നിയമവും സ്ത്രീ സുരക്ഷയും; റവ:ഫാ:യബ്ബേസ് പീറ്റര്‍ (തോമ്പ്ര) എഴുതുന്നു…

സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ലൈംഗീകാതിക്രമങ്ങള്‍ ചെറുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് നിര്‍ഭയ

സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷനായുളള സമിതിയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ജില്ലാ കളക്ടര്‍ വൈസ് ചെയര്‍മാനുമായുളള ജില്ലാതല നിര്‍ഭയ കമ്മറ്റികളും സംസ്ഥാന തലത്തില്‍ പദ്ധതി സജീവമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന ഏത് തരം പീഡനങ്ങള്‍ക്കും, വനിതാ കമ്മീഷന്റെ നിലവിലുളള ജാഗ്രതാ സമിതികളെ സമീപിച്ച് പരിഹാരം തേടാം. വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

സ്ത്രീകള്‍ക്ക് എതിരെ മാത്രമായി കുറ്റകൃത്യങ്ങള്‍ നടക്കുന്നതു കൊണ്ടാണ് ഇവര്‍ക്ക് നിയമത്തിന്റെ പ്രത്യേക സംരക്ഷണം നല്‍കുന്നത്. കുറ്റകൃത്യത്തിന്റെ തിവ്രതയനുസരിച്ച് ശിക്ഷയും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സംഘടനകള്‍, ജനമൈത്രി പോലീസ്, റെസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹായത്തോടെ, ലൈംഗികാതിക്രമങ്ങള്‍ തടയല്‍, ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയാവുന്നവരെ രക്ഷപ്പെടുത്തല്‍, അവരുടെ സംരക്ഷണം, പുനരധിവാസം തുടങ്ങിയവയാണ് നിര്‍ഭയയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ലൈംഗീക പീഡനത്തിന് വിധേയരാവുന്നവര്‍ക്ക് മനശാസ്ത്രപരമായ കൗൺസിലിംഗും വൈദ്യ സഹായവും നിയമ സഹായവും പദ്ധതിയുടെ ഭാഗമായി നല്‍കുന്നു. പീഡനത്തിനിരയായവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ക്രൈസിസ് സെല്ലുകള്‍, കുറ്റകൃത്യങ്ങള്‍ നടക്കുന്നതോ നടക്കാനിടയുളളതോ ആയ ഇടങ്ങള്‍ കണ്ടെത്തി, അവിടെ പ്രത്യേക നിരിക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ഇതൊക്കെ നിര്‍ഭയ പദ്ധതിയുടെ കീഴില്‍ വരുന്ന കാര്യങ്ങളാണ്.

പീഡനം അനുഭവിച്ച സ്ത്രീകള്‍ക്ക്, വരുമാനദായക സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സാമ്പത്തിക സഹായവും നല്‍കും. സൗജന്യ വൈദ്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അനുവദിക്കും.

ആസിഡ് ആക്രമണം, ലൈംഗീകാതിക്രമം, ഒളിഞ്ഞ് നോട്ടം, പിന്‍തുടര്‍ന്ന് ശല്ല്യം ചെയ്യല്‍ തുടങ്ങിയവ ഈ നിയമ നിര്‍മ്മാണത്തിലൂടെ ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍ പുതുതായി ചേര്‍ത്തവയാണ്.

നിയമത്തിന്റെ പരിധിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം ബലാല്‍സംഗം മാത്രമല്ല ലൈംഗീകാതിക്രമം എന്ന വാക്കാണ് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാല്‍സംഗം അടക്കമുളള ലൈംഗീകാക്രമണങ്ങള്‍ എല്ലാം ഇതിന് കീഴില്‍പ്പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. അതിക്രമത്തിന് എതിരെ ശാരീരികമായ ചെറുത്ത് നില്‍പ്പ് ഉണ്ടായോ ഇല്ലയോ എന്നത് പ്രസക്തമല്ലന്നും ഭേദഗതി പറയുന്നു. പലപ്പോഴും ഇരയുടെ സമ്മതത്തോടെയാണ് അക്രമണം നടന്നതെന്ന് വരുത്താന്‍ പ്രതിഭാഗം ശ്രമിക്കുകയും ഈ പഴുതിലൂടെ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആണ് ഇത്തരമൊരു വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്. സമ്മതത്തോടെ ലൈംഗികവേഴ്ചയ്ക്കുളള പ്രായപരിധി 16 എന്നതില്‍ നിന്ന് 18 ആയി ഉയര്‍ത്തിയതാണ് മറ്റൊരു സാരമായ മാറ്റം.

18 ല്‍ താഴെ പ്രായമുളള പെണ്‍കുട്ടികളുമായി സമ്മതത്തോടെയുളള ലൈംഗികാവേഴ്ച നടത്തിയാലും അത് ബലാല്‍സംഗം ആകും. പുതുയായി ചേര്‍ത്ത കുറ്റകൃത്യങ്ങള്‍ക്കുളള ശിക്ഷയും നിയമത്തില്‍ ഉണ്ട്. ആസിഡ് ആക്രമണത്തിന് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവ് ശിക്ഷ ലഭിക്കാം. 10 ലക്ഷം രൂപ വരെ പിഴയും വിധിക്കാനാവും. ആസിഡ് ആക്രമണത്തിനുളള ശ്രമമാണെങ്കില്‍ 5 മുതല്‍ 7 വര്‍ഷം വരെ ജയില്‍ വാസവും പിഴയും ശിക്ഷ ലഭിക്കാം. ഒളിഞ്ഞ് നോട്ടത്തിന് ആദ്യ തവണ 1 വര്‍ഷത്തില്‍ കുറയാത്ത തടവാണ് കുറഞ്ഞ ശിക്ഷ ഇത് മൂന്ന് വര്‍ഷം വരെ നീളാം, പിഴയും ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്തതും ഏഴു വര്‍ഷം വരെ നീട്ടാവുന്നതുമായ തടവും പിഴയും ശിക്ഷ കിട്ടാം . സ്വകാര്യമായി സ്ത്രീകളെ നീരിക്ഷിക്കുന്നത് ഒളിഞ്ഞ് നോട്ടത്തിന്റെ പരിധിയില്‍ വരും.

ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകളുടെ ചിത്രമെടുക്കുന്നത് ശിക്ഷാര്‍ഹമാണ്. പിന്‍തുടര്‍ന്ന് ശല്ല്യം ചെയ്യലിന് വിപുലമായ നിര്‍വചനമാണ് നിയമം നല്‍കുന്നത്. ഒരു വ്യക്തിയുടെ അനിഷ്ടം അവഗണിച്ച് വ്യക്തി ബന്ധം സ്ഥാപിച്ചെടുക്കണമെന്ന ഉദ്ദേശ്യത്തോടെ തുടര്‍ച്ചയായി പിന്‍തുടരുകയും നിരിക്ഷിക്കുകയും ചെയ്താല്‍ അത് നിയമ പരിധിയില്‍ വരും. ഇത്തരം നീക്കം ഇരയാവുന്ന വ്യക്തിയില്‍ അതിക്രമത്തെക്കുറിച്ചുളള ഭയാശങ്കയും അസ്വസ്തയും സ്യഷ്ടിച്ചാല്‍ കുറ്റം ചെയ്തതായി കണക്കാക്കും. നടന്നും വാഹനത്തിലും മറ്റുമുളള പിന്‍തുടരല്‍ മാത്രമല്ല നിയമത്തിന്റെ പരിധിയില്‍ വരുക. ഇലക്‌ട്രോണിക്‌സ് സംവിധാനത്തിലൂടെയുളള പിന്‍തുടരലും നിയമത്തിലെ നിര്‍വചനത്തില്‍ വരും. ഇന്റര്‍നെറ്റോ, ഇ-മെയിലോ മറ്റ് സാമുഹിക മാധ്യമങ്ങളൊ ഉപയോഗിച്ച് ഈ കുറ്റം ചെയ്താലും ശിക്ഷ ലഭിക്കും.

ഭ്രൂണ പരിശോധനയും ഗര്‍ഭഛിദ്രവും അരുത്

ജീവിക്കുവാനുളള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണ്. അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് സുരക്ഷിതമാണെന്ന് (ചില സാഹചര്യങ്ങളില്‍ ഒഴികെ) ഉറപ്പുവരുത്തുകയാണ് ഈ നിയമത്തിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തി വിവരം ഗര്‍ഭിണിയെയോ ബന്ധുക്കളെയോ അറിയിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമായിട്ടാണ് കണക്കാക്കുക. ഇത് ആവര്‍ത്തിച്ചാല്‍ ശിക്ഷ അഞ്ചു വര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ്. 1971 ല്‍ പ്രാബല്യത്തില്‍ വന്ന ഗര്‍ഭഛിദ്ര നിയമത്തില്‍ (മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട്) പ്രകാരം സ്ത്രീയെ ഗര്‍ഭഛിദ്രത്തിന് ബലമായി നിര്‍ബന്ധിക്കുന്നത് കുറ്റകൃത്യമായി പറയുന്നു. ഗര്‍ഭിണിയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ജീവനോ ശാരീരകവും മാനസികവുമായ ആരോഗ്യത്തിനോ അപകടമാണങ്കിലോ ബലാല്‍സംഗം മൂലമോ ആണ് ഗര്‍ഭധാരണമെങ്കില്‍ മാത്രമേ നിയമം ഗര്‍ഭചിദ്രത്തിന് അനുവദിക്കുന്നുളളു.

12 ആഴ്ച വരെ എത്തിയ ഗര്‍ഭം അലസിപ്പിക്കുന്നതിന് ഒരു ഡോക്ടറുടെയും അതിന് മുകളില്‍ രണ്ട് ഡോക്ടര്‍മാരുടെയും ഉപദേശം ആവശ്യമാണ്. 20 ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ പാടില്ല എന്നും ഈ നിയമം വ്യവസ്ത ചെയ്യുന്നു.

ശൈശവ വിവാഹവും പാടില്ല

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി അവളെക്കാള്‍ ഇരട്ടി പ്രായമുളള പുരുഷന് വിവാഹം ചെയ്തു കൊടുക്കലക്കെ വാര്‍ത്തകളില്‍ മിക്കപ്പോഴും ഇടംപിടിക്കാറുളള സംഭവങ്ങളാണ്. എന്നാല്‍ ഇതിനെതിരെ ശക്തമായ നിയമസംവിധാനം തന്നെ നിലവിലുണ്ട് എന്നറിയുന്നവര്‍ പോലും ഇത്തരം പ്രവണതയ്‌ക്കെതിരെ രംഗത്ത് വരാറുമില്ല. പെണ്‍കുട്ടിയുടെ കുറഞ്ഞ വിവാഹപ്രായം 18 വയസ്സും ആണ്‍കുട്ടിയുടേത് 21 ആണ്. ഈ പ്രായത്തിന് മുന്‍പുളള വിവാഹം കുറ്റകൃത്യം ആണ്. 18 വയസ്സിന് താഴെ പ്രായമുളള പെണ്‍കുട്ടിയെ മുതിര്‍ന്ന പുരുഷന്‍ കല്ല്യാണം കഴിച്ചാല്‍ രണ്ടു വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും ശൈശവ വിവാഹം നടത്തിക്കെടുക്കുന്ന മാതാപിതാക്കള്‍ക്കും കൂട്ടു നില്‍ക്കുന്നവര്‍ക്ക് ഇത് ശിക്ഷ തന്നെ കിട്ടും ശൈശവ വിവാഹത്തെപ്പറ്റി പരാതി നല്‍കേണ്ടത് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രൊജക്ടിലെ ശിശു വികസന പദ്ധതി ഓഫീസര്‍ക്കാണ്.

വാങ്ങല്ലേ സ്ത്രീധനം

മതിയായ സ്ത്രീധനം കിട്ടിയില്ല എന്നതിന്റെ പേരില്‍ ഭര്‍തൃ വീട്ടില്‍ പീഡനം അനുഭവിക്കേണ്ടി വന്ന സ്ത്രീകളുടെ എണ്ണം എത്രയോ കൂടുതലായിരിക്കുന്നു. എന്നാലിപ്പോള്‍ ഈ പ്രവണതയ്ക്ക് അല്‍പം കുറവ് വന്നിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ പതിനയ്യായിരം രൂപയോ സ്ത്രീധനത്തുകയോ ഏതാണോ കുടുതല്‍ ആ തുക പിഴയായി ലഭിക്കുന്ന കുറ്റകൃത്യമാണ്. വിവാഹം നടന്ന് ഏഴുവര്‍ഷത്തിനുളളില്‍ അസ്വാഭവിക സാഹചര്യത്തില്‍ സ്ത്രീ മരിക്കാനിടയാവുകയും ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളൊ സ്ത്രീധനത്തിന് വേണ്ടി നടത്തിയ പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്ന് കണ്ടെത്തുകയും ചെയ്താല്‍ അത് ഇന്ത്യന്‍ ശിക്ഷ നിയമം 304 ബിപ്രകാരം സ്ത്രീധന പീഡനം മൂലമുളള മരണമാണ്. പ്രതികള്‍ക്ക് ജീവപര്യന്തം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണിത്.

വീടിനുളളില്‍ സുരക്ഷിതയാകാന്‍

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതാണ് 2005 ലെ ഗാര്‍ഹിക പീഡന നിയമം. പീഡനത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്ക് താമസം, സംരക്ഷണം, ജീവനാംശം, നഷ്ട പരിഹാരം, കുട്ടികളുടെ സംരക്ഷണം എന്നിവയ്ക്കുളള കോടതി ഉത്തരവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക്
1 വര്‍ഷം തടവോ 20,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്.

തൊഴിലിടങ്ങളിലെ സുരക്ഷ

വീട്ടില്‍ മാത്രമല്ല തൊഴിലിടങ്ങളിലും പല സ്ത്രീകളും സുരക്ഷിതരല്ല. തൊഴില്‍ നഷ്ടപ്പെട്ടാലോ എന്ന് ഭയന്ന് ഈ കാര്യം പുറത്ത് പറയാത്തവരാകും അധികവും. 1994 സുപ്രീ കോടതി പുറപ്പെടുവിച്ച വിധിന്യായം തൊഴില്‍ സ്ഥലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ഇത്തരം ലൈംഗിക പീഡനങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് കൊണ്ടുളളതാണ്. തൊഴിലിടങ്ങളിലെ സ്ത്രീകളിലെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഉളള മാര്‍ഗ്ഗ രേഖകള്‍ തൊഴില്‍ സ്ഥാപനങ്ങല്‍ വിജ്ഞാപനം ചെയ്തിരിക്കണം.

സ്വാകാര്യ തൊഴിലുടമകള്‍ക്കം ഈ വിധി ബാധകമാണ്. മേല്‍ ഉദ്ദേഗ്യസ്ഥരില്‍ നിന്ന് സഹപ്രവര്‍ത്തകരില്‍ നിന്നോ ഉളള ലൈംഗിക പീഡനങ്ങള്‍, ലൈംഗിക ചുവയുളള വാക്ക്, നോട്ടം, സ്പര്‍ശം തുടങ്ങിയവയില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഈ നിയമത്തിലൂടെ സാധിക്കും. ഒരു സ്ത്രീ നേതൃത്വം നല്‍കുന്നതും പകുതിയില്‍ അധികം അംഗങ്ങളും സ്ത്രീകളായിരിക്കുന്ന സമിതിയെ അന്വഷിക്കാനന്‍ നിയോഗിക്കണമെന്നും സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ നിര്‍ദ്ദേശമുണ്ട്.

അശ്ലീല ചിത്രീകരണം

സമുഹ മാധ്യമങ്ങളിലൂടെ അപമാനിതരാവുന്ന സ്ത്രീകളുടെ എണ്ണം ദിനം തോറും വര്‍ദ്ധിക്കുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ആണ് ഇത് വരുന്നത്. 1986 ലെ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിരോധന നിയമപ്രകാരം പരസ്യം, പ്രസിദ്ധികരണം, ലഘുലേഖ ചിത്രങ്ങള്‍ തുടങ്ങിയവ വഴി സ്ത്രീയുടെ രൂപമോ ശരീരമോ ഏതെങ്കിലും അവയവ ഭാഗമോ അശ്ലീലമായോ നിന്ദ്യമായോ അപകീര്‍ത്തികരമായോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്.സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്ന അശ്ലീല പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കുന്നതും പ്രചരിപ്പിക്കുന്നതും 7 വര്‍ഷം വരെ തടവ് ശിക്ഷയും 50000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്.പൊതു സ്ഥലത്ത് അശ്ലീല വാക്കുകള്‍ പറയുകയോ അശ്ലീല കൃത്യങ്ങള്‍
കാണിക്കുകയോ ചെയ്ത് സ്ത്രീകളെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന വിധം വാക്കുകള്‍ ഉച്ചരിക്കുകയോ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ച് 1 വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും.

പൂവലന്‍മാരെ സൂക്ഷിക്കുക

കോളേജിലും ബസ്സ്‌റ്റോപ്പിലും എല്ലാം സര്‍വ്വസാധാരണമായി കണ്ടുവരുന്ന പൂവാലന്‍ എന്ന ഓമന പേരിലറിയപ്പെടുന്നവരെ കുടുക്കാനും നമ്മുക്ക് നിയമമുണ്ട്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കടുത്ത മാനസിക സംഘര്‍ഷങ്ങളാണ് പൂവാലന്‍മാര്‍ സൃഷ്ടിക്കുന്നത്. ചിലര്‍ ഇതിനെ കണ്ടില്ലന്ന് നടിക്കും പൂവാലന്‍മാര്‍ പലപ്പോഴും നിരുപദ്രവകാരികളായിരിക്കുമെങ്കിലും പൊതു സ്ഥലങ്ങളില്‍ അശ്ലീലമോ അസഭ്യമോ പറഞ്ഞ് സ്ത്രീകളെ കമന്റടിക്കുന്ന വിരുതന്‍മാരും ഉണ്ട്. ഇത്തരക്കാര്‍ക്ക് 3 മാസം വരെ ജയില്‍ ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം പ്രയോജനമില്ലാത്തതിനാല്‍ പൂവാലശല്യം തടയാന്‍ ഒരു ഏകീകൃത നിയമം വേണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നു. നിയമ നിര്‍മ്മാണം നടത്തുന്നത് വരെ പുവാലശല്യം തടയുന്നതിന് സുപ്രീ കോടതി സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ഒരു വിധിന്യായത്തിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്. അതുപ്രകാരം എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും പൂവാലശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കണം. യൂണിഫോം ധരിക്കാതെ വനിതാ പോലീസിനെ ബസ് സ്റ്റാന്റ്,റെയില്‍വേ സ്റ്റേഷന്‍,സിനിമാ തീയറ്ററുകള്‍ ,ഷോപ്പിംഗ് കേന്ദ്രങ്ങള്‍ ,പാര്‍ക്കുകള്‍ ,കടല്‍ത്തീരങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ നിയോഗിക്കണം. വിദ്യാലയങ്ങള്‍, ആരാധന കേന്ദ്രങ്ങള്‍,തിയറ്ററുകള്‍,റെയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റോപ്പുകള്‍ എന്നിവടങ്ങളില്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ പൂവാലശല്യം തടയുന്നതിനുളള നടപടികള്‍ അടിയന്തിരമായി കൈകൊളളണം. ബസ് യാത്രയ്ക്കിടയില്‍ പൂവാലശല്യം ഉണ്ടായതായി സ്ത്രീ പരാതിപ്പെട്ടാല്‍ ഡ്രൈവര്‍ ഉടനെ തന്നെ ബസ് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ എത്തിക്കണം. വാക്കാല്‍ ഉളള പരാതിയുടെ അടിസ്ഥാനത്തില്‍ പോലും പോലീസിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താം. വാഹനം പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകാന്‍ ഡ്രൈവര്‍ വിസമ്മതിക്കുന്ന പക്ഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്ക് പ്രസ്തുത ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കാമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൂവാലശല്യം ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് യാത്രക്കാര്‍ക്കും പോലീസില്‍ അറിയിക്കാം.

നിയമങ്ങള്‍ ഇത്രയുയൊക്കെ ശക്തമായ സുരക്ഷിത്വം സ്ത്രീക്ക് നല്‍കുന്നുണ്ടങ്കിലും സ്ത്രീയുടെ അഭിമാനത്തെയും അന്തസ്സിനെയും ചോദ്യം ചോയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതായി ആണ് കാണുന്നത്.ഇതിന് തടയിടണമെങ്കില്‍ സ്ത്രീകള്‍തന്നെ മുന്നോട്ട് വന്നേ മതിയാകു.