ചരക്കു സേവന നികുതി(G S T) പ്രായോഗിക തലത്തില്‍ അറിയേണ്ടതെല്ലാം

single-img
12 June 2017

ജേക്കബ് സന്തോഷ് (സാമ്പത്തിക വിദഗ്ദ്ധൻ)

നാം ഓരോരുത്തരും പണക്കാരനും പാവപ്പെട്ടവനും, പണ്ഡിതനും, പാമരനും, എന്നുവേണ്ട എല്ലാവരും നാട്ടിലെ വ്യവസ്ഥിതിക്കു വിധേയമായി ദൈനംദിനം ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളും അതുപോലെ ഗതാഗതം, ടെലിഫോണ്‍, കാറ്ററിംഗ്, പ്രിന്റിംഗ് പോലുള്ള സേവനങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായി മറ്റുള്ള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വാങ്ങുകയോ അനുഭവിക്കുകയോ ചെയ്യുന്നുണ്ടല്ലോ. ഇതിനെല്ലാം ആ വ്യാപാരി അല്ലെങ്കില്‍ സേവന ദാതാവ് അവരുടെ സാധനത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ വിലയായി നാം കൊടുക്കുന്ന തുകയില്‍ നിന്ന് ഒരു തുക സര്‍ക്കാരിലേക്ക് നികുതിയായി നല്‍കുന്നുണ്ട്. ഇതിനെയാണ് ‘പരോക്ഷനികുതി’ എന്ന് വിളിക്കുന്നത്. പരോക്ഷമായി നമ്മില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയാണിതെന്ന് പേരിലൂടെ തന്നെ മനസ്സിലാക്കാം.

പ്രത്യക്ഷ നികുതിയാണ് നിശ്ചിത തുകയ്ക്കുമേല്‍ നമുക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് ഈടാക്കുന്ന തുക. അതുപോലെ തന്നെ സ്ഥാപനങ്ങളില്‍ നിന്ന് അവയ്ക്ക് ലഭിക്കുന്ന അറ്റാദായത്തില്‍ നിന്നും പ്രത്യക്ഷ നികുതി സര്‍ക്കാര്‍ പിരിച്ചു വരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പാണ് ഇന്‍കം ടാക്‌സ് അഥവാ വരുമാന നികുതി വകുപ്പ്.

നമ്മുടെ ഭരണഘടന അനുസരിച്ച് നിലവില്‍ മുകളില്‍ പറഞ്ഞ പരോക്ഷ നികുതിയില്‍ ചിലത് കേന്ദ്ര സര്‍ക്കാരിനും ചിലത് സംസ്ഥാന സര്‍ക്കാരിനും നേരിട്ട് പിരിക്കാന്‍ അനുവാദമുണ്ട് . എക്‌സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വാങ്ങല്‍ തുടങ്ങിയവ കേന്ദ്രസര്‍ക്കാരും സംസ്ഥാന വില്‍പ്പന നികുതി, ആഡംബര നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, വര്‍ക്ക് കോണ്‍ട്രാക്റ്റ് നികുതി തുടങ്ങിയവ സംസ്ഥാന സര്‍ക്കാരുകളും പിരിച്ചു വരുന്നു. ഈ പറഞ്ഞ നികുതികളും സ്റ്റാമ്പ് ഡ്യൂട്ടി, ഇറക്കുമതിക്കായുള്ള കസറ്റംസ് ഡ്യൂട്ടി ഒഴികെയുള്ള പരോക്ഷ നികുതികളും എകോപിപ്പിച്ച് ഒരു നികുതി സംവിധാനത്തിലേക്കു കൊണ്ടുവരുന്നതാണ് ചരക്കു സേവന നികുതി.

ഇതിനു വേണ്ടി പാര്‍ലിമെന്റില്‍ ഭരണഘടനാ ഭേദഗതി വരുത്തി GST ( ചരക്കു സേവന നികുതി) യിലൂടെ സംസ്ഥാനത്തിനുള്ളതും കേന്ദ്രത്തിനുള്ളതും ഒരു സംവിധാനത്തിനു കീഴില്‍ കൊണ്ടുവരികയാണ് ചെയ്യുന്നത്. GST യില്‍ സംസ്ഥാനത്തിനകത്തുള്ള (വാങ്ങുന്ന ആളും വില്‍ക്കുന്ന ആളും ഒരു സംസ്ഥാനത്തു തന്നെ ഉള്ളതെങ്കില്‍ ) സംസ്ഥാനത്തിനുള്ള നികുതി S G T (State Goods and Service Tax) എന്ന പേരിലും കേന്ദ്രത്തിനുള്ളത് CGST(Central Goods
and Service Tax) എന്നും ബില്ലില്‍ രേഖപ്പെടുത്തിയിരിക്കും. ഇതില്‍ SGST സംസ്ഥാനത്തിനുള്ളതും CGST കേന്ദ്രത്തിനുള്ളതും ആയി വിഭജിക്കപ്പെടും.

എന്നാല്‍ വാങ്ങുന്ന ആള്‍ സംസ്ഥാനത്തിന് വെളിയിലുള്ളതാണെങ്കില്‍ ഈ രണ്ടു നികുതിയും കൂടി ഒരുമിച്ചു ആ സംസ്ഥാനത്തിലെ വ്യാപാരിയുടെ അക്കൗണ്ടിലൂടെ ആ സംസ്ഥാനത്തേക്ക് IGST (integrated Goods and Service Tax) ആയി മാറ്റപ്പെടും. അവിടെ ആ സാധനം ഉപഭോക്താവിന് വില്‍ക്കുമ്പോള്‍ ഇവിടെ നിന്ന് പോയിട്ടുള്ള IGST യോട് കൂടി ആ വ്യാപാരിയുടെ ലാഭത്തിനു മേലുള്ള നികുതി ഉള്‍പ്പെടെ അവിടുത്തെ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും
ആയി ലഭിക്കുന്നു. അതുകൊണ്ടാണ് GST ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഗുണകരം ആണ് എന്ന് പറയുന്നത് . നമ്മുടെ രാജ്യത്ത് 29 സംസ്ഥാനങ്ങളില്‍ വേണ്ട സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് 5 സംസ്ഥാനങള്‍ മാത്രംആണ്. കേരളം ഉള്‍പ്പെടെയുള്ളവ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ ആണ്.

നിലവില്‍ മുകളില്‍ വിവരിച്ച ചരക്ക് സേവനനികുതി ഇപ്പോഴത്തെ നിലയില്‍ വരുന്ന ജൂലയ് 1 ന് നിലവില്‍ വരുമ്പോള്‍ രാജ്യത്തെ സാമൂഹ്യ സാമ്പത്തിക മേഘലകളില്‍ ഉണ്ടാകുന്ന ആഘാതം അല്ലെങ്കില്‍ ചലനം എങ്ങിനെ എന്ന് നോക്കാം. ലോകത്ത് 190 രാജ്യങ്ങളിലായി നടത്തിയ സര്‍വേയില്‍ നമ്മുടെ രാജ്യം വാണിജ്യ മേഘലയില്‍ ഉള്ള നിയമങ്ങളിലെ സുതാര്യതയില്‍ 130 ആം സ്ഥാനമാണ് രേഘപ്പെടുത്തുന്നത്. ഇതിനു കാരണം ഇവിടെ ഒരു ഏകീകൃത നികുതി സംവിധാനം ഇല്ല എന്നുള്ളതാണ്. അതായത് ഒരു വിദേശി നമ്മുടെ രാജ്യത്ത് നിക്ഷേപം നടത്തണം എങ്കില്‍ അയാള്‍ക്ക് നിലവിലെ നിയമ സംവിധാനം അനുസരിച്ച് അയാള്‍ ഒരു വസ്തു ഇവിടെ കൊണ്ട് വന്നു വില്പന നടത്തുകയാണെങ്കില്‍ എത്ര ശതമാനം നികുതി ആണ് സര്‍ക്കാരിലേക്ക് അടക്കേണ്ടിവരുവരുന്നതെന്ന് ആര്‍ക്കും പറയാനാവില്ല.

കുറച്ചുകൂടി വ്യക്തമാകണം എങ്കില്‍ സ്വര്‍ണാഭരണത്തിന് കേരളത്തില്‍ 5% നികുതിയുള്ളപ്പോള്‍ 250 കിലോമീറ്റര്‍ മാറി തമിഴ്‌നാട്ടില്‍ 5% ത്തില്‍ താഴെയാണ് നികുതി. വീണ്ടും ഒരു 200 കിലോമീറ്റര്‍ മാറിയാല്‍ കര്‍ണാടകയില്‍ തമിഴ്നാട്ടില്‍ നിന്ന് വ്യത്യസ്തമായ നികുതിയാണ് ഇതേ വസ്തുവിന്. അതുപോലെ തന്നെ കോഴിക്ക് കേരളത്തില്‍ 14.50 നികുതി വരുമ്പോള്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ ഇതിനു നികുതി തന്നെ ഇല്ലാതെയുമുണ്ട് .

അതായത് അതതു സംസ്ഥാനം അവരുടെ വില്പന നികുതി അവര്‍തന്നെ അവരുടെ വരുമാനം ഉറപ്പു വരുത്താന്‍ ആ സംസ്ഥനത്തെ സാഹചര്യം അനുസരിച്ച് നിശ്ചയിക്കുന്ന നിലവിലെ അവസ്ഥ മാറി ഇന്ത്യയില്‍ ഒരു വസ്തുവിന് ഏകീകൃതമായി ഒരു നികുതി എന്ന സംവിധാനം ആണ് ഇതിലൂടെ സര്‍ക്കാര്‍ വിവക്ഷിക്കുന്നത് . ഉദാഹരണത്തിന് ആസാമില്‍ അരിക്ക് എത്രയാണോ നികുതി റേറ്റ് അതുതന്നെയായിരിക്കും കേരളത്തിലും.

ഇനി ചരക്കു സേവന നികുതി എങ്ങിനെ സാധാരണക്കാരനെ ബാധിക്കുന്നു എന്ന് നോക്കാം. നിലവിലെ സംവിധാനം അനുസരിച്ച് ഒരു വസ്തുവില്‍ വസ്തുവിന്റെ വില + എക്‌സ്സൈസ് ഡ്യൂട്ടി + വില്പന നികുതി എന്നിവ ഉള്‍പ്പെടുന്ന തുകയാണ് ഒരു ഉപഭോക്താവ് നല്‍കുന്നത്. എന്നാല്‍ നമുക്ക് ഒരു വ്യാപാരിയില്‍ നിന്ന് ലഭിക്കുന്ന ബില്ലില്‍ വസ്തുവിന്റ വില + നികുതി മാത്രമേ രേഖപ്പെടുത്തിക്കാണുകയുള്ളൂ. അതായത് അതിലെ എക്‌സൈസ് ഡ്യൂട്ടി ഭാഗം തുകയോടു ലയിച്ച അവസ്ഥയിലാണ് ഉപഭോക്താവിന് ലഭിക്കുന്നത്. എന്നാല്‍ പുതിയ ചരക്കു സേവനനികുതി സംവിധാനം നിലവില്‍ വരുമ്പോള്‍ എക്‌സൈസ് ഡ്യൂട്ടിയും വില്പന നികുതിയും ചേര്‍ന്നുള്ള തുകയാണ് G S T എന്ന് ബില്ലില്‍ രേഘപ്പെടുത്തി നമുക്ക് ലഭിക്കുന്നത്.

GST സംവിധാനത്തില്‍ 0%,5%,12%,18%,28% (മദ്യം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍,തുടങ്ങിയവ GST യില്‍ വരുന്നില്ല ) എന്നിങ്ങനെ 5 നികുതി റേറ്റ് ആണുള്ളത്. അപ്പോള്‍ വസ്തുവിന്റെ വില നിലവിലെ സംവിധാനത്തിനെ അപേക്ഷിച്ച് G S T യില്‍ നിലവിലെ നികുതി നിരക്കിനു താഴെ GST നിഴ്ചയിച്ചിട്ടുള്ളവയുടെ വിലയില്‍ കുറവുണ്ടാകേണ്ടതും അതുപോലെ തന്നെ നിലവില്‍ താഴ്ന്ന നികുതിയുള്ള ചില വസ്തുക്കള്‍ ചിലത് GST യില്‍ കൂടിയ സ്ലാബില്‍ വന്നിട്ടുണ്ട്. അവയ്ക്ക് വിലകൂടുകയും ചെയ്യും.

ഉദാഹരണമായി, കോഴി, കോഴി ഇറച്ചി, താറാവ്, താറാവിറച്ചി , മറ്റു ആഹാരത്തിനായുള്ള മാംസം, എന്നിവയ്ക്ക് നിലവില്‍ അതിന്റെ വിലയില്‍ 14.50% സര്‍ക്കാരിനുള്ള നികുതിയായി പോയിരുന്നത് GST യില്‍ ഇവയെല്ലാം നികുതി രഹിതം ആണ്. ആയതിനാല്‍ സ്വാഭാവികമായും വിലകുറയണം. പെപ്‌സി , കൊക്കോകോള പോലുള്ള പാനീയങ്ങള്‍ , ആഡംബര കാറുകള്‍ , ആഡംബര ഹോട്ടല്‍, സര്‍ഫ് പോലുള്ള ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വസ്തുക്കള്‍, പെയിന്റ്, വാര്‍ണിഷ്, മാര്‍ബിള്‍ , തുടങ്ങിയവയ്ക്ക് നിലവിലുള്ള നികുതിയുടെ ഇരട്ടിയോളം വര്‍ധനവാണ് GST വിഭാവന ചെയ്യുന്നത്.

വസ്തുതകള്‍ ഇതായിരിക്കെ, മുകളിലെ ദൃഷ്ടാന്തമനുസരിച്ച് സര്‍ക്കാരിനു ലഭിക്കുന്ന നികുതി വരുമാനത്തില്‍ കുറവ് സംഭവിക്കുന്നതായി കാണാം. എന്നാല്‍ സര്‍ക്കാരിനു അതിന്റെ ദൈനംദിന ചിലവുകള്‍ ബട്ജറ്റില്‍ പറഞ്ഞിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ നിലവില്‍ സര്‍ക്കാര്‍ കണക്കു കൂട്ടിയിട്ടുള്ള വരുമാനത്തില്‍ കുറവ് സംഭവിക്കാന്‍ അനുവദിക്കുകയില്ല എന്നുള്ളത് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകാവുന്നതേയുള്ളൂ. സര്‍ക്കാര്‍ അതിനു നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തില്‍ വരുന്ന കുറവ് നികത്താന്‍ മറ്റു മാര്‍ഗങ്ങള്‍ തേടും. അതാണ് GST യില്‍ ഒളിഞ്ഞിരിക്കുന്ന ചിലവ്യവസ്ഥകള്‍ .

നിലവില്‍ എക്‌സൈസ് രേജിസ്ട്രഷന്‍ വേണ്ടത് 1.50 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള നിര്‍മാണ യൂണിറ്റുകള്‍ക്കും അതുപോലെ കയറ്റുമതി – ഇറക്കുമതി വ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള നിര്‍മ്മാണ യൂണിറ്റുകള്‍ക്കും കച്ചവടക്കാര്‍ക്കും മാതമാണ്. അതുപോലെ 1ലക്ഷത്തിനു മേല്‍ വിറ്റു വരവ് ഉള്ള വ്യാപാരികളും നിര്‍മാണ യൂണിറ്റുകളും സേവനധാതാക്കളും വില്പനനികുതി അല്ലെങ്ങില്‍ സേവനനികുതി രേജിസ്ട്രട്ഷന്‍ എടുക്കണം എന്നതാണ് എന്നാല്‍ ഏടഠ വരുമ്പോള്‍ എക്‌സ്സൈസ് ഡ്യൂട്ടി, സര്‍വീസ് നികുതി, വില്പനനികുതി തുടങ്ങിയവ ലയിച്ചു ഒന്നാകുമ്പോള്‍ ഇത്തരം ചെറുകിടക്കാരെ കൂടി മൊത്തം നികുതി സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാന്‍ ആകും. അങ്ങിനെ സര്‍ക്കാരിനു കൂടുതല്‍ മേഘലകളില്‍ കൈകടത്താനുള്ള വാതില്‍ തുറക്കപ്പെടും .

ഏടഠ വരുമ്പോള്‍ 20 ലക്ഷത്തില്‍ കുറവ് വിറ്റുവരവ് ഉള്ള യൂണിറ്റുകള്‍ രജിസ്ട്രഷന്‍ എടുക്കേണ്ട എന്ന് പറയുമ്പോള്‍ ഫലത്തില്‍ അത്തരം യൂണിറ്റുകള്‍ അടച്ചുപൂട്ടുക എന്ന് പറയാതെ പറയുകയാണ്. എന്തെന്നാല്‍, ഈ ചെറുകിട വ്യാപാരി അല്ലെങ്ങില്‍ നിര്‍മാണ യൂണിറ്റും അവരുടെ ചരക്കുകള്‍ വാങ്ങുന്നത് ഏടഠ പ്രകാരം റെജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനത്തില്‍ നിന്നായിരിക്കും. അപ്പോള്‍ ആ വസ്തുവിന്റെ വിലയില്‍ ഒരു ഭാഗം നികുതിയായിരിക്കും. അയാള്‍ ആ വസ്തു വില്‍ക്കുമ്പോള്‍ അയാള്‍ക്ക് ഉപേഭാകതാവില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ ഒരു ഭാഗം സ്വാഭാവികമായും അയാള്‍ വാങ്ങിയ വസ്തുവിന്റെ വിലയില്‍ ഉള്‍പ്പെട്ടിരുന്ന നികുതിയും കാണും. എന്നാല്‍ ഇയാള്‍ക്ക് ഏടഠ രേജിസ്ട്രഷന്‍ ഇല്ലാത്തതിനാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്ത് അയാളുടെ ഇന്‍പുട്ട് അല്ലെങ്കില്‍ വാങ്ങല്‍ നികുതി ഇളവ് സര്‍ക്കാരില്‍ നിന്ന് വസൂല്‍ ആക്കാന്‍ കഴിയാതെ വരുന്നു. അങ്ങനെ അയാള്‍ക്ക് വന്‍കിടക്കാരും ആയി മത്സരിക്കാന്‍ കഴിയാതെ കളം വിേടണ്ടിവരും.

അതുപോലെ തന്നെ 50 ലക്ഷം വരെ വിറ്റുവരവ് ഉള്ള വ്യാപാരികള്‍ക്ക് ചെറിയ ഒരു ശതമാനം 1% മുതല്‍ 5% വരെ നികുതി അടച്ചു കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവായിനില്‍ക്കാം (കോമ്പൌണ്ടിംഗ് ) . എന്നാല്‍ ഇവര്‍ക്ക് അവരുടെ വാങ്ങല്‍ നികുതി അടയ്ക്കുന്ന നികുതിയില്‍ തട്ടികിഴിക്കാനുള്ള അവകാശം ഇല്ലാതെ വരികയും വന്‍കിടക്കാര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്യും. മാത്രമല്ല ഇവരില്‍ നിന്ന് വാങ്ങുന്ന സാധനത്തിന് ഇവരുടെ ഉപഭോക്താവിനു വാങ്ങല്‍ നികുതി ഇളവു എടുക്കാന്‍ സാധിക്കാതെ വരും. അപ്പോള്‍ അയാള്‍ സ്വഭാവികമായും വന്‍ ്കിടക്കാരില്‍ നിന്ന് സാധനം വാങ്ങാന്‍ ശ്രമിക്കും. അങ്ങിനെ കോമ്പൌണ്ടിംഗ് വ്യാപാരി പ്രായേണ കാലം
വിടെണ്ടിവരും.

കൂടാതെ രജിസ്ട്രഷന്‍ ഇല്ലാത്തവരില്‍ നിന്ന് സാധനം വാങ്ങിയാല്‍ വാങ്ങുന്ന ആള്‍ വാങ്ങിയ സാധനത്തിനു നികുതി കണക്കാക്കി സര്‍ക്കാരിലേക്ക് അടക്കണം, ഹോട്ടല്‍ ഭക്ഷണം, താമസം തുടങ്ങിയവയ്ക്കുള്ള നികുതി വര്‍ധനവ് തുടങ്ങിയ വ്യവസ്ഥകള്‍ ഇതില്‍ ഉണ്ട്. മലേഷ്യയില്‍ GST നടപ്പിലാക്കിയപ്പോള്‍ അവര്‍ക്കുണ്ടായ തിരിച്ചടികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ചെറുകിട വ്യവസായികളും കച്ചവടക്കാരും ദിവസങ്ങളോളം തെരുവില്‍ പ്രക്ഷോഭം നടത്തുകയുണ്ടായത് ഇത്തരുണത്തില്‍ ശ്രദ്ധേയം ആണ്.

ഇവിടെ നാം മനസ്സിലാക്കേണ്ടത് സര്‍ക്കാര്‍ അതിന്റെ വരുമാനം ഉറപ്പുവരുത്താതെ അതിന്റെ ദൈനംദിന പ്രവര്‍ത്തനത്തോടൊപ്പം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി നിലനിന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഒരു ഭാഗത്ത് വരുന്ന വരുമാനക്കുറവു സര്‍ക്കാര്‍ മറ്റൊരു മാര്‍ഗത്തിലൂടെ ഈടാക്കിയിരിക്കും. GST യില്‍ നിത്യോപയോഗ വസ്തുക്കള്‍, ആഹാരവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് കുറഞ്ഞനിരക്കും ആഡംബര വസ്തുക്കള്‍ക്ക് കൂടിയനിരക്കും ആണ് നിശ്ചയിച്ചിട്ടുള്ളത്. അങ്ങിനെ വരുമ്പോള്‍ നിത്യോപയോഗ വസ്തുക്കള്‍ക്ക് വിലകുറയുന്ന ഒരു അവസ്ഥയാണ് GST ക്ക് ശേഷം വരേണ്ടത.് ഇവിടെയാണ് പൊതു സമൂഹത്തിന്റെ ഇടപെടല്‍ വേണ്ടിവരുന്നത്, GST നടപ്പിലാക്കുമ്പോള്‍ നികുതി നിരക്കില്‍ വരുന്ന ഏറ്റകുറച്ചിലിന്റെ അടിസ്ഥാനത്തില്‍ ചില വസ്തുക്കള്‍ക്ക് വില കുറയുകയും ചിലവയ്ക്ക് കൂടുകയും ചെയ്യും.

ഉദാഹരണമായി കോഴിക്ക് കഴിഞ്ഞ ഒരു മാസം മുന്‍പുവരെ 85- 90 രൂപ കിലോയ്ക്കുണ്ടായിരുന്നത് ഇപ്പോള്‍ യാതൊരു വിധ കാരണവും ഇല്ലാതെ 140 രൂപയില്‍ എത്തിനില്‍ക്കുന്നു. ഇതിലെ വസ്തുത മനസ്സിലാക്കേണ്ടത്, GST വരുമ്പോള്‍ കോഴിയുടെ നികുതി 14.50 % ത്തില്‍ നിന്ന് 0% ലേക്കുവരും, അപ്പോള്‍ സ്വാഭാവികമായും ഒരു വിലക്കുറവ് ഉണ്ടാകേണ്ടി വരും. അപ്പോള്‍ കച്ചവടക്കാര്‍ 140 രൂപയില്‍ നിന്ന് 110 -120 രൂപ ആക്കി കുറയ്ക്കും. എല്ലാവര്‍ക്കും സന്തോഷം അപ്പോള്‍. വിലകുറയാന്‍ സാധ്യതയുള്ള വസ്തുക്കള്‍ക്ക് വിലകുറഞ്ഞു എന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുകയും , സര്‍ക്കാര്‍ അതിനായി ഈ നിയമത്തില്‍ തന്നെ രൂപപ്പെടുത്തിയിട്ടുള്ള (Anti Profiteering Clause) ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ജാഗ്രതയോടെ പൊതുസമൂഹം ശ്രദ്ധിക്കേണ്ടതും ഇടപെടേണ്ട മേഘലകളില്‍ ഇടപെട്ട് ഉദ്യോഗസ്ഥരെ കൊണ്ട് നടപടി എടുപ്പിക്കേണ്ടതും ആണ്.