ചാലിയാര്‍ വെള്ളച്ചാട്ടവും ആഡ്യന്‍പാറയും പിന്നെ തേക്ക് മ്യൂസിയവും; നിലമ്പൂരിലെത്തുന്നവരെ മോഹിപ്പിക്കുന്ന കാഴ്ചകള്‍ അനവധിയാണ്

single-img
29 April 2017

പച്ചപ്പും കാട്ടരുവികളും പൂക്കളും പൂമ്പാറ്റകളും പുല്‍മേടുകളുമുള്ള ഒരിടമാണ് ചിന്തയെലെങ്കില്‍ നിലമ്പൂരിലേക്കു പോന്നോളൂ. ചാലിയാര്‍ പുഴയുടെ ഓളങ്ങളും കാടും താഴ്വരയും കണ്ട്, വെള്ളച്ചാട്ടവും പാറക്കൂട്ടങ്ങളും കണ്ട്, തേക്കുമരക്കാടുകളുടെ പ്രൗഢിയില്‍ ഇലകളാല്‍ മാനത്തെ പുല്‍കിയ മരങ്ങളുടെ തണലില്‍ നിവര്‍ന്നു നില്‍ക്കുന്ന നിലമ്പൂരിനെ അറിയാന്‍. 25 കിലോമീറ്ററിനുള്ളില്‍ കാണാനും അറിയാനും ഒരുപാടുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളും വനംവകുപ്പിന്റെ കീഴിലാണ്. അവിടങ്ങളില്‍ തിങ്കളാഴ്ച സന്ദര്‍ശകരെ അനുവദിക്കില്ല.

തേക്ക് മ്യൂസിയം കഴിഞ്ഞ് നാടുകാണി റോട്ടിന് ഇടതു വശം തിരിഞ്ഞ് കുറച്ച് ദൂരം കഴിഞ്ഞാല്‍ (ഇപ്പോള്‍ ടാറിംഗ് കഴിഞ്ഞു) കല്ലിട്ട റോഡ് കാണാം. അല്‍പദൂരം പിന്നിട്ടപ്പോള്‍ റോഡിനു കുറുകെ വനംവകുപ്പിന്റെ ഗേറ്റ്. അവിടെ നിന്നങ്ങോട്ട് വണ്ടികള്‍ക്കു പ്രവേശനമില്ല. കാല്‍നടമാത്രം. മനോഹരമായ വഴി. ഇരുവശവും തണലേകി തലയുയര്‍ത്തി നില്‍ക്കുന്ന മഹാഗണി പ്ലാന്റേഷന്‍. ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നാല്‍ ചാലിയാര്‍ മുക്കായി. കാഞ്ഞിരപുഴയും കരിമ്പുഴയും ചാലിയാറില്‍ ചേരുന്നയിടം.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ കുറുമ്പലകോട് വില്ലേജിലാണ് ആഢ്യന്‍ പാറ വെള്ളച്ചാട്ടം. നിലമ്പൂര്‍ പട്ടണത്തില്‍ നിന്നും 15 കിലോമീറ്ററോളം അകലെ ചാലിയാര്‍ പഞ്ചായത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്. നിത്യഹരിത വനങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്കുള്ള മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴ ചാലിയാറിന്റെ ഒരു കൈവഴിയാണ്. നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ ചാലിയാര്‍മുക്കില്‍ വെച്ച് ചാലിയാറില്‍ ചേരുന്നു.

ആഢ്യന്‍ പാറയും പരിസരപ്രദേശങ്ങളും ഇടതൂര്‍ന്നതും നയനമനോഹരവുമായ കാടിനാല്‍ സമ്പന്നമാണ്. വൈവിധ്യമാര്‍ന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിവിടം. വെള്ളരിമലനിരകളില്‍ ഉത്ഭവിക്കുന്ന വെള്ളച്ചാട്ടം 300 അടി ഉയരത്തില്‍ നിന്ന് പാറക്കൂട്ടങ്ങളെ തട്ടിതലോടി താഴേക്ക് പതിക്കുന്ന അതിമനോഹരമായ കാഴ്ച എത്ര കണ്ടാലും മതിവരില്ല. അപകടസാധ്യത ഏറെയുള്ള ഇവിടെ നാട്ടുകാരുടെ നിര്‍ദേശമനുസരിച്ച് ഒരു മുങ്ങിക്കുളിയാകാം.

അതിരപ്പിള്ളി വെള്ളചാട്ടത്തിന്റെ ഭ്രമിപ്പിക്കുന്ന സൗന്ദര്യം നിങ്ങള്‍ക്കിവിടെ കാണാനാവില്ല. താഴ്വാരത്തിലെ പാറക്കെട്ടുകളില്‍ നിന്ന് മുകളിലേക്ക് നോക്കുമ്പോള്‍ ശീതന്‍ കാറ്റ് കണ്ണിലേക്കു കൈ മാറുന്ന ജലകണങ്ങളുടെ ആവേശവും നിങ്ങള്‍ക്കിവിടെ കിട്ടില്ല. പക്ഷെ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ബഹളങ്ങളില്ലാതെ ചില സായാഹ്നങ്ങള്‍ക്ക്, പ്രകൃതിയിലേക്ക് ഒരു യാത്രക്ക്, ഇവിടം അനുയോജ്യമാണ്.

വേനല്‍ക്കാലത്ത് വെള്ളം കുറഞ്ഞ് ചെറിയൊരു നീര്‍ച്ചാല് മാത്രമായാണ് ഇവിടെ വെള്ളമൊഴുകുന്നത്.കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടത്തിന്റെ രൗദ്രതയും വന്യസൗന്ദര്യവും ആ സമയത്ത് ഇവിടെ പ്രതീക്ഷിക്കാന്‍ വയ്യ. പാറക്കൂട്ടങ്ങളില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികളുടെ കാഠിന്യവും വേനല്‍ക്കാലത്ത് അസഹനീയമായിരിക്കും. നീരൊഴുക്കിന്റെ അപ്പുറം കടന്നാല്‍ കിട്ടുന്ന മരത്തണല്‍ ഒഴികെ ഈ ഭാഗത്തൊന്നും വേറെ തണലോ മറയോ ഇല്ല.

40 അടിയോളം ഉയരത്തില്‍ നിന്ന് നൂറ്റാണ്ടുകളായി വെള്ളമൊഴുകി മിനുസമാര്‍ന്ന പാറയിലൂടെ ഇഴുകി, തെന്നിത്തെന്നി താഴെ പ്രകൃതി ഒരുക്കിയ പൂളിലേക്ക്.. ശക്തിയാര്‍ന്ന വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം അപകടകരമായി നില്‍ക്കുന്ന വിധത്തിലുള്ള പാറകളൊന്നുമില്ലാതെ നല്ല ആഴമുള്ള ഒരു പൂളാണ് ഇത്. ഒരിക്കല്‍ സ്പ്ലാഷ് നടത്തിയവര്‍ പിന്നെ വെള്ളത്തില്‍ നിന്നു തിരിച്ചു കയറില്ല. അത്രക്കും ആവേശകരമായ ഒരു അനുഭവം തന്നെയാണ് ഇവിടം സമ്മാനിക്കുന്നത്.