കോൺഗ്രസ്സ് ദേശീയനേതാവിന്റെ മകനെതിരായി ക്രൈം ബ്രാഞ്ചിനു നൽകിയ പരാതി മാധ്യമങ്ങൾക്ക് ചോർത്തിനൽകിയതിനെ വിമർശിച്ച് സരിത എസ് നായർ

single-img
6 June 2017

സോളാർ കേസിലെ പ്രതിയായിരുന്ന സരിത എസ് നായർ വീണ്ടും വാർത്തകളിൽ നിറയുന്നു. പ്രതിരോധ-ആയുധ ഇടപാടുകളിൽ പങ്കാളിയാക്കാമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഉറപ്പുനല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തലാണു ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നു കാട്ടി സരിത എസ്.നായര്‍ ക്രൈം ബ്രാഞ്ചിനു നൽകിയ പരാതിയുടെ പകർപ്പ് തങ്ങൾക്കു ലഭിച്ചുവെന്നവകാശപ്പെട്ട് മംഗളം ടെലിവിഷനാണു ഇതു പുറത്തുവിട്ടത്.

കോണ്‍ഗ്രസിലെ ദേശീയ നേതാവിന്റെ മകനെതിരെയാണ് പരാതിയില്‍ പ്രധാന ആരോപണം. ഇയാളെ തനിക്ക് പരിചയപ്പെടുത്തിയത് ഖനന കേസിലും എം.ബി.ബി.എസ് കേസിലും പ്രതിയായ വ്യക്തിയാണ്. തന്നെ ആയുധ ഇടപാടില്‍ പങ്കാളിയാക്കാമെന്ന് മകന്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന ഗുരുതരമായ ആരോപണവും പരാതിയില്‍ സരിത ഉന്നയിക്കുന്നുണ്ട്. യു.ഡി.എഫിലെ പ്രമുഖ നേതാവിന്റെ മകന്‍, ഒരു ഡി.വൈ.എസ്.പി, അമേരിക്കന്‍ വ്യവസായി തുടങ്ങി നിരവധി പേര്‍ക്കെതിരെ സരിത നല്‍കിയ പരാതിയില്‍ ആരോപണമുണ്ടെന്നും മംഗളം വാർത്തയിൽ പറയുന്നു.

എന്നാൽ താൻ ഈ പരാതി നേരത്തേതന്നെ ക്രൈബ്രാഞ്ചിനു നൽകിയതായിരുന്നുവെന്നും ആരേയും ബ്ലാക്ക്മെയിൽ ചെയ്യാനോ അപകീർത്തിപ്പെടുത്തുവാനോ ആയിരുന്നില്ല തന്റെ ഉദ്ദേശ്യമെന്നും സരിത എസ് നായർ ഇ വാർത്തയോട് പറഞ്ഞു.

“ഞാൻ കോൺഫിഡൻഷ്യലായി ക്രൈം ബ്രാഞ്ചിനു നൽകിയ പരാതിയാണിത്. അതും വളരെക്കാലം മുന്നേ. ഇപ്പോൾ ഇതിന്റെ പകർപ്പ് മംഗളത്തിനു എവിടെനിന്നുകിട്ടി എന്നത് അവർ തന്നെ വിശദമാക്കട്ടെ. എനിക്ക് മാധ്യമവാർത്തകളിൽ നിറഞ്ഞുനിൽക്കാനോ വിവാദങ്ങൾ സൃഷ്ടിക്കാനോ താൽപ്പര്യമില്ല,” സരിത പറഞ്ഞു.

ഇതിനിടെ സരിതയുടെ പരാതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ മധു എസ്.ബി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.