ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ബിജെപി അഞ്ചുകൊല്ലമായി വോട്ടിംഗ് യന്ത്രങ്ങളിൽ ഗവേഷണം നടാത്തുകയായിരുന്നെന്നു മനീഷ് ശിശോദിയ

single-img
26 April 2017

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻമുന്നേറ്റത്തിനു പിന്നിൽ വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറിയാണെന്നാരോപിച്ചു ഡൽഹി ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് ശിശോദിയ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലൂടെയാണു ശിശോദിയ ഈ ആരോപണം ഉന്നയിച്ചത്.

“2009-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം ബിജെപി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് കാര്യമായ ഗവേഷണം നടത്തുകയുണ്ടായി. അഞ്ചുവർഷത്തോളം നീണ്ടുനിന്ന ആ ഗവേഷണത്തിലൂടെ അവർ അതിൽ പ്രാവീണ്യം നേടിയതിന്റെ ഫലമായി പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പും അവർ ജയിക്കാൻ തുടങ്ങി,” ശിശോദിയയുടെ ട്വീറ്റ് പറയുന്നു.

ഇലക്ട്രോണിക് വോട്ടിംഗ് മഷീനിൽ നടക്കാവുന്ന തട്ടിപ്പുകളെക്കുറിച്ച് ആദ്യമായി പറയുന്നയാൾ താനല്ല എന്നു പറഞ്ഞ ശിശോദിയ, മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനിയും ജി ബി എൽ നരസിംഹറാവുവും ഇതിനേക്കുറിച്ച്  പുസ്തകങ്ങൾ എഴുതിയിട്ടുള്ള കാര്യവും ഓർമ്മിപ്പിച്ചു.

“ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ തിരിമറി കാണിക്കുന്നുവെന്നത് നമ്മുടെ ജനാധിപത്യപ്രക്രിയയിൽ നടന്നുവരുന്ന യാഥാർത്ഥ്യമാണു. ആളുകൾ അതു ആദ്യമായി കേൾക്കുമ്പോൾ പരിഹസിച്ചേക്കാം എന്നു കരുതി സത്യം വിളിച്ചുപറയുന്നതിൽ നിന്നു ഞങ്ങൾ പിന്മാറുകയില്ല,” അദ്ദേഹം ട്വിറ്ററിൽ എഴുതി.

എന്നാൽ ആം ആദ്മി പാർട്ടിയുടേ മുതിർന്ന നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഗോപാൽ റായി , അശുതോഷ് തുടങ്ങിയ മറ്റു നേതാക്കൾ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നിട്ടുണ്ടാകാം എന്ന ആരോപണവുമായി രംഗത്തെത്തിയിട്ടുമുണ്ട്.