ഗോരക്ഷകൻ സതീഷ് കുമാർ : പഞ്ചാബിലെ രാജ്പുര അടക്കിവാണ അധോലോകനായകൻ; വിശുദ്ധപശുവിന്റെ നാമത്തിൽ-2

single-img
1 August 2017

നീല ബീക്കൺ ലൈറ്റ് ഘടിപ്പിച്ച പോലീസ് ബ്ലൂ നിറമുള്ള എസ് യു വി കാർ, ഓട്ടോമാറ്റിക് റൈഫിളുകൾ അടക്കമുള്ള അത്യാധുനിക ആയുധങ്ങൾ, യൂണിഫോമണിഞ്ഞ സെക്യൂരിറ്റി ഗാർഡുമാർ- പഞ്ചാബിലെ രാജ്പുര അടക്കിവാണ ഗോരക്ഷകൻ സതീഷ് കുമാറിന്റെ ചരിത്രം ഞെട്ടിക്കുന്നതാണു. ഒരു ഭാരദ്വേഹന താരം എന്ന നിലയിൽ നിന്നും ഒരു സായുധ അധോലോക സംഘത്തിന്റെ തലവൻ എന്ന നിലയിലേയ്ക്ക് സതീഷ് കുമാർ വളരുന്നത് 25-കൊല്ലം കൊണ്ടാണു.

ആദ്യഭാഗം: വിശുദ്ധപശുവിന്റെ നാമത്തിൽ: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ പാർലമെന്റ് ആക്രമണം

എൻ എച്ച് – 10 എന്ന സിനിമയിൽ ഹരിയാനയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ നിന്നും വന്ന നായികയോട് പറയുന്ന ഒരു വാചകമുണ്ട്- “ ഗുഡ്ഗാവിലെ അവസാനത്തെ മാൾ ഇല്ലേ? അവിടെത്തീരും നിങ്ങളുടെ ജനാധിപത്യവും ഭരണടനയുമൊക്കെ”. ഡൽഹിയിലെ അവസാനത്തെ മാളുകൾക്കപ്പുറം ഡൽഹി-അമൃത്സർ ഹൈവേയിലുള്ള ചെറിയ ഒരു പട്ടണമാണു രാജ്പുര. ഭാരതീയ ഗോരക്ഷാ ദൾ എന്ന ഡൽഹി ആസ്ഥാനമായ സംഘടനയുടെ പഞ്ചാബ് വിഭാഗം തലവനായ സതീഷ് കുമാർ ഗോരക്ഷയുടെ പേരിൽ നടത്തിവന്ന അക്രമങ്ങളും ക്രൂരതകളും ഇസ്ലാമിക തീവ്രവാദസംഘടനയായ ഐസിസിനെപ്പോലും നാണിപ്പിക്കുന്നതരത്തിലുള്ളതാണു.

ഭാരതീയ ഗോരക്ഷാ ദൾ എന്നതു ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗോരക്ഷാ സംഘമാണു. പവൻ പണ്ഡിറ്റ് എന്ന ഹരിയാന സ്വദേശിയായ ബ്രാഹ്മണൻ സ്ഥാപിച്ച ഈ സംഘടന ഇന്ത്യയിലെ എല്ലാ ഗോരക്ഷാ സംഘങ്ങളുടേയും മാതൃസംഘടനപോലെയാണു പ്രവർത്തിക്കുന്നത്. സംവരണവിരുദ്ധസമരങ്ങൾ, ഗോരക്ഷാ പ്രസ്ഥാനങ്ങൾ എന്നിവയിലൂന്നിയ സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന പവൻ പണ്ഡിറ്റ്, അത്തരത്തിലുള്ള നിരവധി സംഘടനകളുടെ സാ‍രത്ഥ്യം വഹിക്കുന്ന ഒരാളാണു. ഭാരതീയ ഗോരക്ഷാ ദൾ, വിശ്വഹിന്ദുസേന, ആം ആദ്മി സംഘടൻ, ആം ആദ്മി സേന തുടങ്ങിയ സംഘടനകളുടെയെല്ലാം ദേശീയ അദ്ധ്യക്ഷൻ പവൻ പണ്ഡിറ്റാണു. ഹിന്ദുത്വരാഷ്ട്രീയവും സംഘപരിവാർ അനുഭാവവും ഈ സംഘടനകളുടെയെല്ലാം മുഖമുദ്രയാണു. സതീഷ് കുമാർ നയിക്കുന്ന പഞ്ചാബ് ഗോരക്ഷാ ദൾ ഭാരതീയ ഗോരക്ഷാദളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സംഘടനയാണെന്ന് അവരുടെ വെബ്സൈറ്റ് പറയുന്നു.

പഞ്ചാബ് ഗോരക്ഷാ ദളിന്റെ യൂ ട്യൂബ് ചാനലിൽ 2014-ൽ അപ്ലോഡ് ചെയ്ത ഒരു മണിക്കൂറോളം ദൈർഘ്യമുള്ള വീഡിയോയിലാണു ക്രൂരമായ മർദ്ദനമുറകളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്ളത്. കന്നുകാലികളുമായി പോകുന്ന ലോറികൾ തടഞ്ഞ ശേഷം അതിന്റെ ഡ്രൈവർമാരെയും ക്ലീനർമാരെയും ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണു ഒരു പഞ്ചാബി ഗാനത്തിന്റെ അകമ്പടിയോടെ പ്രസിദ്ധീകരിച്ചിരുന്നത്. ഇരകൾ കൂടുതലും അടിസ്ഥാനവർഗ്ഗത്തിൽപ്പെട്ട മുസ്ലീങ്ങളോ ദളിത് വിഭാഗത്തിൽപ്പെട്ടവരോ ആണു. പശുവിനെ രക്ഷിക്കുക എന്നതിലപ്പുറം ഒരു കൂട്ടം ക്രിമിനലുകളുടെ വംശീയവെറിയും സാഡിസവും പ്രകടമാക്കപ്പെടുന്നതാണു ഈ ദൃശ്യങ്ങളിൽ കാണുവാൻ കഴിയുക. മുസ്ലീം ലോറി ഡ്രൈവർമാരെ രാജ്യദ്രോഹികൾ എന്നാണു ഈ വീഡിയോയിൽ വിശേഷിപ്പിക്കുന്നത്. ലോറിയിൽ കന്നുകാലികളെ കൊണ്ടുപോകുന്നതാണു ഇവരുടെ അഭിപ്രായത്തിൽ രാജ്യദ്രോഹക്കുറ്റം.

ഇരകളെ കമിഴ്ത്തിക്കിടത്തിയശേഷം അവരുടെ പുറത്ത് നിതംബഭാഗത്ത് ഒരാൾ കയറിയിരിക്കുകയും കാലുകൾ മടക്കി കാൽവെള്ളയിൽ വെള്ളമൊഴിച്ച് നനച്ച് വടിയുപയോഗിച്ച് അടിക്കുകയും ചെയ്യുന്നതാണു പ്രധാനമർദ്ദനമുറ. അതിശക്തമായ വേദനകൊണ്ടുപുളയുന്ന ഇരയെ തലയിലു കൈയ്യിലും പിടിച്ച് തറയിലേയ്ക്കമർത്തിവെയ്ക്കാൻ വേറേയും ആളുകളുണ്ടാകും. വേദനകൊണ്ട് ആളുകൾ തറയിൽ മാന്തുന്ന രംഗങ്ങൾ മനസാക്ഷിയുള്ളവർക്ക് കണ്ടുനിൽക്കാൻ കഴിയില്ല. തൂണിൽ കെട്ടിയിട്ടു തല്ലുക, കെട്ടിത്തൂക്കിയിട്ട് തല്ലിച്ചതയ്ക്കുക തുടങ്ങിയ ക്രൂരതകളുടെയും വീഡിയോ കാണുവാൻ സാധിക്കും. കാലികളെ കൊണ്ടുവരുന്ന ലോറികൾ പെട്രോളൊഴിച്ച് കത്തിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഈ വീഡിയോയുടെ അവസാനം മോദിയുടെ ചിത്രത്തോടൊപ്പം ഗോക്കളുടെ സംരക്ഷണത്തിനായി മോദിക്ക് വോട്ടുനൽകാനുള്ള ആഹ്വാനവുമുണ്ട്. 2014-ലെ ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം നിർമ്മിച്ച വീഡിയോ ആണിതെന്നു വേണം കരുതാൻ. ഗോരക്ഷാദളിന്റെ യൂട്യൂബ് ചാനൽ ഇപ്പോൾ ലഭ്യമല്ല. 2014 സെപ്റ്റംബറിൽ മറ്റൊരു ഐഡിയിൽ നിന്നും അപ്ലോഡ് ചെയ്ത വീഡിയോ ആണു നിലവിൽ ലഭ്യമായത്.

സതീഷ് കുമാറിന്റ് നേതൃത്വത്തിലുള്ള ഗോരക്ഷകർ ഓട്ടോമാറ്റിക് റൈഫിളുക ( സി എം ജി, എസ് എൽ ആർ)ളും പിസ്റ്റളുകളും വാളുകളുമായി തങ്ങളുടെ ഓപ്പൺ എസ് യുവിൽ റോന്തുചുറ്റിയിരുന്നത് യാതൊരു ഒളിയും മറയുമില്ലാതെയാണു. പോലീസും സർക്കാരും ഇവർക്ക് പിന്തുണകൊടുത്തിരുന്നു. മേൽപ്പറഞ്ഞ വീഡിയോയിൽ പലയിടത്തും പോലീസുകാർ ഗോരക്ഷാഗുണ്ടകൾക്കൊപ്പം നിന്ന് ഇരകളെ മർദ്ദിക്കുന്നത് കാണാം. ബിജെപിയുടെ പിന്തുണയുള്ള അകാലി സർക്കാർ ആയിരുന്നു സതീഷ് കുമാറിനു എല്ലാ പിന്തുണയും നൽകിയിരുന്നത്. 2012-ൽ സംഘപരിവാർ അനുകൂല ചാനലായ സുദർശൻ ന്യൂസ് സതീഷ് കുമാറിന്റെ ഒരു മുഴുനീള അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. ഈ പരിപാടിയ്ക്കിടയിൽ പഞ്ചാബ് ഗോരക്ഷാ ദളിന്റെ അതിക്രമങ്ങളുടെ വീഡിയോ അഭിമാനപൂർവ്വം പ്രദർശിപ്പിക്കുന്നുണ്ട്.

2016 ജൂലായ് മാസത്തിൽ ഗുജറാത്തിലെ ഉനയിൽ ചത്തപശുവിന്റെ തോലുരിഞ്ഞുകൊണ്ടിരുന്ന അഞ്ചു ദളിത് യുവാക്കളെ പ്രാദേശിക ഗോരക്ഷാ സംഘം കെട്ടിയിട്ടു മർദ്ദിക്കുന്ന ദൃശ്യങ്ങൾ വിവാദമാകുകയും ഇതു രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങൾക്കും മാർച്ചുകൾക്കും വഴിവെയ്ക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങൾ രൂക്ഷമായപ്പോൾ ഗോരക്ഷകരെ ഭാഗികമായി തള്ളിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പ്രസ്താവന അടത്തുകയും ചെയ്തു.

ഈ അവസരത്തിൽ ഇന്ത്യാ ടുഡേ ചാനൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടാണു സതീഷ് കുമാറിന്റെ അറസ്റ്റിലേയ്ക്ക് നയിച്ചത്. തങ്ങളുടെ ഇൻവ്സ്റ്റിഗേറ്റീവ് ടീമിനെ അയച്ച് സതീഷ് കുമാറിന്റെ ഗോരക്ഷാദൾ പ്രവർത്തകരുടെ ഒരു രാത്രിയിലെ പ്രവർത്തനങ്ങൾ ചിത്രീകരിച്ച ശേഷമാണു ഇന്ത്യാ ടുഡേ, സതീഷ് കുമാറിന്റെ അധോലോകത്തെ രാജ്യത്തിനുമുന്നിൽ തുറന്നുകാട്ടിയത്. അന്നു ഇന്ത്യാ ടുഡേയ്ക്കു നൽകിയ ഒരു അഭിമുഖത്തിൽ സതീഷ് കുമാർ പറയുന്നത് “പശുക്കളെ രക്ഷിക്കുന്നവരെ നിങ്ങൾ ഗുണ്ടകളേന്നാണു വിളിക്കുന്നതെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ ഗുണ്ടയാണെന്നു പറയാൻ എനിക്കഭിമാനമേയുള്ളൂ” എന്നാണു.

ഗുഡ്ഗാവിലെ അവസാനത്തെ മാളുകൾക്കപ്പുറത്ത് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വെളിയിൽ ജീവിച്ചു ശീലിച്ച സതീഷ് കുമാറിനു ഇംഗ്ലീഷ് ചാനൽ അവതാരകൻ ചോദിച്ച മനുഷ്യാവകാശത്തിന്റെ ചോദ്യങ്ങളും പാഠങ്ങളുമൊന്നും മനസ്സിലായില്ല. തുടർന്നു പഞ്ചാബ് ഗോരക്ഷാദളും അവരുടെ ആരാധകരും അപ്ലോഡ് ചെയ്തിരുന്ന നിരവധി വീഡിയോകൾ വൈറൽ ആയിമാറി. വിവാദങ്ങൾ കനത്തപ്പോൾ ഗതികെട്ട പഞ്ചാബ് സർക്കാർ സതീഷ് കുമാറിനെതിരെ വാറന്റ് പുറപ്പെടുവിച്ചു.

വിവാദം കനത്തുനിൽക്കുമ്പോൾ സതീഷ് കുമാറിനെതിരെ നിരവധി ഇരകൾ പരാതിയുമായി രംഗത്തെത്തി. ഇരകളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. യുപിയിലെ സഹാറൻപൂരിൽ നിന്നുള്ള കന്നുകാലി കച്ചവടക്കാരനായ ഒരു വ്യക്തി മജിസ്ട്രെറ്റിനു മുന്നിൽ നൽകിയ മൊഴിയിൽ  പീഡനമുറകൾക്കിടയിൽ ഗോരക്ഷാ ഗുണ്ടകൾ തന്നെ സ്വവർഗ്ഗ ലൈംഗിക പീഡനങ്ങൾക്കും വിധേയനാക്കിയതായി വെളിപ്പെടുത്തി. ഇവർ തന്നെ മുഖത്തു മൂത്രമൊഴിക്കുകയും മർദ്ദിക്കുകയും ചെയ്തതായും ഇയാൾ മൊഴിനൽകി. ഈ കേസ് കൂടി ചാർജ്ജ് ചെയ്യപ്പെട്ടതോടെ സതീഷ് കുമാർ ഒളിവിൽപ്പോയി. 2016 ഓഗസ്റ്റ് 21-നു ഉത്തർപ്രദേശിലെ വൃന്ദാവനിൽ നിന്നും സതീഷ് കുമാറിനെ പട്യാല പോലീസ് അറസ്റ്റ് ചെയ്തു. കോടതി സതീഷിനു ജാമ്യം അനുവദിച്ചില്ല. സതീഷ് കുമാറിന്റെ സംഘത്തിൽപ്പെട്ട അരുൺ കുമാർ, ഗൌരി എന്നിവരേയും പോലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

സതീഷ് കുമാറിന്റെ അറസ്റ്റോടെ പഞ്ചാബിലെ ഗോരക്ഷാദൾ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു എന്നുവേണമെങ്കിൽ പറയാം. സതീഷ് കുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വിവിധ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ പട്യാലയിൽ ബന്ദും പ്രതിഷേധ റാലിയും ഒക്കെ സംഘടിപ്പിച്ചിരുന്നു. ശിവസേനയുടെ പഞ്ചാബ് വൈസ് പ്രസിഡന്റ് ഹരീഷ് സിംഗ്ലയാണു റാലിയെ അഭിസംബോധന ചെയ്തതു.

ഇക്കഴിഞ്ഞ ഏപ്രിലിൽ ബിജെപി ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളടക്കം ആറു സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് ഒരു പൊതുതാൽപ്പര്യഹർജ്ജിയിന്മേൽ സുപ്രീം കോടതിയയച്ച നോട്ടീസിൽ ഗോരക്ഷക സംഘങ്ങളെ എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്നതിന്റെ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു . ഈ നോട്ടീസ് ഗോരക്ഷകരെ വഴിവിട്ട് സഹായിക്കുന്ന സംസ്ഥാന സർക്കാരുകളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

ഉന സംഭവത്തിനു ശേഷമുണ്ടായ ദളിത് പ്രക്ഷോഭങ്ങളും മാധ്യമറിപ്പോർട്ടുകളും കോടതികളിൽ നിന്നുള്ള സമ്മർദ്ദവുമൊക്കെയാണു മോദിയുടെ ആരാധകനും സംഘപരിവാറിന്റെ പ്രിയപ്പെട്ടവനുമായ സതീഷ് കുമാറിനെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് സർക്കാരിനെ നിർബ്ബന്ധിതമാക്കിയത്. “മോദി തങ്ങളെ പിന്നിൽ നിന്നും കുത്തി“യെന്നാണു അറസ്റ്റിനുമുന്നേയുള്ള ദിവസങ്ങളിൽ സതീഷ് കുമാർ പ്രതികരിച്ചത്. 25- വർഷമായി ഗോരക്ഷകനായി പ്രവർത്തിക്കുന്നെങ്കിലും ഇയാളുടെ അതിക്രമങ്ങൾ 2012-നു ശേഷം വർദ്ധിച്ചുവന്നതായിട്ടാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഗോരക്ഷ ക്യാമ്പെയിനായി ഉയർത്തിയ മോദിയുടെ വിജയം ഈ സംഘങ്ങൾക്കു പുതിയ ഉണർവ്വേകുകയും 2014-16 കാലഘട്ടത്തിൽ ഇവർ അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയുമായിരുന്നു.

സതീഷ് കുമാർ ഒരു ഉദാഹരണം മാത്രമാണു. രാജ്യമൊട്ടാകെ ഗോരക്ഷയുടെ പേരിൽ കൊള്ളയും കൊലയും അക്രമങ്ങളും നടത്തുന്ന നിരവധി ഗോരക്ഷകന്മാരിൽ ഒരാൾ.