017

ക്രിക്കറ്റ് ലോകം ഏറെക്കാലമായി ആവശ്യപ്പെടുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു പച്ചക്കൊടി. ഇന്ന് ന്യൂസിലന്‍ഡില്‍ ചേര്‍ന്ന ഐസിസി യോഗത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത്.

ഒമ്പത് ടീം കളിക്കുന്ന ടെസ്റ്റ് ലീഗിനും 13 ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ലീഗിനും ഐ.സി.സി തത്വത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് അംഗീകാരം നല്‍കാന്‍ ഐസിസി തയ്യാറായത്.

രണ്ട് വര്‍ഷമായി നീണ്ടു നില്‍ക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് ടീമുകളാണ് പങ്കാളികളാകുക. ഓരോ ടീമും സ്വന്തം ഗ്രൗണ്ടിലും എതിര്‍ ടീമിന്റെ ഹോം ഗ്രൗണ്ടിലും മൂന്ന് പരമ്പരകള്‍ വീതം കളിക്കും.

ഓരോ പരമ്പരയിലും ചുരുങ്ങിയത് മൂന്ന് മത്സരവും പരമാവധി അഞ്ച് മത്സരവുമാണ് നടക്കുക. ചാമ്പ്യന്‍ഷിപ്പിന്റെ അവസാനം അന്തിമ ജേതാക്കളെ നിര്‍ണയിക്കാനായി ഫൈനലും ഉണ്ടാകും.

ഏകദിന ലീഗില്‍ 12 മുഴുവന്‍ സമയ അംഗങ്ങളും ഐസിസി ലോക ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പിലെ വിജയികളുമാണ് മാറ്റുരയ്ക്കുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് 2019ലും ഏകദിന ലീഗിന് 2020ലും തുടക്കം കുറിക്കും.

മൂന്ന് മത്സരങ്ങള്‍ അടങ്ങിയ 4 പരമ്പരകള്‍ സ്വന്തം മണ്ണിലും 4 പരമ്പരകള്‍ എതിര്‍ ടീമിന്റെ ഗ്രൗണ്ടിലുമാണ് പ്രാഥമിക ഘട്ടത്തില്‍ ഓരോ ടീമും കളിക്കുക. രണ്ടാം ഘട്ടത്തില്‍ ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും.

അതേസമയം സിംബാവെ, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ ടീമുകളെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കില്ല.രണ്ട് രാജ്യങ്ങള്‍ കളിക്കുന്നു എന്നതിന് അപ്പുറം ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര മാനം ഈ പരമ്പര ഉണ്ടാക്കുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്റ് പറയുന്നത്.