രാജസ്ഥാനിൽ ബജ്രംഗ് ദളിന്റെ ആയുധപരിശീലന ക്യാമ്പുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകൻ ഇ വാർത്തയോട് സംസാരിക്കുന്നു

single-img
23 June 2017


രാജസ്ഥാനിലെ ഹനുമാൻഗഢിൽ ബജ്രംഗ്ദൾ പ്രവർത്തകർ കൌമാരപ്രായക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി ആയുധപരിശീലന ക്യാമ്പുകൾ നടത്തുന്നു. ഈ ആയുധപരിശീലനക്യാമ്പുകളിൽ റൈഫിളുകൾ ഉപയോഗിക്കാനുള്ള പരിശീലനമടക്കം നൽകുന്നുണ്ട്. പ്രസ്തുത വാർത്ത റിപ്പോർട്ട് ചെയ്യാൻ സ്ഥലത്തെത്തിയ മൂന്നു മാധ്യമപ്രവർത്തകരെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. ദി സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ റിപ്പോർട്ടറായ അസദ് അഷറഫ്, മറ്റുരണ്ട് മാധ്യമപ്രവർത്തകരായ അനുപം പാണ്ഡേ, വിജയ് പാണ്ഡേ എന്നിവരെ പോലീസ് സഹായത്തോടെ ബജ്രംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെച്ചത്. 

ഹനുമാൻഗഢിൽ നിന്നും തങ്ങൾ നേരിട്ടറിഞ്ഞ യാഥാർത്ഥ്യങ്ങളും മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളും ഇ വാർത്തയുടെ വായനക്കാർക്കായി പങ്കുവെയ്ക്കുകയാണു കൂട്ടത്തിലുണ്ടായിരുന്ന വിജയ് പാണ്ഡേ.

ഹനുമാൻഗഢിൽ ബജ്രംഗ്ദൾ കൌമാരക്കാരായ കുട്ടികളെയടക്കം സംഘടിപ്പിച്ച് ആയുധപരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചത് കഴിഞ്ഞമാസമാണ്. ഇതിനെക്കുറിച്ചറിയാനാണു വിജയ് പാണ്ഡേയും മറ്റു രണ്ടു മാധ്യമപ്രവർത്തകരും ഒരു ടാക്സിയിൽ ഡെൽഹിയിൽ നിന്നും ഹനുമാൻഗഢിലെത്തിയത്. എത്തിയയുടൻ ബജ്രംഗ്ദളിന്റെ ജില്ലാ നേതാവായ ആഷിഷിനെ വിളിച്ചു. ബജ്രംഗ്ദൾ നടത്തുന്ന പ്രവർത്തനങ്ങൾ പഠിക്കാൻ വന്ന ഹിന്ദുത്വ അനുകൂല മാധ്യമപ്രവർത്തകരാണ് തങ്ങളെന്നാണു ഇവർ അയാളോട് പറഞ്ഞത്. അസദ് അഷറഫിന്റെ മുസ്ലീം പേര് ബജ്രംഗ്ദളുകാരെ പ്രകോപിപ്പിക്കാൻ സാധ്യതയുണ്ട് എന്നതിനാൽ അദ്ദേഹത്തിന്റെ പേരുമാറ്റി അനുപം കുമാർ എന്നാണു പറഞ്ഞിരുന്നത്.

“ഞങ്ങൾ രാവിലെ എട്ടുമണിയോടെയാണു ഹനുമാൻ ഗഢിലെത്തിയത്. ഹനുമാൻഗഢ് അടുക്കാറായപ്പോൾത്തന്നെ നിരവധി കാവിവസ്ത്രവും ഷോളുമണിഞ്ഞ ആളുകളെ വഴിയിലെങ്ങും കാണുവാൻ കഴിഞ്ഞിരുന്നു. ഹുന്ദുത്വരാഷ്ട്രീയം ഒരു ഫാഷനായി വളരുന്ന കാഴ്ച്ച!!!

 ഹോട്ടലിൽ മുറിയെടുത്ത ശേഷം ഫ്രെഷ് ആയി ഒരു മണിക്കൂർ കഴിഞ്ഞപ്പോൽ കാവി ഷോളും ചുവന്ന പൈജാമയും കുർത്തയുമൊക്കെ ധരിച്ച മൂന്നു ബജ്രംഗ് ദൾ പ്രവർത്തകർ മുറിയിലെത്തി. അവർ ഞങ്ങളുടെ പേരും മറ്റു വിവരങ്ങളും ഒക്കെ തിരക്കി. നിങ്ങളുടെ കൂട്ടത്തിൽ ആഷിഷ് ഉണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ല എന്നുപറഞ്ഞു. എന്നിട്ടു അവർ പോയി.

പത്തുമണിയായപ്പോൾ അസദ് അഷറഫിന്റെ ഫോണിലേയ്ക്ക് ആഷിഷിന്റെ കോൾവന്നു. ഹോട്ടലിന്റെ ബേസ്മെന്റിലേയ്ക്ക് ചെല്ലാൻ അയാൾ ഞങ്ങളോടാവശ്യപ്പെട്ടു. അസദിനു അൽപ്പം ഭയമുണ്ടായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ ആഷിഷും വേറേ ചിലരും അവിടെയുണ്ടായിരുന്നു.

ഞാൻ ബദ്രിനാഥിൽ നിന്നാണെന്നും ബജ്രംഗ്ദളിനു അനുകൂലമായ സ്റ്റോറി ചെയ്യാൻ വന്ന ഹിന്ദുത്വ അനുഭാവികളായ പത്രപ്രവർത്തകരാണു ഞങ്ങളെന്നും ഞാൻ ആഷിഷിനെ വിശ്വസിപ്പിച്ചു. ഞങ്ങൾ അവരെ പിന്തുണയ്ക്കുന്നവരാണെന്ന ബോധ്യം അവരിൽ ഉണ്ടാക്കിയെടുത്ത് അവരുടെ വിശ്വാസം നേടിയെടുത്ത ശേഷമാണു ഞങ്ങളോട് അവർ തുറന്നു സംസാരിക്കാൻ തുടങ്ങിയത്. അതുകൊണ്ടുതന്നെ അയാൾ പറയുന്ന കാര്യങ്ങൾ പകർത്താൻ ഞങ്ങൾക്ക് ഒളിക്യാമറ ഉപയോഗിക്കേണ്ടിവന്നില്ല.

അയാളോട് ഞങ്ങൾ ബജ്രംഗ്ദൾ നടത്തിയ ആയുധപരിശീലനക്ലാസ്സുകളേക്കുറിച്ചു ചോദിച്ചു. കൌമാരക്കാരായ പെൺകുട്ടികളേയും ആൺകുട്ടികളും അടങ്ങുന്ന ഇരുനൂറോളം വരുന്ന സംഘത്തിനാണു ആയുധപരിശീലനം നൽകിയത്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതിയോടെയാണു ഈ പരിശീലനം നടത്തിയതെന്നാണു ആഷിഷ് അവകാശപ്പെട്ടത്. എന്നാൽ പിന്നീട് ഞങ്ങൾ അന്വേഷിച്ചപ്പോൾ ജില്ലാ പോലീസ് സൂപ്രണ്ട് യദുറാം ഫൻസൽ ഇതു നിഷേധിച്ചു. പോലീസ് അനുമതി നൽകിയിട്ടില്ലെങ്കിൽപ്പിന്നെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യത്തിനു പരാതിയൊന്നും കിട്ടിയില്ല എന്നായിരുന്നു മറുപടി.

ക്യാമ്പുകളിൽ തങ്ങൾ ആളുകളെ സ്വയം പ്രതിരോധമാണ് പഠിപ്പിക്കുന്നതെന്നായിരുന്നു ആഷിഷിന്റെ വാദം. തീവ്രവാദപ്രവർത്തനങ്ങൾ ശക്തിപ്പെട്ടുവരുന്ന ഈ കാലത്ത് സ്വയരക്ഷയ്ക്ക് ആയുധപരിശീലനം ആവശ്യമാണത്രേ!! ‘ഞങ്ങൾക്ക് പാലിയിൽ പാക്കിസ്ഥാൻ ബോർഡറിനടുത്തായി മറ്റൊരു ട്രെയിനിംഗ് ക്യാമ്പുണ്ട്. പെൺകുട്ടികൾക്ക് ആയുധപരിശീലനം നൽകാനാണു ഈ ക്യാമ്പ്,” ആഷിഷ് പറഞ്ഞു.

ബജ്രംഗ്ദളിന്റെ രാജസ്ഥാൻ ഘടകത്തിനു മൂന്നു മേഖലകൾ ഉണ്ട്. അതിലെ ജോധ്പൂർ മേഖലയ്ക്ക് കീഴിലാണു ഹനുമാൻഗഢ് ഉൾപ്പെടുന്നത്.

ആഷിഷ് പ്രധാനമായും ഉയർത്തിക്കാട്ടിയ വിഷയം ‘’ലവ് ജിഹാദ്” ആയിരുന്നു. മുസ്ലീം സംഘടനകൾ മുസ്ലീം യുവാക്കൾക്ക് പണം നൽകി ഹിന്ദുയുവതികളെ വലവീശിപ്പിടിക്കുകയാണെന്നും അതിനെ നേരിടാനാണു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയുധപരിശീലനം നൽകുന്നതെന്നും ആഷിഷ് പറയുന്നുണ്ടായിരുന്നു. ഈ വിഷയം ഉയർത്തി നിരവധിയാളുകളെ തങ്ങളോടൊപ്പം കൂട്ടാൻ കഴിഞ്ഞിട്ടുണ്ടെന്നും ആഷിഷ് അവകാശപ്പെട്ടു.

സ്കൂൾ കുട്ടികൾക്ക് റൈഫിൾ അടക്കമുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം നൽകുന്നത് ഐസിസിനെ നേരിടാൻ ആണെന്നായിരുന്നു ഇവരുടെ മറ്റൊരു വാദം. ഐസിസ് പോലെയുള്ള തീവ്രവാദസംഘടനകളേയും അതുപോലെ മറ്റു ‘ആഭ്യന്തര ശത്രുക്കളേയും’ നേരിടാൻ ഹിന്ദുക്കളെ സജ്ജമാക്കുകയാണു തങ്ങളെന്നും ആഷിഷ് പറഞ്ഞു.

ഹിന്ദുസംസ്കാരം സംരക്ഷിക്കാനാണു തങ്ങൾ ഇതൊക്കെ ചെയ്യുന്നതെന്നും ഗോസംരക്ഷണത്തിനും ലവ് ജിഹാദിൽ നിന്നും ഹിന്ദുപെൺകുട്ടികളെ സംരക്ഷിക്കുന്നതിനും തങ്ങൾ ബാദ്ധ്യസ്ഥരാണെന്നാണു ആഷിഷിന്റെ വാദം.

രാജസ്ഥാനിലെ അൽവാറിൽ അടുത്തിടെ കന്നുകാലികളെ കൊണ്ടുപോയ ലോറി തടഞ്ഞു പെഹ്ലു ഖാൻ എന്ന മുസ്ലീം മധ്യവയസ്കനെ തല്ലിക്കൊന്നത് തങ്ങളുടെ ആളുകളാണെന്നു ആഷിഷ് സമ്മതിച്ചു. അയാളെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും മരണം അബദ്ധത്തിൽ സംഭവിച്ചതാണെന്നും അയാൾ പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഗവണ്മെന്റിന്റേയും ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്നു തങ്ങൾക്കു വലിയ പിന്തുണയാണു ലഭിക്കുന്നതെന്ന് ആഷിഷ് പറഞ്ഞു.

ബജ്രംഗ്ദൾ ഇത്തരത്തിൽ ക്യാമ്പ് നടത്തിയതിനെക്കുറിച്ചു തങ്ങൾക്ക് അറിവൊന്നുമില്ല എന്ന പോലീസിന്റെ വാദത്തെ ഖണ്ഡിക്കുന്ന കാര്യങ്ങളായിരുന്നു, ആഷിഷിന്റെ കയ്യിൽ നിന്നും ഞങ്ങൾക്കു കിട്ടിയ ചിത്രങ്ങളിൽ കാണുവാൻ കഴിഞ്ഞത്. പരിശീലനത്തിനു ശേഷം ടൌണിലൂടെ തോക്കുകളും വാളുകളും കുറുവടികളുമേന്തിയ പ്രവർത്തകർ നടത്തിയ മാർച്ചിന്റെ ദൃശ്യങ്ങളിൽ അവർക്ക് എസ്ക്കോർട്ട് പോകുന്ന പോലീസുകാരുമുണ്ടായിരുന്നു.

സംഭാഷണത്തിനുശേഷം അവർ പോയി. അതിനുശേഷം ഞങ്ങൾ മൂന്നുപേരും പെട്ടെന്നു തന്നെ സ്ഥലം കാലിയാക്കാൻ തീരുമാനിച്ചു. പായ്ക്ക് ചെയ്തു ഹോട്ടലിൽ നിന്നും പുറത്തിറങ്ങി ഞങ്ങൾ ടാക്സിയിൽ കയ്യറിയതും കുറച്ചു ബജ്രംഗ്ദളുകാർ തിരിച്ചെത്തി. അവരുടെ കൂടെ ഒരു പ്രാദേശിക പത്രലേഖകനും ഉണ്ടായിരുന്നു. ബൽജീത് എന്ന ആ പ്രാദേശികലേഖകൻ, അനുപം കുമാർ എന്നപേരിൽ ഞങ്ങളുടെ കൂടെയുള്ളത് ഒരു മുസ്ലീം (അസദ് അഷറഫ്) ആണെന്ന് അവരോട് പറഞ്ഞു. മുസ്ലീം പേരുള്ളവരെ വഴിയിലിട്ടു തല്ലിക്കൊല്ലുന്ന ഒരു നാട്ടിൽ ജീവൻ രക്ഷിക്കാൻ വേണ്ടിയാണു അസദിന്റെ പേരു ഞങ്ങൾ മാറ്റിപ്പറഞ്ഞത്.

പെട്ടെന്നുതന്നെ അവിടെ പോലീസ് എത്തി. പോലീസുകാർ ഞങ്ങളുടെ പേരു ചോദിച്ചു. അസദ് അഷറഫിന്റെ യഥാർത്ഥപേരു ഞങ്ങൾ പോലീസിനോട് വെളിപ്പെടുത്തി. എന്നാൽ ബജ്രംഗ്ദളുകാരെക്കാൾ ഭീകരമായ പെരുമാറ്റമായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. പോലീസുകാരിൽ ചിലർ അസദിനെ തെറിവിളിക്കുകയും തല്ലാൻ ശ്രമിക്കുകയും ചെയ്തു. ഞങ്ങളെ മൂന്നുപേരെയും മൂന്നു വ്യത്യസ്ത കാറുകളിലായി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഞങ്ങൾക്കെതിരേ കേസ് ചാർജ്ജ് ചെയ്യുമെന്നും അറസ്റ്റ് ചെയ്യുമെന്നും ഒക്കെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ മമത സാരസ്വത് ഭീഷണി മുഴക്കി. അസദ് അപ്പോഴേയ്ക്കും ഞങ്ങൾ പോലീസ് കസ്റ്റഡിയിൽ ആണെന്നു ട്വീറ്റ് ചെയ്തിരുന്നു.

മറ്റൊരു പോലീസുകാരൻ ബജ്രംഗ്ദളുകാരോട് ‘നിങ്ങൾ ഇവർക്കെതിരേ പരാതികൊടുത്തില്ലെങ്കിൽ ഞാൻ പരാതികൊടുക്കും ‘ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. “ഇതിന്റെ പേരിൽ ഞാൻ പിന്നീട് സസ്പെൻഡ് ചെയ്യപ്പെട്ടാലും നിന്നെ ഞാൻ ചെരുപ്പൂരി അടിക്കും” എന്നു അയാൾ അസദിനെ ഭീഷണിപ്പെടുത്തി. തന്റെ അധികാരപരിധിയിൽ വരുന്ന സ്ഥലത്ത് തന്റെ അനുവാദമില്ലാതെ എന്തിനു റിപ്പോർട്ട് ചെയ്യാൻ വന്നു എന്നായിരുന്നു ഡിസിപിയുടെ ചോദ്യം. അങ്ങനെ മുൻകൂട്ടി അറിയിച്ചിട്ടു റിപ്പോർട്ട് ചെയ്യാൻ എവിടെയാണു നിയമമുള്ളത് എന്നു ഞാൻ അവരോട് ചോദിച്ചു.

അപ്പോഴേയ്ക്കും അസദിന്റെ ട്വീറ്റ് കണ്ട് ഡെൽഹിയിൽ നിന്നും ജയ്പ്പൂരിൽ നിന്നും കോളുകൾ വന്നു തുടങ്ങി. ഡൽഹിയിൽ നിന്നും മണിശങ്കർ അയ്യർ അടക്കമുള്ളവർ ഐജിയെ നേരിട്ടു വിളിച്ചു. പി യു സി എൽ എന്ന മനുഷ്യാവകാശ സംഘടനയുടെ രാജസ്ഥാൻ ഘടകത്തിന്റെ ചുമതലയുള്ള കവിത ശ്രീവാസ്തവയും ഇടപെട്ടു. ഒടുവിൽ അവർക്കു ഞങ്ങളെ അറസ്റ്റ് ചെയ്യാതെ സുരക്ഷിതമായി ഡൽഹിയ്ക്കു തിരിച്ചയക്കേണ്ടിവന്നു. ഒരുപക്ഷേ അസദ് അഷറഫിന്റെ ആ ട്വീറ്റും, ഡെൽഹിയിൽ നിന്നും ജയ്പ്പൂരിൽ നിന്നുമുള്ള സമയോചിതമായ ഇടപെടലുകളുമാണു ഞങ്ങളെ രക്ഷിച്ചത്. ഇല്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടുവാനോ കള്ളക്കേസിൽ കുടുങ്ങി ജയിലിൽപ്പോകുവാനോ ഉള്ള സാധ്യതകൾ ഏറെയായിരുന്നു.

( തെഹൽക അടക്കം നിരവധി ദേശീയ മാധ്യമങ്ങളിൽ ജോലിചെയ്തിട്ടുള്ള ഫോട്ടോ ജേർണലിസ്റ്റാണു വിജയ് പാണ്ഡേ. വിജയ് പാണ്ഡേ അടങ്ങുന്ന സംഘം ഈ റിപ്പോർട്ട് ചെയ്തത് ദേശീയമാധ്യമായ ഫസ്റ്റ് പോസ്റ്റിനുവേണ്ടിയാണു. )

ചിത്രങ്ങൾക്ക് കടപ്പാട് : വിജയ് പാണ്ഡേ, ഫസ്റ്റ് പോസ്റ്റ്