മുത്തലാക്ക് മുസ്ലീം വിവാഹമോചനത്തിനുള്ള ഏറ്റവും മോശം മാർഗ്ഗമെന്ന് സുപ്രീം കോടതി

single-img
12 May 2017

മുസ്ലീം വിവാഹമോചനത്തിനുള്ള ഏറ്റവും മോശവും ഒട്ടും അഭികാമ്യമല്ലാത്തതുമായ മാർഗ്ഗമാണു മുത്തലാക്കെന്നു സുപ്രീം കോടതി. മുത്തലാക്ക് നിയമപരമാണെന്ന് വാദിക്കുന്ന ചിന്താധാരകൾ നിലവിലുണ്ടെങ്കിലും ഇതാണു വാസ്തവമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ചാണു ഇത്തരമൊരു നിരീക്ഷണം നടത്തിയത്. മുത്തലാക്കുമായി ബന്ധപ്പെട്ട കേസുകളിൽ വാദം രണ്ടാം ദിവസവും തുടരുന്നതിനിടെയാണു ഇന്നു സുപ്രീം കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദിന്റെ വാദങ്ങൾക്കു മറുപടിയായാണു കോടതി ഇങ്ങനെ നിരീക്ഷിച്ചതു. മുത്തലാക്ക് എന്നതു ജുഡിഷ്യൽ പരിശോധന ആവശ്യമുള്ള സംഗതിയല്ലെന്നും സ്ത്രീകൾക്ക് വിവാഹ കരാർ (നിക്കാഹ് നാമ) പ്രകാരം മുത്തലാക്ക് വേണ്ടെന്ന് പറയാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്നും സൽമാൻ ഖുർഷിദ് വാദിച്ചു.

എന്നാൽ മുത്തലാക്ക് നിരോധിച്ചിട്ടുള്ള എല്ലാ മുസ്ലീം – അമുസ്ലീം രാജ്യങ്ങളുടെയും ഒരു പട്ടിക തയ്യാറാക്കാനാണു കോടതി ആവശ്യപ്പെട്ടത്.

പാക്കിസ്താൻ, അഫ്ഘാനിസ്താൻ, മൊറോക്കോ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ മുത്തലാക്ക് വിവാഹമോചനത്തിനുള്ള ഉപാധിയായി അംഗീകരിച്ചിട്ടില്ല എന്ന മറുപടിയാണു കോടതിയ്ക്ക് ലഭിച്ചത്.

മുത്തലാക്കിന്റെ ഇരകളിൽ ഒരാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാംജത്മലാനി രൂക്ഷമായ വിമർശനമാണു മുത്തലാക്ക് സമ്പ്രദായത്തിനെതിരേ ഉന്നയിച്ചത്. സമത്വത്തിനുള്ള അവകാശം അടക്കമുള്ള ഭരണഘടനാപരമായ പല പൌരാവകാശങ്ങളേയും ലംഘിക്കുന്ന സമ്പ്രദായമാണു മുത്തലാക്കെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“മുത്തലാക്കിനുള്ള അവകാശം ഭർത്താവിനുമാത്രമായി പരിമിതമാണു. സ്ത്രീകൾക്ക് ഇതിനുള്ള അവകാശമില്ല. ഇതു ഭരണഘടനയുടെ ആട്ടിക്കിൾ 14 (സമത്വത്തിനുള്ള അവകാശം)-ന്റെ ലംഘനമാണു,” രാം ജത്മലാനി പറഞ്ഞു.

മുത്തലാക്ക് ലിംഗാധിഷ്ടിത വിവേചനം ഉണ്ടാക്കുന്നുവെന്നും ഇതു വിശുദ്ധ ഖുറാന്റെ അടിസ്ഥാനപ്രമാണങ്ങൾക്ക് എതിരാണെന്നു അദ്ദേഹം വാദിച്ചു. ഈ ജുഗുപ്സാവഹമായ ആചാരം ഭരണഘടനയുടേ തത്വങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.