നിതീഷിന്റെ ബിജെപി ബാന്ധവം ഏകപക്ഷീയമായ തീരുമാനം: ചർച്ച ചെയ്യാൻ ദേശീയ കൺവെൻഷൻ വിളിക്കണമെന്ന് ശരദ് യാദവിനോട് ജെ ഡി- യു സംസ്ഥാന അദ്ധ്യക്ഷന്മാർ

single-img
2 August 2017

ബിജെപിയുമായി സഖ്യമുണ്ടാക്കിയ നിതീഷ് കുമാറിന്റെ തീരുമാനം ഏകപക്ഷീയമെന്ന് ജനതാദൾ (യുണൈറ്റഡ്)ന്റെ സംസ്ഥാന നേതാക്കൾ. നിതീഷിന്റെ നീക്കം ചർച്ച ചെയ്യുവാനായി പാർട്ടിയുടെ ദേശീയ കൺവെൻഷൻ വിളിച്ചുകൂട്ടണമെന്ന് ജെ ഡി-യുവിന്റെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്മാർ പാർട്ടിയുടെ സ്ഥാപക അദ്ധ്യക്ഷനായ ശരദ് യാദവിനോട് ആവശ്യപ്പെട്ടു.

ഇതിനിടെ,  നിതീഷ് കുമാറിന്റെ തീരുമാനത്തെക്കുറിച്ച് പാർട്ടി നേതാക്കളുടെയും അണികളുടെയും അഭിപ്രായം മനസ്സിലാക്കുവാനും നിലവിലെ സാഹചര്യത്തെക്കുറിച്ചു പഠിക്കുവാനുമായി ശരദ് യാദവ് ഈ മാസം അഞ്ചാം തീയതി മുതൽ സംസ്ഥാനത്ത് പര്യടനം നടത്തും. ഓഗസ്റ്റ് പതിനേഴിനു മതേതര പാർട്ടികളായ കോൺഗ്രസ്സ്, സി പി ഐ എം, ബി എസ് പി, എസ് പി തുടങ്ങിയവയുടെ നേതാക്കൾ പങ്കെടുക്കുന്ന ഒരു സമ്മേളനത്തിലും ശരദ് യാദവ് പങ്കെടുക്കും.

ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായി ചേർന്നുള്ള മഹാസഖ്യത്തിൽ നിന്നും പിന്മാറി ബിജെപിയുമായി സഖ്യമുണ്ടാക്കിയ നിതീഷ് കുമാറിന്റെ നടപടിയെ “നിർഭാഗ്യകര”മെന്നും “അഹിതകര”മെന്നുമായിരുന്നു ശരദ് യാദവ് വിശേഷിപ്പിച്ചത്.

വർഷങ്ങളായി നിതീഷ് കുമാരിനാൽ പാർശ്വവൽക്കരിക്കപ്പെട്ടുപോരുന്ന ശരദ് യാദവിനു ശക്തമായ ഒരു തിരിച്ചു വരവിനുള്ള അവസരമാണു നിലവിലെ സാഹചര്യത്തിൽ ഉള്ളതെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിതീഷ് കുമാർ വിരുദ്ധരായ പാർട്ടിയിലെ ഒരു വലിയ വിഭാഗം ഈയവസരം നന്നായി ഉപയോഗിച്ചേക്കും.

ഈ മാസം 19-നു പട്നയിൽ ചേരുന്ന പാർട്ടി ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്നാണു സൂചനകൾ.

നിതീഷ് കുമാറിനോട്  വിയോജിപ്പുള്ള പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്മാർ അദ്ദേഹത്തിനു പ്രത്യേകം കത്തയച്ച് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇതിൽ കേരള സംസ്ഥാന അദ്ധ്യക്ഷനായ എം പി വീരേന്ദ്രകുമാറും ഉൾപ്പെടും.സംഘപരിവാറുമായി സഖ്യമുണ്ടാക്കിയ നിതീഷിന്റെ നടപടി, 2015-ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയ്ക്കെതിരായി വോട്ട് ചെയ്ത ജനങ്ങളോടുള്ള വഞ്ചനയാണെന്നു കത്തിൽ സൂചിപ്പിക്കുന്നു.

ലാലുവുമായുള്ള സഖ്യം ഉപേക്ഷിക്കാൻ ആയിരുന്നെങ്കിൽ രാജിവെച്ച് ഇടക്കാല തെരെഞ്ഞെടുപ്പിനെ നേരിടുന്നതായിരുന്നു മാന്യതയെന്നാണു ജെ ഡി-യുവിലെ വിമതവിഭാഗ അഭിപ്രായപ്പെടുന്നത്.