നിങ്ങൾക്ക് താജ്മഹൽ നശിപ്പിക്കണമെന്നാഗ്രഹമുണ്ടോ? കേന്ദ്രത്തോട് സുപ്രീം കോടതി

single-img
17 August 2017

കേന്ദ്രസർക്കാരിനു താജ്മഹൽ നശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടോയെന്ന് സുപ്രീം കോടതി. താജ്മഹൽ ഉൾപ്പെടുന്ന പരിധിയിലെ നാനൂറോളം മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി തേടിക്കൊണ്ട്  സമർപ്പിക്കപ്പെട്ട നിവേദനം പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി ഇത്തരമൊരു പരാമർശം നടത്തിയത്.

“താജ്മഹൽ ഒരു ലോകപ്രസിദ്ധ ചരിത്രസ്മാരകമാണു. നിങ്ങൾക്ക് അതു നശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടോ? താജ്മഹലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇന്റർനെറ്റിൽ പോയി അതു കാണുവാൻ ശ്രമിക്കൂ,” കോടതി പറഞ്ഞു.

ജസ്റ്റിസ് മദൻ ബി ലോകുർ , ദീപക് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണു ഇത്തരമൊരു പ്രമാർശം നടത്തിയത്.

“നിങ്ങൾക്കങ്ങനെയൊരാഗ്രഹമുണ്ടെങ്കിൽ യൂണിയൻ ഓഫ് ഇന്ത്യയ്ക്ക് താജ്മഹൽ നശിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഒരു സത്യവാങ്മൂലം സമർപ്പിക്കൂ” – കോടതി തുടർന്നു.

പരിസ്ഥിതി പ്രവർത്തകനായ എം സി മേഹ്ത നൽകിയ പൊതുതാൽപ്പര്യഹർജ്ജി പരിഗണിച്ചുകൊണ്ട് താജ്മഹലിന്റെ ചുറ്റുവട്ടത്തായി നടക്കുന്ന വികസനപ്രവർത്തനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അപ്പക്സ് കോടതി ബെഞ്ചാണു ഈ പ്രതികരണം നടത്തിയത്.

ഡൽഹി-മഥുര റെയില്പാതയിൽ ഒരു അധിക പാത നിർമ്മിക്കുന്നതിനായി താജ്മഹൽ ഉൾപ്പെടുന്ന ആഗ്ര പ്രദേശത്തെ 450 മരങ്ങൾ മുറിച്ചു നീക്കുന്നതിനായി നൽകിയ അപേക്ഷ പരിഗണിക്കവേയാണു താജ്മഹൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സുപ്രീം കോടതി കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ചത്.

എന്നാൽ തിരക്കേറിയ ഡൽഹി മഥുര റൂട്ടിലെ ഗതാഗതം സുഗമമാക്കാൻ അധിക പാത ആവശ്യമാണെന്ന് സർക്കാരും വാദിച്ചു.

ആഗ്ര പ്രദേശത്തെ മലിനീകരണവും മരം മുറിക്കലും മൂലം താജ്മഹലിനു ഉണ്ടാകുന്ന നാശം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി നിയമ പോരാട്ടം നടത്തുന്ന പരിസ്ഥിതി പ്രവർത്തകനാണു എം സി മേഹ്ത. യുണസ്കോയുടെ ലോക പൈതൃക സ്ഥാ‍നങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച സ്മാരകമാണു താജ്മഹൽ. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ.