വാമനജയന്തി ഞങ്ങൾക്ക് വേണ്ടെന്ന് മലയാളികൾ: ട്വിറ്ററിൽ മല്ലൂസിന്റെ #MahabaliDa ട്രെൻഡ്

single-img
2 September 2017

മലയാളികളുടെ സംസ്ഥാനോത്സവമായ ഓണം വാമനജയന്തിയായി ആഘോഷിക്കണമെന്ന സംഘപരിവാർ തിട്ടൂരത്തിനെതിരേ ട്വിറ്ററിൽ മലയാളികളുടെ സർഗാത്മക പ്രതിഷേധം. മലയാളികളുടെ മഹാബലിടാ ( #MahabaliDa) എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡ് ആയിരിക്കുകയാണു. തങ്ങളുടെ രാജാവായ മഹാബലിയെ ചവിട്ടിത്താഴ്ത്താൻ വന്ന ഉത്തരേന്ത്യൻ ഗോസായി ബ്രാഹ്മണൻ വാമനനെ മലയാളിക്ക് വേണ്ട എന്ന സന്ദേശമാണു ഈ ട്വീറ്റുകൾ നൽകുന്നത്.

കഴിഞ്ഞ വർഷത്തെ ഓണക്കാലത്താണു,  ഓണം എന്നത് വാമനജയന്തി ആഘോഷമാണെന്നും കേരളം ഭരിച്ച സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്രസമര സേനാനിയാണ് വാമനനെന്നും ഹിന്ദു ഐക്യവേദി നേതാവായ ശശികല ടീച്ചർ പ്രസ്താവിച്ചത്.

സംഘപരിവാർ മുഖപത്രമായ കേസരി സമാനമായ അവകാശവാദമുന്നയിക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

മലയാളികൾ നൂറ്റാണ്ടുകാലമായി കൊണ്ടാടുന്ന ഓണത്തേയും മഹാബലിയേയും കുറിച്ചുള്ള ചരിത്രത്തെ അപനിർമ്മിക്കുന്ന ഈ പ്രസ്താവനകൾക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഇതിനിടെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ എല്ലാവർക്കും വാമനജയന്തി ആശംസിച്ചുകൊണ്ടിട്ട ഫെയ്സ്ബുക്ക് പോസ്റ്റിൽ മലയാളികൾ കൂട്ടമായെത്തി “പൊങ്കാല”യിടുകയായിരുന്നു. വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രത്തോടുകൂടിയ പോസ്റ്റ് ആയിരുന്നു അതു.

आप सभी को "वामन जयंती" की हार्दिक शुभकामनाएं |

Posted by Amit Shah on Monday, September 12, 2016

മലയാളികളുടെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ അമിത് ഷാ പിന്നീട് മലയാളികൾക്ക് ഓണം ആശംസിച്ച് മറ്റൊരു പോസ്റ്റ് ഇടുകയുണ്ടായി. ശശി തരൂർ എം പി അടക്കമുള്ളവർ അമിത് ഷായുടെ വാമനജയന്തി പ്രയോഗത്തിനെതിരേ രംഗത്തുവന്നിരുന്നു.

ഇതിനിടെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തൃക്കാക്കരയപ്പൻ ക്ഷേത്രത്തിൽ മഹാബലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരേ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘപരിവാർ സംഘടനകൾ രംഗത്തുവന്നതും വിവാദമായിരുന്നു.

കേരളത്തെ ദേശീയതലത്തിൽ അപകീർത്തിപ്പെടുത്താൻ സംഘപരിവാ‍ർ ശ്രമിക്കുന്നതായി ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണു ഓണത്തെ മലയാളികളുടെ ചെറുത്തുനിൽപ്പായി ഉയർത്തിക്കാട്ടി ട്വിറ്ററിലും ഫെയ്സ്ബുക്കിലും സർഗാത്മക പ്രതിഷേധങ്ങൾ അരങ്ങേറുന്നത്.

ബീഫ് കഴിക്കുന്ന മഹാബലിയും, ബ്രാഹ്മണനായ വാമനനെ പൂണുനൂലിൽ തൂക്കിയെടുത്ത് ചവറ്റുകുട്ടയിലിടുന്ന മഹാബലിയുമെല്ലാം ട്വിറ്ററിൽ മീമുകളായും കാർട്ടൂൺ വീഡിയോകളായും ട്രെൻഡ് ആയിരിക്കുകയാണു.

https://twitter.com/HaridasSuvarna/status/903842645079982084

മലയാളിയുടെ ഭക്ഷണശീലങ്ങളേയും ദ്രാവിഡ അസ്തിത്വത്തേയും ഹൈജാക്ക് ചെയ്ത് ബ്രാഹ്മണവൽക്കരിക്കാനുള്ള ഉത്തരേന്ത്യൻ നീക്കത്തെ പ്രതിരോധിക്കുന്ന രാഷ്ട്രീയ പ്രസ്താവനകളാണു ഒരോ മീമും. പന്തിയിലിരിക്കുന്ന മഹാബലിക്ക് ബീഫ് വിളമ്പാൻ ഷുക്കൂറിനോട് പറയുന്ന തൊപ്പിവെച്ച മുസ്ലീമും തലയിൽ ചവിട്ടാൻ വരുന്ന വാമനന്റെ കാൽ പിടിച്ചു തിരിക്കുന്ന മഹാബലിയും, ഓലക്കുടയ്ക്കു നേരേ തൃശൂലം ഓങ്ങുന്ന ഹൈന്ദവതയുമെല്ലാം മലയാളിയുടെ നോൺ-ബ്രാഹ്മണിക് മതേതര സങ്കൽപ്പങ്ങളെ ഉയർത്തിപ്പിടിക്കുന്നു.