ടാഗോറിന്റെ ചിന്തകൾ അടക്കം ഒഴിവാക്കി സ്കൂൾ സിലബസ് കാവിവൽക്കരിക്കാൻ എൻ സി ഇ ആർ ടിയ്ക്കു ആർ എസ് എസ് നിർദ്ദേശം

single-img
25 July 2017

രബീന്ദ്ര നാഥ ടാഗോറിന്റെ ചിന്തകൾ അടക്കം നിരവധി കാര്യങ്ങൾ സ്കൂൾ സിലബസിൽ നിന്നും നീക്കം ചെയ്യണം എന്ന് എൻ സി ഇ ആർ ടി (നാഷണൽ കൌൺസിൽ ഫൊർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്)യ്ക്ക് ആർ എസ് എസിന്റെ നിർദ്ദേശം. ആർ എസ് എസിന്റെ വിദ്യാഭ്യാസകാര്യ ദളമായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ആണു സ്കൂൾ പാഠപുസ്തകങ്ങളിൽ നിരവധി മാറ്റങ്ങൾ നിർദ്ദേശിച്ചുകൊണ്ട് എൻ സി ഇ ആർ ടിയ്ക്ക് കത്തെഴുതിയത്. ആർ എസ് എസ് അനുകൂല വിദ്യാഭ്യാസ വിചക്ഷണനായ ദിനനാഥ് ബത്രയാണു ഈ സംഘടനയുടെ സ്ഥാപകൻ.

സ്കൂൾതല പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി പൊതുജനങ്ങളുടെ അഭിപ്രായം സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരറിയിപ്പ് എൻ സി ഇ ആർ ടി പുറത്തിറക്കിയിരുന്നു.

“2002-ൽ ഗുജറാത്ത് കലാപത്തിൽ 2000-ലധികം മുസ്ലീങ്ങൾ കൊല്ലപ്പെട്ടു” എന്ന പരാമർശം ഒരു പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്യണം എന്നതാണു ന്യാസിന്റെ നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്.  അതുപോലെ 1984-ലെ  സിഖ് കൂട്ടക്കൊലയിൽ കോൺഗ്രസ്സ് പ്രധാനമന്ത്രിയായ മന്മോഹൻ സിംഗ് ഖേദം പ്രകടിപ്പിച്ചു എന്ന വസ്തുതയും ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. ചരിത്രപരമായ വസ്തുതകളെ മനപ്പൂർവ്വം നീക്കം ചെയ്യാനും ഹിന്ദുത്വ രാഷ്ട്രീയത്തിനു വിരുദ്ധമായ ചിന്താപദ്ധതികൾ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളാണു ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് നൽകിയിരിക്കുന്നത്.

“ഈ പുസ്തകങ്ങളിലുള്ള നിരവധി കാര്യങ്ങൾ അടിസ്ഥാനരഹിതമാണു. ഒരു പ്രത്യേകസമുദായത്തിലെ ആളുകളെ അപമാനിക്കുവാൻ ലക്ഷ്യമിട്ടു തയ്യാറാക്കിയ പുസ്തകങ്ങളാണിവ. കലാപങ്ങളെക്കുറിച്ചു കുട്ടികളെ പഠിപ്പിക്കുന്നതുകൊണ്ട് അവർക്ക് എന്തുതരം പ്രചോദനമാണു ലഭിക്കുക? ശിവാജി, മഹാറാണാ പ്രതാപ്, വിവേകാനന്ദൻ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ശൌര്യത്തെക്കുറിച്ചോ ചരിത്രമോ ഈ പുസ്തകങ്ങളിലില്ല,”

ന്യാസിന്റെ സെക്രട്ടറിയും ആർ എസ് എസ് പ്രചാരകനുമായ അതുൽ കോത്താരി പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

ബിജെപിയേയും അതിന്റെ ഹിന്ദുത്വരാഷ്ട്രീയത്തെയും പരാമർശിക്കുന്ന എല്ലാ ഭാഗങ്ങളും നീക്കം ചെയ്യണമെന്നാണു ന്യാസിന്റെ നിർദ്ദേശം. പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് പുസ്തകത്തിൽ ദേശീയതയെ മറ്റു ആശയങ്ങൾക്കെതിരായി അവതരിപ്പിക്കുന്നതിനെ വിമർശിച്ചുകൊണ്ട് “ദേശീയതയും മനുഷ്യത്വവും തമ്മിലുള്ള ഭിന്നതകളെ’ക്കുറിച്ചുള്ള രബീന്ദ്രനാഥ ടാഗോറിന്റെ വാക്യങ്ങളും നീക്കം ചെയ്യണമെന്ന് ന്യാസ് ആവശ്യപ്പെടുന്നു.

പ്രശസ്ത സൂഫി കവിയായ അമീർ ഖുസ്രുവിന്റെ ചിന്തകൾ ഹിന്ദുക്കളും മുസീങ്ങളും തമ്മിലുള്ള ഭിന്നത വർദ്ധിപ്പിക്കാൻ കാരണമായെന്നു പരാമർശിക്കണമെന്നും നിർദ്ദേശമുണ്ട്.

ന്യാസിന്റെ നിർദ്ദേശപ്രകാരം സ്കൂൾ സിലബസിലെ വിവിധ പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യേണ്ട ചില സംഗതികൾ:

പൊളിറ്റിക്കൽ സയൻസ് ( ക്ലാസ് XII)

  • “രാമക്ഷേത്ര പ്രസ്ഥാനവും ബിജെപിയുടെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും വളർച്ചയുമായി ബന്ധമുണ്ട്“ എന്നു പരാമർശിക്കുന്ന പാരഗ്രാഫ്.
  • ബി ജെ പി ഒരു ഹിന്ദുവാദി പാർട്ടിയാണെന്നു പരാമർശിക്കുന്ന പാരഗ്രാഫ്
  • ഹിന്ദുത്വ എന്ന ആശയത്തിനു തുടക്കമിട്ടത് വി ഡി സവർക്കർ ആണെന്നു പരാമർശിക്കുന്ന പാരഗ്രാഫ്.
  • “ബാബരി മസ്ജിദ് നിർമ്മിച്ചത് മിർ ബാക്വി ആണു…എന്നാൽ ചില ഹിന്ദുക്കൾ വിശ്വസിക്കുന്നത് രാമന്റെ ജന്മസ്ഥലത്തുണ്ടായിരുന്ന രാമക്ഷേത്രം പൊളിച്ചാണു ഇതു നിർമ്മിച്ചതെന്നാണു,” എന്നു പരാമർശിക്കുന്ന പാരഗ്രാഫ്.
  • “2005-ലെ ഒരു പാർലമെന്റ് പ്രഭാഷണത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിംഗ് ഈ രക്തച്ചൊരിച്ചിലിനും സിഖ് വിരുദ്ധ ഹിംസയ്ക്കും രാഷ്ട്രത്തോട് മാപ്പു പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു” എന്ന് അവസാനിക്കുന്ന 1984-ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയെക്കുറിച്ചുള്ള പാരഗ്രാഫ്.

ഹിന്ദി പുസ്തകങ്ങൾ

  • Vice-Chancellor, worker, margin, business, backbone, stanza, royal academy തുടങ്ങിയ ഇംഗ്ലീഷ് പദങ്ങൾ, താക്കത്, ഇലാക, അക്സർ, ഈമാൻ, ജോഖിം, മേഹ്മാൻ, നവാസി, സാരെ-ആം തുടങ്ങിയ ഉർദു-അറബിക് പദങ്ങൾ, ബദ്മാശ് മുതലായ മോശം പദങ്ങൾ
  • “ജന്നത്തിനെക്കുറിച്ചുള്ള യാഥാർത്ഥ്യം നമുക്കറിയാം, പക്ഷേ ഹൃദയത്തിൽ സന്തോഷം നിലനിർത്താൻ ഈ ആശയം സൂക്ഷിക്കുക“ എന്നർത്ഥം വരുന്ന സൂഫി കവി മിർസ്സാ ഗാലിബിന്റെ ഈരടി.
  • പ്രശസ്ത ഹിന്ദി കവിയായ രാംധാരി സിംഗ് ദിങ്കറിന്റെ ‘ഒരു കമിതാവിന്റെ അഭിലാഷങ്ങൾ’ എന്ന കവിത. (ഇതു കുട്ടികളെ വഴിതെറ്റിക്കും എന്നാണു വാദം).
  • പതിനൊന്നാ ക്ലാസ്സിലെ പുസ്തകത്തിലുള്ള, പ്രശസ്ത ചിത്രകാരനായിരുന്ന എ എഫ് ഹുസ്സൈന്റെ ആത്മകഥയുടെ ഭാഗം.
  • കന്നഡ ഭക്തകവയത്രിയായിരുന്ന അക്കാ മഹാദേവി ഒരിക്കൽ താൻ വസ്ത്രമുരിഞ്ഞു പ്രതിഷേധിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിവരിക്കുന്ന പാഠഭാഗം. ( സ്തീസ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിന്ദു സംസ്കാരത്തെ അപമാനിക്കുന്നു എന്നാണു വാദം. 12-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവയത്രിയാണു അക്കാ മഹാദേവി)

ചരിത്രപാഠപുസ്തകങ്ങൾ

  • വേദകാലത്തിനു ശേഷം സ്ത്രീകളെയും ശൂദ്രരേയും ഒരുപോലെയാണു കണ്ടിരുന്നത് എന്ന പരാമർശം . (ക്ലാസ് : 6)
  • “മുഗൾ രാജാക്കന്മാർ ജനങ്ങളോട് വിശാലവും സ്വതന്ത്രവും വിശാലവുമായ ഭരണനയമാണു പുലർത്തിയിരുന്നത്. യുദ്ധങ്ങളിൽ ക്ഷേത്രങ്ങൾ തകർത്തെങ്കിലും പിന്നീട് അവ പുനർ നിർമ്മിക്കാനുള്ള പണം നൽകിയിരുന്നു” എന്നിങ്ങനെ മുഗൾ രാജാക്കന്മാരെക്കുറിച്ചുള്ള നല്ല പരാമർശങ്ങൾ.
  • 19-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹ്യ പ്രവർത്തക താരാബായ് ഷിൻഡെയുടെ “പുരുഷനും സ്ത്രീയുമായി ഒരു താരതമ്യം” എന്ന പുസ്തകത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്ന പാഠഭാഗം. ( ഈ പുസ്തകം സമൂഹത്തിൽ അക്കാലത്തു നിലനിന്നിരുന്ന പുരുഷാധിപത്യത്തേയും വിധവകളെ സമൂഹത്തിൽ നിന്നു അകറ്റിനിർത്തിയിരുന്നതിനേയും പരാമർശിക്കുന്ന ഈ പുസ്തകം ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റ് പുസ്തകമായി കണക്കാക്കപ്പെടുന്ന ഒന്നാണു.)