മലപ്പുറത്ത് ഹിന്ദുക്കൾക്ക് ഭൂമിവാങ്ങാൻ കഴിയില്ലെന്ന സംഘപരിവാർ നുണ പൊളിച്ചടുക്കുന്ന രേഖകൾ

single-img
7 June 2017

കേരളത്തേയും പ്രത്യേകിച്ച് മലപ്പുറത്തേയും കുറിച്ച് നട്ടാൽ കുരുക്കാത്ത നുണകളാണു സംഘപരിവാറും അവരുടെ സൈബർ സൈന്യവും ദേശീയതലത്തിൽ പ്രചരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരാലും മുസ്ലീങ്ങളാലും കേരളത്തിലെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണെന്നും മറ്റും തുടങ്ങുന്ന നിരവധി നിറം പിടിപ്പിച്ച നുണക്കഥകൾ ഉത്തരേന്ത്യൻ വാട്സാപ്പ് മെസേജുകളിലൂടെയും സംഘപരിവാർ അനുകൂല മാധ്യമങ്ങൾ വഴിയായും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

അത്തരത്തിലൊരു നുണയാണു മുസ്ലീം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയിൽ ഹിന്ദുക്കൾക്ക് ഭൂമി വാങ്ങാൻ സാധിക്കില്ല എന്നത്. ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയാണു ആദ്യമായി ഔദ്യോഗികമായി ഈ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് ട്വിറ്റർ, ഫെയ്സ്ബുക്ക് അക്കൌണ്ടുകൾ വഴിയായും വാട്സാപ്പ് മെസേജുകൾ വഴിയും ഈ വാസ്തവവിരുദ്ധമായ സംഗതി ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണു.

ഈയടുത്ത് ട്വിറ്ററിൽ ഈ ആരോപണമുന്നയിച്ച ഒരാൾക്ക് മലപ്പുറം സ്വദേശിയായ മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു മറുപടി കൊടുത്തിരുന്നു. സോമനാഥ് എന്ന അക്കൗണ്ടില്‍ നിന്നാണ് മലപ്പുറത്തെ ലക്ഷ്യമാക്കിയുള്ള ഇത്തവണത്തെ പ്രചരണം എത്തിയിരുന്നത്. ‘മുസ്‌ലിങ്ങള്‍ ഒഴികെയുള്ള ആര്‍ക്കും മലപ്പുറത്ത് ഭൂമിസ്വന്തമാക്കാന്‍ കഴിയില്ല’ എന്നായിരുന്നു ഇയാള്‍ ശശി തരൂര്‍ എം.പിയുടെ ട്വീറ്റിന് കീഴില്‍ ചേര്‍ത്തിരുന്നത്.

എന്നാല്‍ ഇതിന് മറുപടിയുമായെത്തിയ നിരുപമ കൃത്യമായ മറുപടി നല്‍കുകയായിരുന്നു. ‘നിങ്ങള്‍ നുണമാത്രമാണ് പറയുന്നത്. ഞാന്‍ മലപ്പുറത്ത് നിന്നുള്ള വ്യക്തിയാണ്. എന്റെ കുടുംബത്തിന് അവിടെ സ്വന്തമായി ഭൂമിയുണ്ട്. ഏതാണ്ട് നൂറു വര്‍ഷത്തോളമായി. നിങ്ങള്‍ വിദ്വേഷം പരത്തുകയാണ്.’ അവര്‍ പറഞ്ഞു.

എന്നാൽ പണ്ടേ ഭൂമിയുള്ളവർക്ക് അല്ലാതെ പുതിയതായി ഹിന്ദുക്കൾക്ക് അവിടെ ഭൂമി വാങ്ങാൻ കഴിയില്ല എന്നാണു നുണപ്രചാരകരുടെ പുതിയ അവകാശവാദം. ഈ വാദങ്ങളെയെല്ലാം പൊളിച്ചടുക്കുന്ന രേഖകളാണു നാസർ കുന്നുമ്പുറത്ത് എന്ന ഫെയ്സ്ബുക്ക് യൂസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഇപ്രാവശ്യം മലപ്പുറത്തെ ബൈ ഇലക്ഷനില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എന്‍ ശ്രീപ്രകാശിന്റെ 20 ഇല്‍ അധികം വരുന്ന പ്ലോട്ടുകളില്‍ ആദ്യത്തെ ആറെണ്ണത്തിന്‍റെ വിശദാംശങ്ങള്‍ ആണ് നാസർ പുറത്തുവിട്ടത്. അവ താഴെപ്പറയും പ്രകാരമാണു:


1. സര്‍വേ നമ്പര്‍ 292/1, പാണ്ടിക്കാട് വില്ലേജ്, വിസ്തീര്‍ണ്ണം 10.35 സെന്റ്‌. 8.8.2012 ഇന് 71000/- രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 125000/.

2. സര്‍വേ നമ്പര്‍ 352/9 വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 10 സെന്റ്‌. 11.07.2006 ഇന് 13000/ രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 50000/- രൂപ.

3. സര്‍വേ നമ്പര്‍ 292/3, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 15.50 സെന്റ്‌. 08.02.2012 ഇന് 62700/ രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 150000/- രൂപ.

4. സര്‍വേ നമ്പര്‍ 307/11, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 13.50 സെന്റ്‌. 03.07.2015 ഇന് 287000/ രൂപ വിലയ്ക്ക് വാങ്ങിയത്. ഏകദേശം കമ്പോള വില 400000/- രൂപ

5. സര്‍വേ നമ്പര്‍ 208/03, പാണ്ടിക്കാട് വില്ലേജ്, വിസ്തീര്‍ണ്ണം 10 സെന്റ്‌. 27.11.2014 ഇന് 2430000/ രൂപ വിലയ്ക്ക് കൂട്ടവകാശമായി വാങ്ങിയ ഭൂമിയില്‍ രണ്ടില്‍ ഒന്ന് അവകാശം ഏകദേശം കമ്പോള വില 200000/- രൂപ.

6. സര്‍വേ നമ്പര്‍ 291/1, വെട്ടിക്കാട്ടിരി വില്ലേജ്, വിസ്തീര്‍ണ്ണം 3 ഏക്കര്‍ . 27.11.2014 പിന്തുടര്ച്ചാവകാശമായി കിട്ടിയ കൂട്ടവകാശ ഭൂമിയില്‍ നാളില്‍ ഒന്ന് അവകാശം ഏകദേശം നടപ്പ് കമ്പോള വില 200000/- രൂപ.

ശ്രീപ്രകാശിന്റെ തെരെഞ്ഞെടുപ്പ് സത്യവാങ്മൂലം


മേൽപ്പറഞ്ഞ വിവരങ്ങളുടെ തെളിവായി ശ്രീപ്രകാശ് തന്റെ നാമനിർദ്ദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലമാണു നാസർ കൊടുത്തിരിക്കുന്നത്.

താനൂരില്‍ മത്സരിച്ച യുവ മോര്‍ച്ച നേതാവ് രശ്മില്‍ നാഥിന്റെ സത്യവാംങ്മൂലം

താനൂർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച യുവമോർച്ച നേതാവ് രശ്മിൽ നാഥ്, പൊന്നാനിയിൽ നിന്നും മത്സരിച്ച  സുരേന്ദ്രൻ, പെരിന്തൽമണ്ണയിൽ നിന്നും മത്സരിച്ച സുനിൽ തുടങ്ങിയ  മലപ്പുറത്തുനിന്നുള്ള മറ്റു ബിജെപി നേതാക്കളുടെ സത്യവാങ്മൂലങ്ങളുടെ വിവരങ്ങളും നാസർ തന്റെ പോസ്റ്റിൽ പ്രസിദ്ധീകരിച്ചു. ഇവരെല്ലാം മലപ്പുറം ജില്ലയിൽ അടുത്തകാലത്ത് (1996 മുതൽ 2015 വരെ) നടത്തിയ നിരവധി ഭൂമി ഇടപാടുകളുടെ വിവരങ്ങൾ ഈ രേഖകളിലുണ്ട്.

പെരിന്തല്‍മണ്ണയില്‍ മത്സരിച്ച സുനിലിന്റെ സത്യവാങ്മൂലം

സംസ്ഥാനതലത്തിൽ പ്രമുഖനായ ഒരു സംഘപരിവാർ വക്താവിനു നിലമ്പൂർ  ചോക്കാടിനടുത്തായി ഒരു സംയുക്ത റബ്ബർ എസ്റ്റേറ്റ് ഉണ്ടെന്നും നാസർ ആരോപിക്കുന്നു.

എന്തായാലും ഹിന്ദുക്കൾക്ക് മലപ്പുറത്ത് ഭൂമി വാങ്ങാൻ കഴിയിലെന്നു പ്രചരിപ്പിക്കുന്ന പാർട്ടിയുടെ നേതാക്കൾ തന്നെ പ്രസ്തുതജില്ലയിൽ അടുത്തകാലത്ത് നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകൾ അവർക്കുതന്നെ ബൂമറാംഗ് ആയി മാറിയിരിക്കുകയാണു.