അമിത് ഷായുടെ മൊഴിയ്ക്ക് മായാ കോഡ്നാനിയെ രക്ഷിക്കാനാകില്ല: നരോദ ഗാം കേസിലെ ഇരകളുടെ അഭിഭാഷകൻ ഷംഷാദ് പഠാൻ ഇ വാർത്തയോട്

single-img
19 September 2017


ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മൊഴികൊണ്ട് മായാ കോഡ്നാനിയെ രക്ഷിക്കാൻ കഴിയില്ലെന്ന് നരോദാ ഗാം കേസിലെ ഇരകളുടെ അഭിഭാഷകൻ ഷംഷാദ് പഠാൻ. ഇ വാർത്തയ്ക്കനുവദിച്ച പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണു പഠാൻ ഇങ്ങനെ പറഞ്ഞത്.

നരോദാ ഗാം കൂട്ടക്കൊല നടന്ന 2002 ഫെബ്രുവരി 28-നു രാവിലെ മായാ ബെൻ കോഡ്നാനിയെ താൻ ഗുജറാത്ത് നിയമസഭയിലും സോളാ സിവിൽ ആശുപത്രിയിലും വെച്ച് കണ്ടിരുന്നു എന്ന് കേസിന്റെ വിചാരണ നടക്കുന്ന സെഷൻസ് കോടതിയിൽ  അമിത് ഷാ ഇന്നലെ മൊഴി നൽകിയിരുന്നു. താൻ നരോദാ ഗാമിൽ അക്രമം നടത്തിയ ആളുകളെ നയിച്ചുവെന്ന ആരോപണം തെറ്റാണെന്നും തത്സമയം താൻ ഗുജറാത്ത് നിയമസഭയിലും സിവിൽ ആശുപത്രിയിലും ഉണ്ടായിരുന്നുവെന്നതിനു അമിത് ഷാ സാക്ഷിയാണു എന്നും മായാ കോഡ്നാനി കോടതിയിൽ മൊഴിനൽകിയതിനെത്തുടർന്നായിരുന്നു അമിത് ഷായെ കോടതി വിളിച്ചുവരുത്തിയത്.

“രാവിലെ 8:30-നു മായാ കോഡ്നാനി നിയമസഭയിൽ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഞാൻ സോളാ സിവിൽ ആശുപത്രിയിലേയ്ക്ക് പോയപ്പോൾ അവരും അവിടേയ്ക്കെത്തിയിരുന്നു.  ഏകദേശം 11:00 am മുതൽ 11:30 am വരെയുള്ള സമയം അവർ സിവിൽ ആശുപത്രിയിൽ ഉണ്ടായിരുന്നു.” അമിത് ഷാ കോടതിയിൽപ്പറഞ്ഞു.

ഷംഷാദ് പഠാൻ

എന്നാൽ ഈ മൊഴി മായാ കോഡ്നാനിയ്ക്ക് സഹായകരമാകില്ല എന്നാണു നരോദാ ഗാം കൂട്ടക്കൊലക്കേസിലെ ഇരകളുടെ അഭിഭാഷകനും ജനസംഘർഷ് മഞ്ച് എന്ന സംഘടനയുടെ പ്രവർത്തകനുമായ ഷംഷാദ് പഠാൻ അഭിപ്രായപ്പെടുന്നത്.

“മായാ കോഡ്നാനി കലാപകാരികളെ നയിക്കുവാൻ നരോദയിൽ എത്തിയതു ഒൻപതു മണിക്കും പത്തുമണിക്കും ഇടയിലുള്ള സമയത്താണു. ഗുജറാത്ത് നിയമസഭയിൽ നിന്നും നരോദയിലേയ്ക്ക് കഷ്ടിച്ച് എട്ടു കിലോമീറ്റർ ദൂരമേയുള്ളൂ. എട്ടരയ്ക്ക് നിയമസഭയിലും പതിനൊന്നുമണിയ്ക്ക് സിവിൽ ആശുപതിയിലും വെച്ചാണു താൻ മായാ കോഡ്നാനിയെ കണ്ടതെന്നാണു അമിത് ഷായുടെ മൊഴി. ഇതിനിടയ്ക്കുള്ള സമയത്ത് അവർ എവിടെയായിരുന്നു എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിനു ‘അറിയില്ല’ എന്നായിരുന്നു അമിത് ഷാ മറുപടി പറഞ്ഞത്. അതുകൊണ്ടുതന്നെ അമിത് ഷായുടെ മൊഴി പ്രോസിക്യൂഷൻ വാദത്തെ ഖണ്ഡിക്കാൻ പോകുന്നില്ല,” പഠാൻ പറയുന്നു.

2002-ൽ അഹമ്മദാബാദിലെ നരോദ മുനിസിപ്പാലിയിൽ നടന്ന നരോദാ പാട്യ, നരോദാ ഗാം കൂട്ടക്കൊലകളുടെ സൂത്രധാരകയായിരുന്നു മായാ ബെൻ കോഡ്നാനി. ഈ കാലയളവിൽ ഗുജറാത്ത് നിയമസഭയിൽ നരോദ മണ്ഡലത്തിന്റെ എം എൽ ഏ ആയിരുന്നു ഇവർ. രാഷ്ട്രീയത്തി വരുന്നതിനു മുൻപ് ഗൈനക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്തിരുന്ന മായാ കോഡ്നാനിയാണു നരോദാ പാട്യയിലും നരോദാ ഗാമിലും കൂട്ടക്കൊല നടത്താനെത്തിയ അയ്യായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നയിച്ചത്. ഇതിൽ നരോദാ പാട്യക്കേസിൽ 2012 ഓഗസ്റ്റ് 29-നു മായാ കോഡ്നാനിയെ പ്രത്യേക വിചാരണക്കോടതി ജഡ്ജി 28 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. 2007 മുതൽ 2009 വരെ ഗുജറാത്ത് മന്ത്രിസഭയിൽ വനിതാ ശിശുക്ഷേമ ശിശുവകുപ്പ് മന്ത്രിയായിരുന്ന കോഡ്നാനിയെ 2009-ൽ നരോദ കേസിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിനു ശേഷമാണു കോഡ്നാനി രാജിവെയ്ക്കുന്നത്. 125 പേരാണു നരോദ പാട്യയിൽ കൊല്ലപ്പെട്ടത്.

“പ്രതികളുടെ, പ്രത്യേകിച്ചും ആദ്യത്തെ ഏഴു പ്രതികളുടെ ( മായാ കോഡ്നാനി, ബാബു ബജ്രംഗി തുടങ്ങിയവർ) ബീഭത്സവും കിരാതവുമായ പ്രവൃത്തികൾ മനുഷ്യത്വമില്ലായ്മയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണു. 96 മനുഷ്യരെ മുസ്ലീം അധിവാസ പ്രദേശത്തിട്ട് ജീവനോടെ കത്തിച്ചുകൊന്ന ക്രൂരകൃത്യം ഭയാനകമാണു.” എന്നാണു നരോദ പാട്യ കേസിന്റെ വിധിപ്രസ്താവത്തിൽ ജസ്റ്റിസ് ജ്യോത്സ്ന യഗ്നിക് പറഞ്ഞത്.

നരോദാ ഗാമിൽ പതിനൊന്നു പേർ കൊല്ലപ്പെട്ടിരുന്നു. നരോദാ ഗാം കേസിന്റെ വിചാരണയാണു ഇപ്പോൾ നടക്കുന്നത്.

“ രാവിലെ നരോദയിലെത്തിയ മായാ കോഡ്നാനിയാണു നരോദാ പാട്യയിലും നരോദാ ഗാമിലും കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത്. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ച് ആക്രമണത്തിനു പ്രേരിപ്പിച്ചതും ആയുധങ്ങൾ വിതരണം ചെയ്യാൻ നേതൃത്വം നൽകിയതും അവരാണു. വാളുകളും കത്തികളും കൂടാതെ പെട്രോൾ ബാരലുകളും ഗ്യാസ് സിലിൻഡറുകളും അവർ കൊണ്ടുവന്നിരുന്നു. ക്രൂരമായ ആക്രമണമാണു നടന്നത്.” ഷംഷാദ് പഠാൻ പറഞ്ഞു.

എൽ പി ജി സിലിൻഡറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്തും ആളുകളെ ഓടിച്ചിട്ടു വെട്ടിയും കുത്തിയും കൊലപ്പെടുത്തിയും മുന്നേറിയ അക്രമികൾ നിരവധി സ്ത്രീകളെ പരസ്യമായി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. നിരവധിപേരെ ഓടിച്ചു വലിയ കുഴികളിൽ ചാടിച്ച ശേഷം അവിടെയിട്ടു ജീവനോടെ കത്തിക്കുകയും ചെയ്തിരുന്നു. നരോദ പാട്യയിൽ കൊല്ലപ്പെട്ടവരിൽ 36 സ്ത്രീകളും 35 കുട്ടികളും ഉൾപ്പെടും.

“മായാ കോഡ്നാനി അന്നു എം എൽ ഏ ആയിരുന്നു എന്നതാണു പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അതു അവർ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൌരവം വർദ്ധിപ്പിക്കുന്നു. പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന വി എസ് ഗോയലും അക്രമകാരികളുടെ കൂടെ നിന്നു അവരെ നയിക്കുകയായിരുന്നു. അയാളും കേസിൽ പ്രതിയാണു.” പഠാൻ ഇ വാർത്തയോട് പറഞ്ഞു.

എന്നാൽ നരോദ പാട്യ കേസിന്റെ വിചാരണ നടക്കുന്ന കാ‍ലത്ത് അമിത് ഷാ മായാ കോഡ്നാനിയ്ക്കനുകൂലമായി മൊഴിനൽകിയിരുന്നില്ല എന്ന് പഠാൻ പറയുന്നു.

“അന്നു പ്രത്യേക അന്വേഷണ സംഘം നോട്ടിഫിക്കേഷൻ ഇറക്കിയിരുന്നു. കലാപത്തെക്കുറിച്ചു അറിയാവുന്ന ആർക്കുവേണമെങ്കിലും എസ് ഐ ടിയെ സമീപിച്ച് മൊഴികൊടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ അന്നു അമിത് ഷാ അതു ചെയ്തില്ല. അന്ന് മായാ കോഡ്നാനിയെ രക്ഷിക്കുക എന്നൊരു അജണ്ട അമിത് ഷായ്ക്ക് ഉണ്ടായിരുന്നില്ല. അദ്ദേഹം ഈ കേസുമായി സ്വയം ബന്ധപ്പെടുത്താതിരിക്കാൻ പരമാവധി ശ്രദ്ധിച്ചതാകണം. “ പഠാൻ പറയുന്നു.

“എന്നാൽ ഇപ്പോൾ കോഡ്നാനി ആവശ്യപ്പെട്ടതുപ്രകാരം മൊഴിനൽകിയെങ്കിലും ആർക്ക് ആ മൊഴി സഹായകരമാകില്ല. എട്ടുമണിക്കും പതിനൊന്നുമണിക്കും ഇടയിൽ അവർ എവിടെയായിരുന്നു എന്ന ചോദ്യത്തിനു തനിക്കറിയില്ല എന്ന മറുപടിയാണു അമിത് ഷാ നൽകിയത്” പഠാൻ തുടരുന്നു.

എന്നാൽ ഇപ്പോൾ മായാ കോഡ്നാനി നിരപരാധിയാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന നാടകങ്ങൾക്കു പിന്നിൽ കലാപം ഹിന്ദുത്വ അജണ്ടയാണെന്നാണു പഠാൻ ആരോപിക്കുന്നത്. കേസിൽ ഇതുവരെ ഇടപെടാതിരുന്ന അമിത്ഷാ കോടതിയിലെത്തിയത് അത്തരമൊരു നാടകത്തിന്റെ ഭാഗമാകാമെന്ന് പഠാൻ വിലയിരുത്തുന്നു. ബിജെപിയുടെ വികസനവാദങ്ങൾ പൊളിഞ്ഞപ്പോൾ വീണ്ടും വർഗീയ കാർഡ് ഇറക്കാനുള്ള അജണ്ടയുടെ തുടക്കമാകാം ഇതെന്നാണു പഠാന്റെ നിഗമനം.

“മായാ കോഡ്നാനിയുടെ വിഷയം ചർച്ച ചെയ്യുന്നതിലൂടെ അവർക്കനുകൂലമായ ഹിന്ദുവികാരം ഉണർത്താനും അതുവഴി തെരെഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമാണു ബിജെപി ശ്രമിക്കുന്നത്.” പഠാൻ ആരോപിക്കുന്നു.