പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

single-img
23 July 2017

സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ ഇന്ന് ഏറ്റവും അധികം നേരിടുന്ന പ്രശ്നമാണ് ഫോണിന്റെ ബാറ്ററി ലൈഫ്. ഫേയ്‌സ്ബുക്കും വാട്‌സ്ആപ്പും എല്ലാം ഉപയോഗിക്കാന്‍ ഡാറ്റ ഉപയോഗിച്ച് കഴിയുമ്പോഴേക്കും ഫോണ്‍ ചാര്‍ജ്ജ് കഴിയാറായിട്ടുണ്ടാവും. ഇതിന് പവര്‍ ബാങ്കുകള്‍ വാങ്ങുകയെന്ന പരിഹാരം മാത്രമേയുള്ളു. എന്നാല്‍ വിപണിയില്‍ നൂറു കണക്കിന് പവര്‍ ബാങ്കുകളാണ് ഉള്ളത്. സ്വാഭാവികമായും ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകും. ഏതാണ് നല്ല പവര്‍ബാങ്ക് എന്ന് ഒറ്റയടിക്ക് പറയുക എളുപ്പമല്ല. അതേ സമയം പവര്‍ ബാങ്ക് വാങ്ങുന്ന സമയത്ത് ചുവടെ പറയുന്ന ഏഴ് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ലതാണ്.

1. പവര്‍ബാങ്കിന്റെ കപ്പാസിറ്റി ശ്രദ്ധിക്കണം

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട അതിപ്രധാനമായ കാര്യമാണ് അതിന്റെ കപ്പാസിറ്റി എന്നത്. മില്ലിആംപ് (എം.എ.എച്ച്) എന്ന അളവുകോലാണ് പവര്‍ബാങ്കിന്റെ ശേഷി അളക്കാനായി ഉപയോഗിക്കുന്നത്.
ഉപയോഗിക്കുന്ന ഫോണിന്റെ ചാര്‍ജിംഗ് ശേഷിയേക്കാള്‍ കൂടുതല്‍ എം.എ.എച്ച് മൂല്യമുള്ല പവര്‍ബാങ്ക് വാങ്ങുന്നതാണ് നല്ലത്. അതുപോലെ തന്നെ, പവര്‍ബാങ്കിന്റെ ഔട്ട്പുട്ട് വോള്‍ട്ടേജ് ഫോണിന്റെ ഇന്‍പുട്ട് വോള്‍ട്ടേജുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന കാര്യവും അതിപ്രധാനമാണ്.

2. ഗുണനിലവാരം

മറ്റൊരു സുപ്രധാന കാര്യമാണ് പവര്‍ബാങ്കിന്റെ ക്വാളിറ്റി. പവര്‍ബാങ്കിന്റെ പ്രകടനമികവ് മാത്രമല്ല ഇവിടെ നോക്കേണ്ടത്. എത്രത്തോളം കൃത്യതയോടെയും വേഗതയോടെയുമാണ് ഫോണ്‍ ചാര്‍ജാകുന്നത് എന്ന കാര്യവും പരിശോധിക്കേണ്ടത്. നിലവാരം കുറഞ്ഞ പവര്‍ബാങ്കാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ബുദ്ധിമുട്ടുമെന്ന് മാത്രമല്ല ഫോണിന് തകരാറ് സംഭവിക്കാനും സാധ്യതയുണ്ട്.

3. കണക്റ്റിവിറ്റിയും യു.എസ്.ബി ചാര്‍ജിംഗ്

ഒരേസമയം വിവിധ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാകണം ഒരു മികച്ച പവര്‍ബാങ്ക്. ടാബ്ലറ്റ്, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ കൂടി ചാര്‍ജ് ചെയ്യാന്‍ പാകത്തിനുള്ള പവര്‍ബാങ്കുകള്‍ ലഭ്യമാണ്.
പല പവര്‍ബാങ്കുകളും ഇപ്പോള്‍ യു.എസ്.ബി ചാര്‍ജിംഗ് കേബിളോടെയാണ് വരുന്നത്. കേബിളുകള്‍ പവര്‍ബാങ്കില്‍ തന്നെ മടക്കി സൂക്ഷിക്കാവുന്ന തരം പവര്‍ബാങ്കുകളും ലഭ്യമാണ്. ഇത്തരം പവര്‍ബാങ്കുകളാണ് വാങ്ങുന്നതെങ്കില്‍ കേബിള്‍ നഷ്ടപ്പെടാനുള്ള സാധ്യത കുറയും.

4. എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകള്‍

ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമാണ് പവര്‍ബാങ്കിലെ എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകള്‍. പവര്‍ബാങ്കിന്റെ ബാറ്ററിയുടെ ചാര്‍ജ് അറിയാന്‍ ഇന്‍ഡിക്കേറ്ററുകള്‍ സഹായിക്കും. കൂടാതെ ചാര്‍ജിംഗ് സ്റ്റാറ്റസും ഇന്‍ഡിക്കേറ്റര്‍ കാണിച്ച് തരുന്നു. അതിനാല്‍ തന്നെ വ്യക്തമായ എല്‍.ഇ.ഡി ഇന്‍ഡിക്കേറ്ററുകള്‍ ഉള്ള പവര്‍ബാങ്ക് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം.

5. ബ്രാന്‍ഡ്

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ പേരുകേട്ട ബ്രാന്‍ഡുകളുടെ പവര്‍ബാങ്ക് തന്നെ വാങ്ങുന്നതാണ് അഭികാമ്യം. പവര്‍ബാങ്കിന്റെ ബാറ്ററി ഉല്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുക എന്നത് ഉപഭോക്താവിന് അസാധ്യമാണ്.
എന്നാല്‍ വിശ്വസിനീയമായ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നമാണ് വാഹ്ങുന്നതെങ്കില്‍ ഇക്കാര്യങ്ങളിലെ ആശങ്ക ഒരു പരിധി വരെ പരിഹരിക്കാം. കണക്ടിംഗ് കേബിള്‍ ഉള്‍പ്പെടെ പവര്‍ബാങ്കിന്റെ എല്ലാ ഘടകങ്ങളും മികച്ചതാകാന്‍ ബ്രാന്‍ഡഡ് പവര്‍ബാങ്കാണ് തെരഞ്ഞെടുക്കേണ്ടത്.

6. സുരക്ഷ

വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണമായതിനാല്‍ തന്നെ സുരക്ഷ എന്നത് ചെറിയ കാര്യമല്ല. രാത്രി ഉറങ്ങുമ്പോള്‍ പുലര്‍ച്ച വരെ ചാര്‍ജ് ചെയ്യുന്ന ശീലക്കാരാണ് പലരും. എന്നാല്‍ ഇത് അപകടമാണ്. പവര്‍ബാങ്കിന്റെ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത ഏറുമെന്നതാണ് ഇതിന് കാരണം.
അതിനാല്‍ തന്നെ പവര്‍ ബാങ്ക് തെരഞ്ഞെടുക്കുമ്പോള്‍ ഉയര്‍ന്ന നിലവാരമുള്ള ലിഥിയം-പോളിമര്‍ ബാറ്ററിയുള്ളത് തന്നെ തെരഞ്ഞെടുക്കണം. ഇത് സുരക്ഷ ഉറപ്പു വരുത്തുന്നു. മികച്ച പവര്‍ബാങ്ക് പൊട്ടിത്തെറി സാധ്യത കുറയ്ക്കുന്നു.
പല പവര്‍ബാങ്കുകളും ഇപ്പോള്‍ വരുന്നത് അധിക സുരക്ഷാ ഫീച്ചറുകളോടെയാണ്. ഓവര്‍ ചാര്‍ജിംഗ്, ചൂടാകല്‍, ഷോര്‍ട്ട് സര്‍ക്യൂട്ടിനെതിരായ പ്രതിരോധം തുടങ്ങിയ ഫീച്ചറുകളുള്ള പവര്‍ബാങ്കുകള്‍ വിപണിയിലുണ്ട്. ഇതിന് പണം കുറച്ചധികം ചെലവായേക്കാം. എന്നാലും സുരക്ഷ അതിപ്രധാനം തന്നെയാണ്.

7. ആംപിയര്‍ കൗണ്ട്

പവര്‍ബാങ്ക് വാങ്ങുന്നതിന് മുന്നോടിയായി അതിന്റെ ആംപിയര്‍ കൗണ്ട് എത്രയാണെന്ന് അറിയുന്നത് പ്രധാനമാണ്. ചാര്‍ജറില്‍ നിന്ന് ഉപകരണത്തിലേക്ക് നല്‍കപ്പെടുന്ന കരണ്ടാണ് ആംപിയര്‍ കൗണ്ട്.
ഫോണ്‍ ആവശ്യപ്പെടുന്നത് 2.1 ആംപിയറാണെങ്കില്‍ അതിനനുസരിച്ചുള്ള പവര്‍ബാങ്കാണ് വാങ്ങേണ്ടത്. ഇതില്‍ കുറഞ്ഞ അളവിലുള്ള പവര്‍ബാങ്കാണെങ്കിലും ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും; പക്ഷേ വേഗത കുറയുമെന്ന് മാത്രം.ചില ഫോണുകള്‍ ചാര്‍ജ് ചെയ്യാനായി വേണ്ടത് 1 ആംപിയറാണ്. പവര്‍ബാങ്ക് വാങ്ങുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.