അഭിമുഖം: സധവി ഖോസ്ല- മുൻ ബിജെപി ഐടി സെൽ വോളണ്ടിയർ; ഇ വാർത്ത എക്സ്ലൂസിവ്

single-img
16 August 2017


നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേയ്ക്കെത്തിച്ച മിഷൻ 272 ക്യാമ്പയിൻ നയിച്ചത് ബിജെപിയുടെ ഐ ടി സെൽ ആയ നാഷണൽ ഡിജിറ്റൽ ഓപ്പറേഷൻ സെന്റർ ഓഫ് ബിജെപി (എൻ ഡി ഓ സി ) ആയിരുന്നു. എൻ ഡി ഓ സിയുടെ വോളണ്ടിയർ ആയി ഒരുവർഷത്തോളം പ്രവർത്തിക്കുകയും പിന്നീട് പുറത്തുവന്നു ബിജെപിയുടെ ഡിജിറ്റൽ ക്യാമ്പയിനുകളുടെ ഭാഗമായി നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് ഉറക്കെപ്പറയുകയും ചെയ്തയാളാണു സധവി ഖോസ്ല. ബിജെപിയുടെ സോഷ്യൽ മീഡിയ ട്രോൾ ഐഡികൾ നടത്തുന്ന ഹിംസാത്മകമായ സൈബർ ക്യാമ്പയിനുകളെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവർത്തകയായ സ്വാതി ചതുർവേദി എഴുതിയ ഐ ആം ഏ ട്രോൾ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലൂടെയാണു സധവി ഖോസ്ല ആദ്യമായി തന്റെ വെളിപ്പെടുത്തലുകൾ നടത്തുന്നത്.

എം ബി എ ബിരുദധാരിയായ സധവി ഖോസ്ല നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പഞ്ചാബിലെ മയക്കുമരുന്നു മാഫിയയ്ക്കെതിരായി പോരാട്ടം നടത്തുന്ന ഇവർ ഈ വിഷയത്തിൽ “Fading Glory – Punjab, Hope Not Lost” എന്ന ഒരു ഡോക്യുമെന്ററിയും നിർമ്മിച്ചിട്ടുണ്ട്.

കേരളത്തിനെതിരെ ദേശീയതലത്തിൽ നടക്കുന്ന ഹെയ്റ്റ് ക്യാമ്പയിന്റെ പശ്ചാത്തലത്തിൽ സധവി ഖോസ്ലയുമായി ഇ വാർത്ത ഡൽഹി കറസ്പോൻഡന്റ് സുധീഷ് സുധാകരൻ നടത്തിയ അഭിമുഖം

 

Smita Barooah

ബിജെപി വക്താവ് സ്മിത ബറുവയോടൊപ്പം സധവി ഖോസ്ല

സുധീഷ് സുധാകരൻ: എന്താണു എൻ ഡി ഓ സി? എന്താണതിന്റെ ലക്ഷ്യം?

സധവി ഖോസ്ല: എൻ ഡി ഓ സി എന്നത് ബിജെപി നേരിട്ടു നിയന്ത്രിച്ചിരുന്ന ഐ ടി സെൽ ആയിരുന്നു. ബിജെപിയിൽ ചേരാൻ താൽപ്പര്യമില്ലാത്തവരും എന്നാൽ മോദിയെ പ്രധാനമന്ത്രിയായിക്കാണാൻ ആഗ്രഹിച്ചവരുമായവർക്ക് വോളണ്ടിയർ ആയോ ശമ്പളം വാങ്ങുന്ന ജീവനക്കാരനായോ ബിജെപിയ്ക്കു വേണ്ടി പ്രവർത്തിക്കുവാനുള്ള ഒരു പ്ലാറ്റ് ഫോം ആയിട്ടായിരുന്നു എൻ ഡി ഓ സി രൂപീകരിച്ചത്. വേതനം പറ്റുന്ന നിരവധി ജീവനക്കാർ ഈ സ്ഥാപനത്തിനു ഉണ്ടായിരുന്നു. അതുപോലെതന്നെ ഓൺലൈനായും ഓഫ് ലൈനായും സന്നദ്ധ പ്രവർത്തനം നടത്താൻ തയ്യാറുണ്ടായിരുന്ന എന്നെപ്പോലെയുള്ള വോളണ്ടിയർമാരും അതിൽ പ്രവർത്തിച്ചിരുന്നു. അശോകാ റോഡിലെ ബിജെപി ആസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ.

സുധീഷ് സുധാകരൻ: പക്ഷേ താങ്കളൂടേത് ഒരു കോൺഗ്രസ്സ് പശ്ചാത്തലമുള്ള കുടുംബമാണെന്ന് കേട്ടിട്ടുണ്ട്. അവിടെനിന്നും എങ്ങനെയാണു 2014-ൽ ബിജെപി ക്യാമ്പിൽ എത്തിച്ചേരുന്നത്?

സധവി ഖോസ്ല: മോദി ഒരു വികാരമായി ആളുകൾക്കിടയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു സമയമായിരുന്നു അത്. ഒരു കോൺഗ്രസ്സ് വിരുദ്ധവികാരവും സമാന്തരമായി ഉയർന്നു വരുന്നുണ്ടായിരുന്നു. അണ്ണാ ഹസാരെയുടെ ക്യാമ്പയിൻ ഉയർത്തിയ അഴിമതിവിരുദ്ധവികാരം ഒരു ആന്റി കോൺഗ്രസ്സ് അന്തരീക്ഷം ഉണ്ടാക്കിയെടുത്തു. അണ്ണാ ഹസാരെ ക്യാമ്പയിൻ പൂർണ്ണമായും ആർ എസ് എസ് സ്പോൺസർ ചെയ്തതായിരുന്നു. അജിത് ഡൊവൽ നേരിട്ടായിരുന്നു അതു നടപ്പാക്കിയതു. ആ ക്യാമ്പയിനിന്റെ അലകൾ ഒടുങ്ങിയപ്പോൾ അടുത്ത പകരക്കാരൻ ആയിട്ടാണു മോദിയെ ബിജെപി അവതരിപ്പിക്കുന്നത്.

കോൺഗ്രസ്സിനേയും അതിന്റെ നേതാക്കളേയും അധിക്ഷേപിക്കുന്ന ഒരു വലിയ പ്രൊപ്പഗാൻഡ തന്നെ ആ സമയത്ത് നടക്കുന്നുണ്ടായിരുന്നു. മഹാത്മാ ഗാന്ധി , ജവഹർ ലാൽ നെഹ്രു, ഇന്ദിരാ ഗാന്ധി തുടങ്ങിയ എല്ലാ കോൺഗ്രസ്സ് നേതാക്കളേയും മോശം പ്രതിച്ഛായയിൽ അവതരിപ്പിക്കുന്ന ഇ മെയിൽ ഫോർവേർഡുകളും സോഷ്യൽ മീഡിയാ ഷെയറുകളും വ്യാപകമായിരുന്നു. കോൺഗ്രസ്സ് എന്നത് ഒരു ഹിന്ദുവിരുദ്ധ പാർട്ടിയാണെന്ന് സ്ഥാപിക്കുന്നതായിരുന്നു അത്തരം ഫോർവേഡുകൾ. മുസ്ലീം അനുകൂലികളായ കോൺഗ്രസ്സുകാരുടെ ഭരണത്തിന്റെ കീഴിൽ ഹിന്ദുക്കൾ അടിച്ചമർത്തപ്പെടുന്നു എന്ന ഒരു ബോധം എന്നെപ്പോലെയുള്ള ഉപരിമധ്യവർഗ്ഗത്തിൽപ്പെട്ട യുവതലമുറയുടെ ഉള്ളിൽ സൃഷ്ടിക്കുന്നതിൽ അവർ വിജയിച്ചു. ഇത്തരം ഫെയ്ക് പ്രൊപ്പഗാൻഡകളിൽ വീണുപോയ നിരവധിപേരിൽ ഒരാളായിരുന്നു ഞാനും.

സുധീഷ് സുധാകരൻ: എന്തൊക്കെയാണു എൻ ഡി ഓസിയുടെ പ്രവർത്തനരീതികൾ?

സ്മൃതി ഇറാനിയോടൊപ്പം സധവി ഖോസ്ല

സധവി ഖോസ്ല: അവരുടെ കയ്യിൽ വാട്സാപ്പുണ്ട്. പിന്നെ പോസ്റ്റ് കാർഡ് ന്യൂസ് പോലെയുള്ള നിരവധി വെബ്സൈറ്റുകളും.ഇപ്പോൾ അവർ പുതിയൊരെണ്ണം തുടങ്ങിയിട്ടുണ്ട് – റൈറ്റ് ലോഗ് എന്ന പേരിൽ. സാങ്കേതികവിദ്യയെ ആണു അവർ ഉപയോഗിക്കുന്നത്. നിരവധി വ്യാജ പോസ്റ്ററുകളും വാർത്തകളും ചമച്ച് ഇവയിലൂടെ അവർ പ്രചരിപ്പിക്കും. അതിനായി അവർക്കൊരു വലിയ നെറ്റ് വർക്കുണ്ട്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തത്ര വലിയ നെറ്റ് വർക്ക്. ഇന്ത്യയിലും വിദേശത്തുമായി കോടിക്കണക്കിനു സന്നദ്ധപ്രവർത്തകരുള്ള ഈ നെറ്റ് വർക്കിലൂടെ അതു പ്രചരിക്കും. വൈറലാകും.

ബിജെപിയ്ക്ക് ഒരു പാർട്ടി എന്നനിലയിൽ ആളുകളുടെ മുന്നിൽ നല്ല പ്രതിച്ഛായ സൂക്ഷിക്കണം. മോദിയ്ക്ക് ലോകരാഷ്ട്രങ്ങളുടെ മുന്നിൽ സ്വയം സ്റ്റേറ്റ്സ്മാൻ ആകണം. സമാന്തരമായി വിർച്വൽ ലോകത്തിൽ ഉള്ള ഈ പ്രൊഫഷണൽ സൈന്യം അവരുടെ പ്രൊപ്പഗാൻഡ വൃത്തിയായി ചെയ്തുകൊള്ളും. ഈ ഓൺലൈൻ സംഘം പല വെബ് പോർട്ടലുകളും ഗ്രൂപ്പുകളും ഒക്കെയായി വികേന്ദ്രീകൃതമായ  രീതിയിൽ ആണു പ്രവർത്തിക്കുന്നത്. പക്ഷേ എല്ലാവരെയും ഫണ്ട് ചെയ്യുന്നത് ബിജെപി ആണു. നിങ്ങൾ തന്നെ പറയൂ. പണം കിട്ടുന്നില്ലെങ്കിൽ ആരാണു പോസ്റ്റ് കാർഡ് ന്യൂസ് പോലെ ഒരു വെബ്സൈറ്റ് നടത്തുക?

ഈ വ്യാജവാർത്തകളും സാഹിത്യവും ചരിത്രവും എല്ലാ രചിക്കപ്പെടുന്നത് ആർ എസ് എസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണു. മുസ്ലീങ്ങൾക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങളും ഹിന്ദുക്കൾ അപകടത്തിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ആർ എസ് എസിന്റെ ബൌദ്ധികവിഭാഗമാണു സൃഷ്ടിക്കുന്നത്.

സുധീഷ് സുധാകരൻ: ഈയടുത്തകാലത്തായി കേരളത്തിനെതിരായി ഒരു വലിയ ഹേറ്റ് ക്യാ‍മ്പയിൻ ദേശീയതലത്തിൽ നടക്കുന്നുണ്ട്. സംഘപരിവാർ അനുകൂല മാധ്യമങ്ങളും സോഷ്യൽമീഡിയാ ഹാൻഡിലുകളും ആണു ഇതിനായി മുന്നിൽ നിൽക്കുന്നത്. താങ്കൾ എങ്ങനെയാണു ഇതിനെ നോക്കിക്കാണുന്നത്?

ട്വിറ്ററിൽ പ്രചരിക്കുന്ന കേരളവിരുദ്ധ കാർട്ടൂണുകളിലൊന്ന്

സധവി ഖോസ്ല: ഞാൻ കേരളത്തിലോ പശ്ചിമ ബംഗാളിലോ പോയിട്ടില്ല. എനിക്കവിടെ എന്താണു നടക്കുന്നത് എന്ന് കൃത്യമായി അറിയില്ല. പക്ഷേ നിങ്ങൾ ഏതൊരു ബിജെപി പ്രവർത്തകനോടോ ആർ എസ് എസ് പ്രവർത്തകനോടോ ചോദിച്ചു നോക്കൂ. അവർ പറയും കേരളത്തിൽ നിരവധി മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന്. ഹിന്ദുക്കൾക്കെതിരായി കേരളത്തിൽ നിരവധി അക്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ പറയും. ഇതേകാര്യങ്ങൾ പശ്ചിമബംഗാളിനെക്കുറിച്ചും അവർ പറയും. പണ്ടു തൊട്ടേ അങ്ങനെയാണു. കാരണം പശ്ചിമബംഗാളിൽ കാലങ്ങളോളം ഇടതുപക്ഷമായിരുന്നു ഭരിച്ചിരുന്നത്. കേരളത്തിൽ ആണെങ്കിൽ ഇടതും കോൺഗ്രസ്സും മാറിമാറി ഭരിക്കുന്നു. ആർ എസ് സിന്റെ ഏറ്റവും വലിയ ശത്രു ഇടതുപക്ഷമാണു. അൽപ്പം ഇടത്തോട്ട് ചാഞ്ഞ് നിൽക്കുന്ന കോൺഗ്രസ്സും അവരുടെ ശത്രുവാണെങ്കിലും പ്രഥമശത്രു ഇടതുപക്ഷം തന്നെയാണു. കാരണം ആർ എസ് എസ് എന്നത് തീവ്രവലതുപക്ഷമാണു.

ബിജെപി അനുകൂല ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യപ്പെടുന്ന വാട്സാപ്പ് മെസേജുകൾ പരിശോധിച്ചാൽ നിങ്ങൾക്കു മനസ്സിലാകും എത്ര മോശമായാണു അവർ കേരളത്തെ ചിത്രീകരിക്കുന്നത് എന്ന്. കേരളത്തിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നെന്നും നിരവധി ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നുവെന്നും അവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോൾ പശ്ചിമബംഗാളിൽ ഹിന്ദുക്കളെ ദുർഗ്ഗാപൂജ ചെയ്യാൻ അനുവദിക്കുന്നില്ല എന്ന തരത്തിലാണു പ്രചാരണങ്ങൾ. അതു നുണയാണു എന്നെനിക്കറിയാം. കാരണം എനിക്കു നിരവധി ബംഗാളി സുഹൃത്തുക്കളുണ്ട്.

ഇതൊന്നും സത്യമാണോ എന്ന് ശരിക്കറിയാത്ത ഞങ്ങൾ (വടക്കേ ഇന്ത്യയിലെ ഹിന്ദുക്കൾ ) ഇതൊക്കെ വിശ്വസിക്കും. അതാണു പ്രശ്നം. നോക്കൂ, ഈ വാട്സാപ്പ് എന്നുപറയുന്ന സാധനം സമുദായങ്ങൾക്കിടയിൽ അത്രയധികം വെറുപ്പാണു സൃഷ്ടിക്കുന്നത്. ഇപ്പോൾ കേരളത്തെക്കുറിച്ചു ഒന്നുമറിയാത്ത എനിക്കു വാട്സാപ്പിൽ ഒരു ഫോർവാർഡ് കിട്ടുകയാണെന്ന് കരുതുക. “കേരളത്തിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഹിന്ദുക്കൾ “ എന്ന ക്യാപ്ഷനും കൂടെ ഒരു ചിത്രവും. ഒറ്റയടിക്ക് ഞാൻ വിശ്വസിക്കില്ലേ?

സുധീഷ് സുധാകരൻ: കേരളത്തിൽ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങൾ ആണല്ലോ മറ്റൊരു പ്രചാരണം? രാഷ്ട്രീയ കൊലപാതകങ്ങളെ ആർ എസ് എസുകാർ കൊല്ലപ്പെടുന്ന സംഭവങ്ങൾ എന്നതരത്തിൽ ഏകപക്ഷീയമായാണു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സധവി ഖോസ്ല: ആർ എസ് എസുകാർ ആക്രമിക്കപ്പെടുന്നു എന്നല്ല ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു അല്ലെങ്കിൽ കൊല്ലപ്പെടുന്നു എന്നതരത്തിൽത്തന്നെയാണു ഇത്തരം രാഷ്ട്രീയ സംഘർഷങ്ങളേയും അവർ ഇവിടെ പ്രചരിപ്പിക്കുന്നത്. ആർ എസ് സിനു നേരേയുള്ള ഏതുതരം ആക്രമണങ്ങളേയും ഹിന്ദുക്കൾക്ക് നേരേയുള്ള ആക്രമണമായാണു അവർ ചിത്രീകരിക്കുക. ഞാനെന്നു മുതലാണോ മോദിയെ പിന്തുണയ്ക്കുന്നത് നിർത്തിവെച്ചത്, അന്നുമുതൽ സംഘപരിവാർ-ബിജെപി പ്രവർത്തകർ ട്വിട്ടറിലും മറ്റും എന്നെ ട്രോൾ ചെയ്യുന്നത് എന്നെ ”ജിഹാദിയെന്നും” ഹിന്ദുവിരുദ്ധയെന്നും വിളിച്ചുകൊണ്ടാണു. ഒറ്റരാത്രികൊണ്ട് ഞാനവർക്ക് ജിഹാദിയായി.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ട്വിറ്ററിൽ ഷെയർ ചെയ്ത വ്യാജ വീഡിയോ

കേരളത്തിനെതിരെ എന്നതു മാത്രമല്ല, ഈ രാജ്യത്തിന്റെ സാമൂഹിക നിർമ്മിതിയെത്തന്നെ ഇവർ നശിപ്പിക്കുകയാണു. അത്രയധികം വെറുപ്പ് ഈ രാജ്യത്തു അവർ പ്രചരിപ്പിക്കുന്നുണ്ട്.

ഉദാഹരണത്തിനു കേരളത്തിൽ  പൊതുസ്ഥലത്തു വെച്ച് കോൺഗ്രസ്സ് പ്രവർത്തകർ കന്നുകാലിയെ കശാപ്പ് ചെയ്ത സംഭവം തന്നെ എടുക്കുക. പൊതുസ്ഥലത്ത് അങ്ങനെ ചെയ്തു എന്നതിനു ഞാനും വ്യക്തിപരമായി എതിരാണു. പക്ഷേ ബിജെപി ചെയ്യുന്നതെന്താണു? ഇത്തരം കാര്യങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗത്തുള്ള ഹിന്ദുക്കളെ ധ്രുവീകരിക്കാൻ വേണ്ടി ബിജെപി ഇതിനെ ഉപയോഗിക്കുകയാണു.

ഞാൻ ഒരു ഹിന്ദുമതവിശ്വാസിയാണു. എന്റെ കുടുംബത്തിലാരും ബീഫ് കഴിക്കാറില്ല. ബീഫ് വിളമ്പുന്ന ഒരു റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കാൻ പോലും എനിക്കു ബുദ്ധിമുട്ടുണ്ട്. പക്ഷേ എന്റെ അയൽക്കാരൻ ബീഫ് കഴിക്കുന്നു എന്നത് എന്നെ ബാധിക്കുന്ന പ്രശ്നമല്ല. പക്ഷേ ബിജെപിയുടെ കപടത നമ്മൾ കാണേണ്ടതുണ്ട്.  വടക്കേ ഇന്ത്യ മുഴുവൻ പശു മാതാവാണെന്ന് പ്രചരിപ്പിക്കുന്ന ബിജെപി, തങ്ങൾ ഭരിക്കുന്ന ഗോവയിൽ ബീഫിന്റെ ലഭ്യത ഉറപ്പുവരുത്തുന്നു. തങ്ങൾ ഭരിക്കുന്ന ഗോവയിൽ ഉയർത്താത്ത ബീഫ് പ്രശ്നം കേരളത്തിന്റെ പേരിൽ ഉയർത്തുന്നു.

യോഗി അധികാരത്തിൽ വന്നയുടൻ യുപിയിലെ എല്ലാ കശാപ്പുശാലകളും നിരോധിച്ചു. നമുക്കെല്ലാം അറിയാം മുസ്ലീങ്ങളാണു ഈ മേഖലയിൽ കൂടുതലായി ജോലി ചെയ്യുന്നത്. യാതൊരു പകരം സംവിധാനവുമില്ലാതെ ഇത്രയധികം ആളുകളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്ന ഇത്തരം നിരോധനങ്ങളെ എങ്ങനെയാണു അംഗീകരിക്കാൻ സാധിക്കുക? ഇവർ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണു. വിരട്ടുകയാണു. ഇതു നമ്മുടെ സമൂഹത്തിന്റെ നേരായ പോക്കിനു ആശാസ്യമല്ല.

സുധീഷ് സുധാകരൻ: ഈ വെറുപ്പിന്റെ പ്രൊപ്പഗാൻഡയെ ഒരു ഉപരിമധ്യവർഗ്ഗ സമൂഹം എങ്ങനെയാണു നോക്കിക്കാണുന്നത്?

സധവി ഖോസ്ല: ഹിന്ദുക്കളെ സംഘപരിവാറും അവരുടെ പ്രൊപ്പഗാൻഡ വിഭാഗവും ചേർന്ന് വല്ലാതെ റാഡിക്കലൈസ് ചെയ്തിട്ടുണ്ട്. ഹിന്ദുക്കൾ ഇത്രയധികം റാഡിക്കലൈസ് ചെയ്യപ്പെട്ട ബ്രെയിൻ വാഷ് ചെയ്യപ്പെട്ട മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല.അതും പുതിയ തലമുറയിലെ അഭ്യസ്തവിദ്യരായ ഹിന്ദുക്കൾ. എന്റെ കുടുംബത്തിൽ ഐ ഐ ടി- ഐ ഐ എം പോലെയുള്ള സ്ഥലങ്ങളിൽ പഠിച്ചിറങ്ങിയ നിരവധിപേരുണ്ട്. പലരും പല കമ്പനികളുടേയും സി ഇ ഓ ഒക്കെ ആണു. അവരൊക്കെ ഫാമിലി-അലൂംനി വാട്സാപ്പ് ഗ്രൂപ്പുകളിലും   മറ്റും സംവദിക്കുമ്പോൾ എടുക്കുന്ന നിലപാടുകൾ വെച്ചാണു ഞാൻ പറഞ്ഞത്. അവരൊക്കെ നിലവിലെ വെറുപ്പിന്റെ അന്തരീക്ഷത്തിൽ വളരെ സന്തുഷ്ടരാണു. ഈ നടക്കുന്ന ആൾക്കൂട്ടഹത്യകളൊക്കെ അവർക്ക് സന്തോഷം പകരുന്നു. ന്യൂനപക്ഷത്തിൽപ്പെട്ടവരെ മർദ്ദിച്ചുകൊല്ലുന്നത് നല്ലതിനാണു എന്നരീതിയിലാണു അവരൊക്കെ പ്രതികരിക്കുന്നത്. ഹിന്ദുക്കൾ അടിച്ചമർത്തപ്പെട്ടിരിക്കുകയായിരുന്നെന്നും ഇപ്പോഴാണു ഹിന്ദുക്കൾക്ക് ഒരു മേൽക്കൈ കിട്ടിയതെന്നും ഈ മനുഷ്യർ വിശ്വസിക്കുന്നു.

ഈയടുത്ത് ട്വിട്ടറിൽ ഒരു ബിജെപി ട്രോൾ എന്നോട് “ഹിന്ദുക്കൾ അടിച്ചമർത്തപ്പെടുകയായിരുന്നു “, “ഹിന്ദുക്കൾ അപകടത്തിലായിരുന്നു” എന്നൊക്കെ കുറെ ബ്ലാ ബ്ലാ ന്യായങ്ങൾ പറഞ്ഞു. ഞാൻ ചോദിച്ചു, എന്തു അടിച്ചമർത്തൽ? എനിക്കൊരിക്കലും ഫീൽ ചെയ്തിട്ടില്ല. ഹിന്ദുക്കൾ അടിച്ചമർത്തപ്പെടുന്നു എന്ന തെറ്റായ ധാരണയുടെ പുറത്തല്ല 2014-ൽ ഞാൻ മോദിയെ പിന്തുണച്ചത്. മോദി ഉയർത്തിയ അച്ഛേ ദിൻ, ഗുജറാത്ത് മോഡൽ എന്നിവയിൽ വിശ്വസിച്ച ഞാൻ കരുതി, ഇയാൾ എന്തെങ്കിലും മാറ്റം കൊണ്ടുവരുമെന്ന്. പക്ഷേ മോദി അധികാരത്തിൽ വന്ന ശേഷം രാജ്യത്ത് ഉണ്ടായി വന്ന വെറുപ്പിന്റെ രാഷ്ട്രീയം ഗുരുതരമാണു. എങ്ങോട്ടാണു നമ്മൾ പോകുന്നത്?

സുധീഷ് സുധാകരൻ: ഓൺലൈനിൽ ബിജെപി-സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ ഒരു സംഘടിതമായ ആക്രമണമാണു ബിജെപി ഐ ടി സെല്ലിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ളത്. എങ്ങനെയാണു ഇവർ സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഇവർക്കനുകൂലമാക്കി മാറ്റുന്നത്?

സധവി ഖോസ്ല: നിങ്ങൾ മൊത്തം മാധ്യമങ്ങളെ നോക്കൂ. തൊണ്ണൂറു ശതമാനത്തിലധികം മാധ്യമങ്ങളും അവരുടെ കയ്യിലാണു. അക്ഷരാർത്ഥത്തിൽ അവർ മാധ്യമങ്ങളെ നിയന്ത്രിക്കുകയാണു.  പറയൂ, ഏതു മാധ്യമമാണു ബിജെപിയെ വിമർശിക്കുന്നത്? ആ‍രുമില്ല. ബിജെപി തങ്ങളുടെ കൈവശമുള്ള കോർപ്പറേറ്റ് ഗ്രൂപ്പുകളെ ഉപയോഗിച്ചു ഈ മാധ്യമങ്ങളെ മുഴുവൻ  നിയന്ത്രിക്കുകയാണു. പരസ്യവരുമാനം എന്നത് കോർപ്പറേറ്റ് ഗ്രൂപ്പുകൾ വിചാരിച്ചാൽ ഇല്ലാതാകുമല്ലോ. ഇതുവഴി പൊതുജനാഭിപ്രായത്തെ വരെ അവർ സ്വാധീനിക്കുകയാണു.

ട്വിറ്ററിൽ ആക്രമണം നടത്തുന്ന ട്രോൾ ഐഡികളെ നോക്കൂ. ഇതിൽ വോളണ്ടിയർമാരും പെയ്ഡ് ട്രോളുകളും ഉണ്ട്. ഉദാഹരണത്തിനു രാഹുൽ ഗാന്ധിയെ പരിഹസിച്ചും ട്രോൾ ചെയ്തും ഉള്ള ട്വീറ്റുകൾക്ക് ഒരു ട്വീറ്റിനു ഇത്രരൂപ എന്ന നിരക്കിലാണു അവർ പണം നൽകുന്നത്. തേജീന്ദർ പാൽ ബഗ്ഗയെ നോക്കൂ.അയാളൊരു ട്രോൾ ആയിരുന്നു. ഇപ്പോൾ അയാൾ ബിജെപിയുടെ ഡൽഹിയിലെ വക്താവാണു. ഏറ്റവും നന്നായി അസഭ്യം പറയാനറിയുന്നവർക്കും നന്നായി ട്രോൾ ചെയ്യാനറിയുന്നവർക്കും ബിജെപിയിൽ ഉന്നതസ്ഥാനത്തെത്താം എന്നതിന്റെ ഉദാഹരണമാണത്.

ഞാൻ എൻ ഡി ഓസിയിൽ ജോലി ചെയ്തിരുന്ന സമയത്താണു അമീർഖാൻ അടക്കമുള്ളവർക്കെതിരായി ഓൺലൈൻ ആക്രമണത്തിനു ആഹ്വാനം ഉണ്ടായത്. എൻ ഡി ഓ സിയുടെ അധ്യക്ഷൻ അരവിന്ദ് ഗുപ്ത എനിക്ക് നേരിട്ട് വാട്സാപ്പ് വഴി മെസേജ് അയച്ചിട്ടുണ്ട്, അമീർ ഖാനെ ട്വിറ്ററിൽ ആക്രമിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്. എനിക്കതുൾക്കൊള്ളാൻ കഴിഞ്ഞില്ല. എത്രപേരാണു അത്തരത്തിൽ ആക്രമിക്കപ്പെട്ടത്. ബർഖാ ദത്ത്, രാജ്ദീപ് സർദേശായി.. ഇവരെയൊക്കെ പ്ലാൻ ചെയ്തു ബിജെപി ഐടി സെൽ ട്വിറ്ററിലും മറ്റും ട്രോൾ ചെയ്യുകയായിരുന്നു. ഇത്തരം സംഭവങ്ങളിൽ മനസ്സുമടുത്താണു ഞാൻ എൻ ഡി ഓ സി വിടുന്നത്.

സുധീഷ് സുധാകരൻ: ഇങ്ങനെ പി ആർ ജോലികൾ നടത്താൻ ധാരാളം പണമാവശ്യമുണ്ട്. എങ്ങനെയാണു അവർ ഈ പണം കണ്ടെത്തിയത്?

സധവി ഖോസ്ല: കോർപ്പറേറ്റ് സ്പോൺസർഷിപ്പ് ആണു പ്രധാനമായും. പിന്നെ എൻ ആർ ഐ ആയ ഇന്ത്യാക്കാർ വൻതോതിൽ ഫണ്ട് ചെയ്യുന്നുണ്ട്. പ്രധാനമായും ഗുജറാത്തികൾ.

എന്റെ ഒരു സുഹൃത്ത് മോദിക്കു വേണ്ടി 2014-ൽ ഡിജിറ്റൽ കാമ്പയിൻ നടത്തിയിരുന്നു. അയാൾക്ക് അതിനുള്ള പണം നൽകിയത് എസ്സാർ ഗ്രൂപ്പ് ആണു. ലക്ഷക്കണക്കിനു രൂപയാണു നൽകിയത്. അതും ക്യാഷ് ആയിട്ടു.

സുധീഷ് സുധാകരൻ: വടക്കേ ഇന്ത്യയിൽ മാത്രമല്ല കേരളത്തിലും ഇത്തരം ഫെയ്ക് പ്രൊപ്പഗാൻഡ സോഷ്യൽ മീഡിയ വഴി നടക്കുന്നുണ്ട്. ബിജെപിയുടെ ഐ ടി സെല്ലിൽ പ്രവർത്തിച്ചയാൾ എന്ന നിലയിൽ എന്താണു മലയാളികളോട് പറയാനുള്ളത്?

സധവി ഖോസ്ല: വാട്സാപ്പിൽ വരുന്നതൊന്നും വിശ്വസിക്കരുത്. വാട്സാപ്പിൽ ആർക്കും എന്തും ഉണ്ടാക്കിവിടാൻ സാധിക്കും. വെറുപ്പിന്റെ രാഷ്ട്രീയവും നുണയും പ്രചരിപ്പിക്കുന്നവരുടെ ഏറ്റവും വലിയ ആയുധമാണു വാട്സാപ്പ്. ബിജെപി ഗ്രൂപ്പുകളോ ട്രോളുകളോ എന്തെങ്കിലും സംഗതി വസ്തുതപോലെ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അത് ഉറപ്പായും വ്യാജമായിരിക്കും എന്നു മനസ്സിലാക്കുക. നുണ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും മാത്രമായി അവർക്ക് സംവിധാനങ്ങളുണ്ട്.