ബിസിസിഐ ഭരണസമിതിയില്‍ ഭിന്നത, രാമചന്ദ്ര ഗുഹ രാജിവച്ചു

single-img
1 June 2017

ബിസിസിഐ ഇടക്കാല ഭരണസമിതിയില്‍ നിന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു. ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിക്ക് രാജിക്കത്ത് കൈമാറിയതായി ഗുഹ വ്യക്തമാക്കി. രാജി അപേക്ഷ രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച സുപ്രിംകോടതി അപേക്ഷ ജൂലൈയില്‍ പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഗുഹയുടെ രാജി, തന്നെ അമ്പരപ്പിച്ചതായി ഒരു ബിസിസിഐ വക്താവ് അറിയിച്ചു. കോഹ്ലിയും കുംബ്ലൈയും തമ്മിലുള്ള പ്രശ്‌നങ്ങളാണോ ഇതിന് കാരണമെന്ന ചോദ്യത്തിന് മറുപടി പറയാന്‍ ഇദ്ദേഹം തയ്യാറായതുമില്ല. ഈ വര്‍ഷം ജനുവരിയില്‍ സുപ്രീം കോടതി വിനോദ് റായിയുടെ അധ്യക്ഷതയില്‍ രാമചന്ദ്ര ഗുഹയടക്കമുള്ള അംഗങ്ങളെ ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയായി നിയമിക്കുകയായിരുന്നു.

അതേസമയം ബിസിസിഐ ഭരണസമിതിയിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കോച്ച് അനില്‍ കുംബ്ലൈയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തമ്മിലുള്ള കലഹം ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.