കുംബ്ലെയുടെ കാലാവധി നീട്ടാന്‍ സാധ്യത, വിന്‍ഡീസ് ടൂര്‍ വരെ തുടരും
ലണ്ടന്‍: വിന്‍ഡീസിനെതിരായ പരമ്പര വരെയെങ്കിലും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെയുടെ കാലാവധി നീട്ടാന്‍ സാധ്യത. ഗാംഗുലിയും ലക്ഷ്മണും സച്ചിനുമടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി പരിശീലകനെ തീരുമാനിക്കുന്ന കാര്യത്തില്‍ ബി.സി.സി.ഐയോട് കുടുതല്‍ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണിതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രി ഉപദേശക സമിതി ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിയുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ടു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കൊടുവില്‍ കുംബ്ലെയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമിതി കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
കുംബ്ലൈയും കോഹ്ലിയുമായി സമിതി അംഗങ്ങള്‍ അതിനുശേഷം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. കുംബ്ലെക്ക് കുറച്ച് സമയം കൂടി നീട്ടി നല്കുന്നു. മാന്യമായ രീതിയില്‍ പുറത്തുപോക്ക് ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനു ശേഷം നടക്കുന്ന വിന്‍ഡീസ് പരമ്പരയില്‍ കുംബ്ലെ ടീമിനൊപ്പം ഉണ്ടാകും. വിന്‍ഡീസിലേത് ചെറിയ പരമ്പര ആയതിനാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകില്ല. കുറച്ചു ദിവസം കൂടി ക്ഷമിക്കാന്‍ കോഹ്ലിയോട് പറഞ്ഞിട്ടുണ്ട്. ‘ ബി.സി.സി.ഐയോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കോഹ്ലിയും കുംബ്ലെയും വിട്ടുവീഴ്ച്ചക്ക് തയ്യാറാണെങ്കില്‍ ടീമിന് കൂടുതല്‍ ഗുണകരമാകുമെന്ന കണ്ടെത്തലിലാണ് ഉപദേശക സമിതി.