അറവുശാലകളുടെ ലൈസൻസ് പുതുക്കിനൽകാൻ അമാന്തം വേണ്ടെന്നു യു പി സർക്കാരിനോട് അലഹബാദ് ഹൈക്കോടതി

single-img
12 May 2017

അറവുശാലകൾക്ക് ലൈസൻസും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അനുവദിക്കുന്നതിൽ വീഴ്ച്ച വരുത്തരുതെന്നു ഉത്തർപ്രദേശ് സർക്കാരിനോട് അലഹബാദ് ഹൈക്കോടതി. അനധികൃത അറവുശാലകൾ അടച്ചുപൂട്ടാനെന്ന വ്യാജേന അറവുശാലകളുടെ ലൈസൻസ് പുതുക്കിനൽകാതിരുന്ന യോഗി ആദിത്യനാഥിന്റെ നടപടിയ്ക്കെതിരേ സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യഹർജ്ജിയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഉത്തർപ്രദേശിലെ ഇറച്ചിയുടെ ലഭ്യതയിലുണ്ടായ പ്രതിസന്ധിയ്ക്ക് ഇതോടെ പരിഹാരമായിരിക്കുകയാണു. ലൈസൻസില്ലാത്ത അറവുശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിറക്കിയ യോഗി ആദിത്യനാഥ് സർക്കാർ ലൈസൻസ് കാലാവധി കഴിഞ്ഞവരുടെ ലൈസൻസ് പുതുക്കി നൽകേണ്ടേന്നും തീരുമാനിച്ചിരുന്നു. ഇതു യു പിയിലെ മൊത്തം ഇറച്ചിവ്യാപാരത്തേയും ഭക്ഷണശാലകളേയും സാരമായി ബാധിക്കുകയും ചെയ്തിരുന്നു. ഈപ്രശ്നങ്ങൾക്കാണു ഇതോടെ പരിഹാരമായത്.

ജസ്റ്റിസ് എ പി ഷാഹി സഞ്ജയ് ഹർക്കോളി എന്നിവരടങ്ങിയ ബെഞ്ചാണു വിധി പുറപ്പെടുവിച്ചത്. ലൈസൻസ് അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ജൂലയ് 17-നു സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

“അറവുശാലകൾക്ക് ലൈസൻസ് നൽകുന്നതും നിയന്ത്രിക്കുന്നതും സർക്കാരിന്റെ ചുമതലയാണു. അതിൽ നിന്നും ഒളിച്ചോടാൻ സർക്കാരിനുകഴിയില്ല,”  ജസ്റ്റിസ് ഷാഹി പറഞ്ഞു.

അറവുശാലകൾ അടച്ചുപൂട്ടും എന്നതു ബിജെപിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദ്ദാനമായിരുന്നു. ഇതിന്റെ ഭാഗമായാണു അധികാരത്തിലേറിയ യോഗി സർക്കാർ അനധികൃത അറവുശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. എന്നാൽ ലൈസൻസ് ഉള്ള അറവുശാലകളേയും സർക്കാർ പലരീതിയിലും ഉപദ്രവിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയായ ഹിന്ദുയുവവാഹിനിയുടെ പ്രവർത്തകർ മത്സ്യവ്യാപാരശാലകൾ അടക്കം കത്തിക്കുന്ന നടപടികളും ഉണ്ടായി.

ഇതിനെതിരേ യുപിയിൽ വ്യാപക പ്രതിഷേധം ഉണ്ടായി. ഇറച്ചിവ്യാപാരികൾ സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രക്ഷോഭം നടത്തി. നിരവധി വ്യാപാരികൾ സമർപ്പിച്ച റിട്ട് പെറ്റിഷനുകളും ഒരു പൊതുതാൽപ്പര്യ ഹർജ്ജിയും കൂടി ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കുകയായിരുന്നു.

സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ രാഘവേന്ദ്ര സിംഗും പരാതിക്കാർക്കുവേണ്ടി അഡ്വ: ബി കെ സിംഗുമാണു ഹാജരായത്.