ഞാനൊരു ഹിന്ദു തീവ്രവാദിയായിരുന്നു; പക്ഷേ ഗോൾവൾക്കർ വഴി ഞാൻ ഗാന്ധിയിലെത്തി: രാഹുൽ ഈശ്വർ ഇ വാർത്തയോട്

single-img
23 August 2017

ഹാദിയയുടെ വീട്ടിൽപ്പോയതിന്റെ പേരിലും മദനിയെ സന്ദർശിച്ചതിന്റെ പേരിലും ചില തീവ്രഹിന്ദുത്വ സംഘടനകൾ രാഹുൽ ഈശ്വറിനു നേരേ ഭീഷണി ഉയർത്തിയതായി  റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തീവ്ര ഹിന്ദുസംഘടനകൾ പശു അടക്കമുള്ള ബിംബങ്ങളെ വൈകാരികമായി ഉപയോഗിച്ച് മതസ്പർദ്ധ വളർത്തുന്നതായും രാഹുൽ ആരോപിച്ചു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ ഈശ്വർ ഇ വാർത്തയോട് സംസാരിക്കുന്നു.

പശുവും പശുവിന്റെ പേരിലുള്ള ആക്രമണങ്ങളും

മുഹമ്മദ് അഖ്ലാക്

ഹിന്ദുക്കളെ ഒരുമിച്ചു നിർത്തുവാനായി തീവ്ര ഹിന്ദുസംഘടനകൾ പശുവിനെ ഒരു ആയുധമായി ഉപയോഗിക്കുന്നു എന്ന് രാഹുൽ ഈശ്വർ പറയുന്നു. ഇതിനു ഒന്നാമത്തെ ഉദാഹരണമായി രാഹുൽ ഉയർത്തിക്കാട്ടുന്നത് മുഹമ്മദ് അഖ്ലാക്കിന്റെ കൊലപാതകമാണു.

“മുഹമ്മദ് അഖ്ലാക്കിന്റെ ആക്രമിക്കാൻ വന്ന സോ കോൾഡ് തീവ്ര ഹിന്ദുത്വവാദികൾ തൊട്ടടുത്തുള്ള അമ്പലത്തിലെ പൂജാരിയെക്കൊണ്ട് മൈക്കിൽ അനൌൺസ് ചെയ്യിച്ചാണു ആളെക്കൂട്ടിയത്. രണ്ടു ചോദ്യങ്ങളാണു ഇതിലുള്ളത്. ഒന്ന്, അഖ്ലാക്കിന്റെ ഫ്രിഡ്ജിൽ ഇരുന്നത് മട്ടനാണോ പശുവിറച്ചിയാണോ എന്ന് ഇവർ എങ്ങനെ ഉറപ്പിച്ചു? രണ്ട്, ഇനി അഥവാ മട്ടനല്ലെങ്കിൽ അഖ്ലാക്ക് പശുവിനെക്കൊല്ലുന്നത് ഇവർ കണ്ടോ? അപ്പോൾ പശുവെന്നത് ഒരു വൈകാരിക ചൂഷണമായി മാറുകയാണു. ഇതു തന്നെയാണു ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് മംഗൾ പാണ്ഡേ അടക്കമുളവരെ ഇൻസ്റ്റിഗേറ്റ് ചെയ്ത സംഗതി. അതിന്റെ കാര്യമെന്താണെന്നറിയാമോ? ഹിന്ദു സമുദായത്തെ ഒരുമിച്ചു നിർത്താൻ ഒന്നുമില്ല. അതിനുവേണ്ടി ഇവർ വളഞ്ഞവഴിയ്ക്ക് അടിക്കുന്നതാണിത്തരം തന്ത്രങ്ങൾ.” – രാഹുൽ ഈശ്വർ പറയുന്നു.

“സ്വന്തം പിതാവ് തീവ്ര ഹിന്ദുത്വവാദികളാൽ കൊല്ലപ്പെട്ട അനീതിക്കു പാത്രമായി നിൽക്കുന്ന ദയനീയമായ അവസ്ഥയിലും എൻ ഡി ടിവിയിലെ ചർച്ചയിൽ സാരേ ജഹാൻസെ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ എന്നു പറഞ്ഞ സർതാജ് (അഖ്ലാക്കിന്റെ മകൻ) ആണെന്റെ മനസ്സിലെ ഹീറോ. ഇന്ത്യൻ മുസ്ലീമിന്റെ ദേശസ്നേഹമാണത്. ബ്രാഹ്മണിക്കൽ ഹിന്ദുക്കൾക്ക് അതു മനസ്സിലാകില്ല”

– രാഹുൽ തുടർന്നു.


Read Also: മോദിയുടെ കാവിവാഴ്ചയിൽ പശുവിന്റെ പേരിൽ നടന്ന കൊലകളുടെയും അക്രമങ്ങളുടെയും സമഗ്രമായ പട്ടിക


പശു എന്നത് ഹിന്ദുക്കളുടെ ഒരു വികാരമായി ഉയർത്തിക്കൊണ്ടുവരാനുള്ള സാധ്യത ഗോൾവൾക്കർ ഉപയോഗപ്പെടുത്താനുള്ള കാരണമായി രാഹുൽ ഈശ്വർ ചൂണ്ടിക്കാണിക്കുന്നത് ഇതാണു:

“അമുലിന്റെ സ്ഥാപകനും മലയാളിയുമായ വർഗീസ് കുര്യനുമായി ആർ എസ് എസ് സർ സംഘചാലക് ആയിരുന്ന ഗോൾവൾക്കർ നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ച് അദ്ദേഹത്തിന്റ് ആത്മകഥയിൽ പറയുന്നുണ്ട്. 1960-കളിൽ ഗോവധനിരോധനം നടപ്പിലാക്കുന്നതിനായി പത്തുലക്ഷം പേരുടെ ഒപ്പു ശേഖരിച്ച് രാഷ്ട്രപതിയ്ക്ക് ഒരു നിവേദനം സമർപ്പിക്കാൻ ഗോൾവൾക്കർ തീരുമാനിച്ചു. അതിന്റെ ഭാഗമായി യുപിയിൽ എത്തിയ ഇദ്ദേഹം ഒരു സ്ത്രീ തന്റെ വീട്ടിലെ ജോലികൾക്കിടയിൽ കഷ്ടപ്പെട്ട് ഈ നിവേദനത്തിലെ ഒപ്പുശേഖരണത്തിനായി ക്യാമ്പയിൻ ചെയ്യുന്നത് കണ്ടു. ഇതു അവർ പശുവിനുവേണ്ടിയാണു ചെയ്യുന്നത് മനസ്സിലാക്കിയ ഗോൾവൾക്കർ പശുവിനെ തുടർന്നും ഒരു ശക്തമായ രാഷ്ട്രീയ ഉപകരണവും ആയുധവുമാക്കാൻ തീരുമാനിക്കുകയായിരുന്നു.”

കേരളത്തിലും തീവ്രവലതു ഹിന്ദു സംഘടനകൾ സമൂഹത്തിൽ വർഗീയതയും വെറുപ്പും സൃഷ്ടിക്കാൻ പശുവിനെ ഉപയോഗിക്കുന്നതായി രാഹുൽ ഈശ്വർ ആരോപിക്കുന്നു.


Read Also: വിശുദ്ധപശുവിന്റെ നാമത്തിൽ: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ പാർലമെന്റ് ആക്രമണം


“ഈയടുത്താണു തികഞ്ഞ മതേതരവാദിയും ഒരു ഹിന്ദുമതവിശ്വാസിയുമായ ഒരു സുഹൃത്ത് എന്നോടിങ്ങനെ പറഞ്ഞത് – ‘ ഈ മുസ്ലീങ്ങൾ ഒക്കെ കുഴപ്പക്കാരാണു. ഇവർ എന്റെ അടുത്തുള്ള അമ്പലത്തിനു മുന്നിൽ പോത്തിന്റെ തല കൊണ്ടിട്ടു’ . ഇയാളിത് പറഞ്ഞതും എനിക്ക് മനസ്സിലായി, അതു ചെയ്തതു ഏതെങ്കിലും തീവ്രഹിന്ദു തന്നെ ആയിരിക്കും എന്ന്. തികഞ്ഞ മതേതരവാദിയായ ഈ മനുഷ്യനുപോലും മുസ്ലീങ്ങളോട് വിരോധം തോന്നത്തക്കവിധത്തിൽ ഇത് ആസൂത്രണം ചെയ്തത് ഏതെങ്കിലും തീവ്ര വലതുപക്ഷ ഹിന്ദുസംഘടനകൾ തന്നെയാകണം.” – രാഹുൽ ഈശ്വർ പറയുന്നു.

ഏകീകൃത സിവിൽകോഡും മുസ്ലീങ്ങളും

“യൂണിഫോം സിവിൽ കോഡാണു ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട. കോൺഗ്രസ്സും സി പി എമ്മുമെല്ലാം യൂണിഫോം സിവിൽകോഡ് സഹവർത്തിത്വത്തൊടെ നടപ്പാക്കാം എന്നതരത്തിലുള്ള ഒരു സ്റ്റാൻഡ് ആണു എടുക്കുന്നത്. ഒവൈസിയെപോലെയുള്ളവർ പറയുന്നത് ഇത് രാജ്യത്തിന്റെ ബഹുസ്വരതയെത്തന്നെ നശിപ്പിക്കുമെന്നാണു. എന്നാൽ ആർ എസ് എസിന്റെ ആത്മീയാചാര്യനായ ഗുരുജി ഗോൾവൾക്കർ പറയുന്നത് യൂണിഫോം സിവിൽ കോഡ് കൊണ്ടുവരുന്ന യൂണിഫോമിറ്റിയല്ല മറിച്ച് ഹാർമണിയാണു രാജ്യത്തിനാവശ്യമെന്നാണു.“

“1972-ൽ ആർ എസ് എസ് മുഖപത്രമായ ഓർഗനൈസറിനു നൽകിയ അഭിമുഖത്തിൽ യൂണിഫോം സിവിൽകോഡ് രാജ്യത്തിനാവശ്യമില്ല എന്ന് ഗോൾവൾക്കർ പറയുന്നുണ്ട്. മുസ്ലീങ്ങൾ നാലുകെട്ടുന്നതു മൂലം അവരുടെ ജനസംഖ്യ വർദ്ധിക്കുന്നു എന്ന് തെറ്റിദ്ധരിക്കുന്ന ചിലയാളുകളാണു യൂണിഫോം സിവിൽകോഡിനുവേണ്ടി വാദിക്കുന്നതെന്നും ഗോൾവൾക്കർ ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ യൌവ്വനകാലത്ത് ‘വിചാരധാര’യും ‘നാം അഥവാ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു’ എന്നീ പുസ്തകങ്ങളിലൂടെ തീവ്ര ആശയങ്ങൾ പങ്കുവെച്ചിരുന്ന ഗോൾവൾക്കർ ജീവിതാനുഭവങ്ങളിലൂടെ ഒരു മിതവാദി ലൈനിൽ എത്തുകയും ബഹുസ്വരതയെ അംഗീകരിക്കുകയും ചെയ്തിരുന്നു.”

രാഹുൽ പറയുന്നു.

മാധവ സദാശിവ ഗോൾവൾക്കർ

ഇത്തരത്തിൽ മുസ്ലീങ്ങളെ ചൂണ്ടിക്കാട്ടി ഏകീകൃത സിവിൽ കോഡിനുവേണ്ടി വാദിക്കുന്നത് ഒരു നെഗറ്റീവ് സമീപനമാണെന്നുകൂടി ഗോൾവൾക്കർ ഈ അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരത്തിൽ തീവ്രഹിന്ദു സംഘടനകൾ മുസ്ലീം അപരത്വമടക്കമുള്ള ഇല്ലാത്ത പ്രശ്നങ്ങൾ ഉയർത്തി സംഘർഷം ഉണ്ടാക്കാൻ നോക്കുന്നത് അവരുടെ ഗതികേട് കൊണ്ടാണെന്നാണു രാഹുൽ ഈശ്വറിന്റെ പക്ഷം.

“മുസ്ലീങ്ങൾ വെള്ളിയാഴ്ച്ചയും കൃസ്ത്യാനികൾ ഞായറാഴ്ചയും ഒത്തുകൂടുമ്പോൾ ഹിന്ദുക്കൾ ശനിയാഴ്ച്ച ദിവസം ഒരുമിച്ചുകൂടി ആത്മീയകാര്യങ്ങൾ പങ്കുവെയ്ക്കുന്നത് നല്ലതാണെന്നു ഞാൻ എന്റെ എല്ലാ പ്രഭാഷണങ്ങളിലും നിർദ്ദേശിക്കാറുണ്ട്. അങ്ങനെ പോസിറ്റിവ് ആയ കാര്യങ്ങൾ ചെയ്യുന്നതിനു പകരം ആളുകളിൽ വിദ്വേഷം കുത്തിനിറച്ച് ഒരുമയുണ്ടാക്കിയാൽ അതു സമൂഹത്തിനു ദോഷമേ ചെയ്യൂ.”


Read Also: അഭിമുഖം: സധവി ഖോസ്ല- മുൻ ബിജെപി ഐടി സെൽ വോളണ്ടിയർ; ഇ വാർത്ത എക്സ്ലൂസിവ്


“ഹവാർഡ് സർവ്വകലാശാലയിലെ ഒരു പഠനത്തിൽ ആഴ്ച്ചയിലൊരിക്കൽ ആത്മീയ വ്യവഹാരങ്ങളിൽ ഏർപ്പെടുന്ന ആളുകളിൽ ആത്മഹത്യാ നിരക്ക് കുറയുകയും മാനസികാരോഗ്യവും അതുമായി ബന്ധപ്പെട്ട ജീവിതാവസ്ഥകളും മെച്ചപ്പെടുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. തൊണ്ണൂറായിരം നഴ്സുമാരിൽ നടത്തിയ സർവ്വേയിലാണിത് കണ്ടെത്തിയത്. ആഴ്ചയിലൊരിക്കൽ കൃത്യമായി പള്ളിയിലോ മറ്റോ പോകുന്നവരിൽ ആത്മഹത്യാനിരക്ക് ആറിലൊന്നായി കുറയുന്നതായിട്ടാണു കണ്ടെത്തിയത്. ഇനി ഹിന്ദുക്കളിലേയ്ക്ക് വന്നാൽ കേരളത്തിൽ ആത്മഹത്യാനിരക്കും വിവാഹമോചനവും ഏറ്റവും കൂടുതൽ നടക്കുന്നത് ഹിന്ദുക്കളിലാണു. ഇത്തരത്തിൽ ആത്മീയ- അസ്തിത്വ പ്രതിസന്ധികളിൽപ്പെട്ടുഴലുന്ന ഹിന്ദുക്കളിൽ അസ്തിത്വബോധമുണർത്താൻ തീവ്ര സംഘടനകൾ കണ്ടെത്തുന്ന മാർഗം വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കലാണു” – രാഹുൽ ഈശ്വർ പറയുന്നു.

ഇന്ത്യൻ ദേശീയപതാകയിലെ മൂന്നു നിറങ്ങൾ ഭൂരിപക്ഷ ഹിന്ദുക്കളേയും (കുങ്കുമം) മുസ്ലീങ്ങളേയും (പച്ച) മറ്റു കൃസ്ത്യാനികൾ അടങ്ങുന്ന മറ്റു ന്യൂനപക്ഷങ്ങളേയും (വെള്ള) പ്രതിനിധീകരിക്കുന്നതായിട്ടാണു ഗാന്ധിജി കണക്കാക്കിയതെന്ന് രാഹുൽ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ ഐഡന്റിറ്റി പൊളിറ്റിക്സിനെ ഒരു ഇടതുമതേതര കാഴ്ച്ചപ്പാടിലൂടെ നെഹ്രു മറച്ചുപിടിച്ചതാണു നിലവിലെ പ്രശ്നങ്ങൾക്ക് ഒരു കാരണമെന്നാണു രാഹുൽ ഈശ്വറിന്റെ അഭിപ്രായം.

“ ഒരിക്കൽ കർണ്ണാടകത്തിലെ ഒരു തീവ്ര ഹിന്ദു സംഘടനയുടെ നേതാവ് എന്നോട് പറഞ്ഞു ‘നമുക്ക് ശബരിമലയിലെ വാവരുടെ അമ്പലത്തിൽ ഇടിച്ചുകയറി ഗണപതിയുടെ പ്രതിഷ്ഠ സ്ഥാപിക്കാ‘മെന്ന്. ഞാൻ ചോദിച്ചു-‘എന്തിനു? . നമുക്ക് അതിനു വേറേ സ്ഥലമില്ലേ?‘. കേരളത്തിലെ ഒരുമിതവാദി പാർട്ടിയിലെ മുതിർന്ന ബഹുമാന്യനായ നേതാവ് എന്നോട് പറഞ്ഞ ഒരു കാര്യം എന്നെ ഞെട്ടിച്ചിട്ടുണ്ട്. ‘ശബരിമലയിലെ സ്ത്രീപ്രവേശനവിഷയം അവർ ഉന്നയിക്കട്ടെ. സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാൻ വരുമ്പോൾ ഹിന്ദുക്കൾ പ്രതികരിക്കും. അങ്ങനെ പോലീസ് വെടിവെയ്പ്പൊക്കെ നടക്കും’ എന്നൊക്കെയാണു അദ്ദേഹം പറയുന്നത്. ഇതേകാര്യം ഒരു തീവ്രവലതു ഹിന്ദു പാർട്ടിയുടെ കേരളത്തിലെ നേതാവും എന്നോട് പറഞ്ഞിട്ടുണ്ട്. അക്ഷരാർത്ഥത്തിലെ നമ്മെ ഞെട്ടിക്കുന്ന കാര്യങ്ങളാണിതൊക്കെ. ഇത്തരം മാനസികാവസ്ഥകളിലേയ്ക്ക് പോകുന്ന സമൂഹത്തെ ഒരു മിതവാദിയുടെ പാതയിലേയ്ക്ക് നയിക്കേണ്ടതുണ്ട്.” രാഹുൽ ഈശ്വർ പറഞ്ഞു.

“എന്തുകൊണ്ടാണു തീവ്രഹിന്ദുസംഘടനകൾ വാവരെ അംഗീകരിക്കാത്തത്? വാവർ മുസ്ലീം ആണെന്നും ഹിന്ദുക്കളെ സഹായിച്ച ആളാണെന്നുമൊക്കെയുള്ള ചരിത്രം പറഞ്ഞാൽ അവരുടെ മുസ്ലീം അപരത്വം സൃഷ്ടിക്കാനുള്ള അജണ്ട നടക്കില്ല. അതുകൊണ്ട് വാവർ വാവരല്ല വാപുരൻ എന്ന ശിവഭൂതഗണമാണു എന്ന് അവർ പറയും. ഇങ്ങനെയാണു കള്ളങ്ങൾ ഉണ്ടാകുന്നത്. ഈ അപരത്വത്തിന്റെ നറേറ്റിവ് ഇല്ലാതാകുമെന്ന ഭയം മൂലമാണു ഞാൻ മദനിയെക്കാണാൻ പോകുന്നതിൽ ഇവർ അസ്വസ്ഥരാകുന്നത്. മാടമ്പള്ളി ഇല്ലത്തിലെ യഥാർത്ഥ മനോരോഗി ഈ നാട്ടിലെ ഹിന്ദുവാണ് എന്നതാണു യാഥാർത്ഥ്യം. “ – രാഹുൽ പറയുന്നു.

ഹാദിയ പ്രശ്നത്തിന്റെ രണ്ടുവശങ്ങളു ചർച്ചയാക്കുന്നതിനാണു താൻ അവരുടെ വീട് സന്ദർശിച്ചതെന്ന് രാഹുൽ പറയുന്നു. എന്നാൽ ചിലർ അതു കേരളത്തിനെതിരായ ക്യാമ്പയിൻ നടത്താൻ ഉപയോഗിച്ചതായി രാഹുൽ ആരോപിക്കുന്നു.

“റിപ്പബ്ലിക് ചാനലിൽ വി എച്ച് പി നേതാ ഇന്ദിരാ തിവാരി പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ സർജ്ജിക്കൽ സ്ട്രൈക്ക് നടത്തണമെന്നൊക്കെ ഒരു ദേശീയ ചാനലിൽ വന്നിരുന്നു പറയുന്ന ഇവർക്ക് ഭ്രാന്തുണ്ടായിരിക്കണം. ആർ എസ് എസ് എന്ന സംഘടനയോട് എനിക്കു ബഹുമാനമുണ്ട്. പക്ഷേ മീററ്റ് ഹിന്ദുമഹാസഭയുടേയും അഭിനവ് ഭാരതിന്റെയും ഒന്നും നിലപാടുകൾ രാജ്യത്തിനു ഗുണകരമല്ല. ഇവരുടെ നിലപാടുകൾ സൂക്ഷമതയോടെ വിശകലനം ചെയ്യേണ്ടതുണ്ട്.” രാഹുൽ പറയുന്നു.

ആദ്യകാലത്ത് തീവ്രവാദിയായ ഹിന്ദുവായിരുന്ന താൻ ഇന്നൊരു മിതവാദിയാണെന്ന് രാഹുൽ പറയുന്നു. ഗാന്ധിയുടെ പാതയിലേയ്ക്ക് പരിണമിച്ച ഗോൾവൾക്കറാണു ഇക്കാര്യത്തിലെ മാതൃകയെന്നാണു രാഹുലിന്റെ അഭിപ്രായം. ഒരു ബ്രാഹ്മണ കുടുംബപശ്ചാത്തലത്തിൽ ജനിച്ച താൻ സംവരണത്തിനെതിരായ നറേറ്റീവുകൾ കേട്ടുവളർന്ന് ഒരു സംവരണവിരുദ്ധനായി മാറിയിരുന്നു എന്നും എന്നാൽ പിന്നീട് സംവരണം എന്നത് സമൂഹത്തിനു ആവശ്യമുള്ള ഒരു സംഗതിയാണെന്ന് താൻ തിരിച്ചറിയുകയായിരുന്നുവെന്നും രാഹുൽ പറയുന്നു.

ഒരു ഹിന്ദു ദേശീയവാദ രാഷ്ട്രീയത്തിന്റെ വക്താവായി അറിയപ്പെടുന്ന രാഹുൽ ഈശ്വറിന്റെ പുതിയ ഈ നിലപാടുകൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണു.