മാത്യു സാമുവൽ നാരദാന്യൂസിൽ നിന്നും രാജിവെച്ചു

single-img
29 August 2017

സ്റ്റിംഗ് ഓപ്പറേഷനുകളിലൂടെ ദേശീയ വാർത്തകളിൽ നിറഞ്ഞുനിന്ന നാരദാ ന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ചു. നാരദ മീഡിയ ഇന്ത്യ എന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും നാരദാ ന്യൂസിന്റെ ചീഫ് എഡിറ്ററുമായിരുന്ന മാത്യു സാമുവൽ നേരത്തേതന്നെ രാജിക്കത്ത് കമ്പനി അധികൃതർക്കു കൈമാറിയതായാണു മനസ്സിലാക്കാൻ കഴിയുന്നത്.  മാത്യു സാമുവലിനോടൊപ്പം കമ്പനിയുടെ മറ്റൊരു ഡയക്ടറായ ഏയ്ഞ്ചൽ ടിൻസി അബ്രഹാമും തന്റെ രാജി സമർപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ചീഫ് അഡ്മിനിസ്ട്രെറ്റിവ് ഓഫീസറായിരുന്നു ഏയ്ഞ്ചൽ.

മാത്യു സാമുവൽ, ഏയ്ഞ്ചൽ ടിൻസി അബ്രഹാം എന്നിവർ സമർപ്പിച്ച രാജി സ്വീകരിച്ചതായും അവരെ തങ്ങൾ വഹിച്ചുകൊണ്ടിരുന്ന സ്ഥാനങ്ങളിൽ നിന്നും നീക്കിയതായും അറിയിച്ചുകൊണ്ട് നാരദാ ന്യൂസ് ജീവനക്കാർക്ക് കമ്പനി അധികൃതർ അയച്ച മെയിലിന്റെ കോപ്പി ഇ വാർത്തയ്ക്ക് ലഭിച്ചു.

“ നമ്മുടെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, എഡിറ്റർ ഇൻ ചീഫ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന മാത്യു സാമുവലും ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസറുമായിരുന്ന ഏയ്ഞ്ചൽ ടിൻസി അബ്രഹാമും കമ്പനിയിൽ നിന്നും രാജിവെച്ചിരിക്കുകയാണു. അവരുടെ രാജി കമ്പനി സ്വീകരിക്കുകയും, രണ്ടുപേരുടേയും രാജി സ്വീകരിക്കുവാനും രണ്ടുപേരും വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും അവരെ ഒഴിവാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ടുപേരുടെയും ഭാവിപരിപാടികൾക്ക് കമ്പനി എല്ലാ ഭാവുകങ്ങളും നേരുന്നു. പുതിയ സാഹചര്യങ്ങൾ നിലവിലെ ജീവനക്കാർക്ക് പെട്ടെന്നുള്ള തൊഴിൽനഷ്ടവും മറ്റും ഉണ്ടാക്കാതെയിരിക്കുവാനായി കമ്പനി ആക്ടും അനുബന്ധനിയമങ്ങളും അനുസരിച്ച് കമ്പനിയുടെ ഡയറക്ടർ ബോർഡ് പുനർനിർമ്മിച്ചിട്ടുണ്ട്.  “ – ഇമെയിൽ പറയുന്നു.

നിലവിലെ ബോർഡ് അംഗങ്ങളായ അക്ഷയ് കുമാർ, ഫിറോസ് ഖാൻ എന്നിവരുടെ പേരിലാണു മെയിൽ അയച്ചിരിക്കുന്നത്. നാരദ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നിലവിലെ ഉടമകൾ ഇവരാണെന്ന് കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ ഉപയോഗിച്ച് വെരിഫൈ ചെയ്യാൻ സാധിക്കും.

രാജിവെച്ച അംഗങ്ങൾക്ക് നോ ഡ്യൂസ് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ലഭിക്കുന്നതിനായി കമ്പനിയുടെ എല്ലാ വസ്തുവകകളും തിരിച്ചേല്പിക്കാൻ അവരോട് ആവശ്യപ്പെട്ടതായും മെയിലിൽ പറഞ്ഞിട്ടുണ്ട്. ഇതിൽ സ്ഥാവര-ജംഗമവസ്തുക്കളും ഇന്റലക്ച്വൽ പ്രോപ്പർട്ടികളും ഉൾപ്പെടുമെന്നും മെയിലിൽ പറയുന്നുണ്ട്. ഇന്റലക്ച്വൽ പ്രോപ്പർട്ടികളിൽ കമ്പനിയുടെ അക്കൌണ്ടുകളും വരവു ചെലവു കണക്കുകളുമെല്ലാം കൈകാര്യം ചെയ്തിരുന്നത് രാജിവെച്ച അംഗങ്ങളായതിനാൽ ഈ കണക്കുകൾ എല്ലാം ബോർഡിനുമുന്നിൽ ഹാ‍ജരാക്കാനും നിർദ്ദേശമുണ്ട്.

സ്ഥാപനത്തിനെക്കുറിച്ച് ഈയടുത്തകാലത്തായി ഉണ്ടായതായി ആരോപിക്കപ്പെടുന്ന ചില മോശം വാർത്തകൾ കമ്പനിയുടെ യശസ്സ് കെടുത്തുകയും കമ്പനിയെ നന്നല്ലാത്ത അവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്ത സാഹചര്യത്തെക്കുറിച്ചും മെയിലിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ കമ്പനിയുടെ പൂർവ്വകാല യശസ്സ് തിരികെക്കൊണ്ടുവരാൻ പുതിയ മാനേജ്മെന്റ് ശ്രമിക്കുമെന്നും ഇതിനായി ജീവനക്കാരുടെ സഹകരണം ആവശ്യമാണെന്നും മെയിലിൽ പറയുന്നുണ്ട്.

നാരദാ ന്യൂസിന്റെ ഡൽഹി ഓഫീസിലെ നിരവധി ജീവനക്കാരെ ശമ്പളം നൽകാതെ അനധികൃതമായി പിരിച്ചുവിട്ടതിനെതിരെ ജീവനക്കാർ ലേബർ കോടതിയിൽ പരാതി നൽകിയിരുന്നു. ഡൽഹിയിലെ ലേബർ കോടതി നിരന്തരം സമൻസ് അയച്ചിട്ടും മാത്യു സാമുവൽ ഹാജരായിട്ടില്ല. പുതിയ നീക്കം ഈ കേസുകളിൽ നിന്നെല്ലാം രക്ഷപ്പെടാനാണെന്നാണു ഈ ജീവനക്കാർ ആരോപിക്കുന്നത്.

പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ്സിന്റെ നേതാക്കൾ കൈക്കൂലിയായി പണം വാങ്ങുന്ന വിവാദ വീഡിയോകൾ പുറത്തുവിട്ടുകൊണ്ടാണു നാരദാ ന്യൂസ് ദേശീയമാധ്യമരംഗത്ത് പ്രവേശിക്കുന്നത്. തെഹൽക്ക മാഗസിനിന്റെ മാനേജിംഗ് എഡിറ്ററായിരുന്ന മാത്യു സാമുവൽ അവർക്കു  വേണ്ടി താൻ രണ്ടുവർഷം കൊണ്ടു പൂർത്തിയാക്കിയ സ്റ്റിംഗ് ഓപ്പറേഷനിലെ വീഡിയോ ക്ലിപ്പുകൾ നാരദാ ന്യൂസിലൂടെ താൻ പുറത്തുവിടുകയായിരുന്നു എന്നാണു മാത്യു സാമുവൽ മാധ്യമങ്ങളോടും കോടതിയോടും പറഞ്ഞിരുന്നത്.