ആഗ്രയിൽ വി എച്ച് പി ബജ്രംഗ്ദൾ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു: അക്രമികളെ നയിച്ചത് ബിജെപി എം എൽ ഏ

single-img
24 April 2017

ഉത്തർപ്രദേശിൽ പോലീസ് അറസ്റ്റ് ചെയ്ത വി എച്ച് പി പ്രവർത്തകരെ മോചിപ്പിക്കാൻ ചെന്ന ബിജെപി എം എൽ ഏയുടെ നേതൃത്വത്തിലുള്ള വി എച്ച് പി ബജ്രംഗ്ദൾ സംഘം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ആഗ്രയിലെ ഫത്തേപൂർ സിക്രിയിലുള്ള സദർ ബസാർ പോലീസ് സ്റ്റേഷനാണു ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ചത്. പ്രവർത്തകർ പോലീസുകാരെ മർദ്ദിക്കുകയും ഒരു പോലീസുകാരന്റെ ബൈക്ക് തീയിട്ടു നശിപ്പിക്കുകയും ചെയ്തു.

മുസ്ലീം വിഭാഗത്തിൽപ്പെട്ടവരെ മർദ്ദിച്ചതിനു ശനിയാഴ്ച്ച രാവിലെ ഒൻപത് വി എച്ച് പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണു സംഭവങ്ങളുടെ തുടക്കം. അറസ്റ്റ് ചെയ്ത പ്രവർത്തകരെ ഫത്തേപൂർ സിക്രി പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവന്നു. ഇതറിഞ്ഞ വി എച്ച് പി പ്രവർത്തകർ സംഘടിച്ച് പോലീസ് സ്റ്റേഷനിലെത്തുകയും സർക്കിൾ ഓഫീസർ രവികാന്ത് പരാശറുമായി വാക്കേറ്റം നടത്തുകയും ചെയ്തു. വി എച്ച് പി നേതാവായ ജഗ്മോഹൻ ചാഹർ ഇദ്ദേഹത്തെ തല്ലിയതോടെ പോലീസ് ലാത്തിച്ചാർജ്ജ് ആരംഭിക്കുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.

അൽപ്പസമയത്തിനുള്ളിൽ ഒരുകൂട്ടം ആളുകൾ ഫത്തേപൂർ സിക്രി സ്റ്റേഷൻ വളയുകയും കല്ലേറു നടത്തുകയും ചെയ്തു. പോലീസും തിരിച്ചാക്രമിച്ചു. ഇരുഭാഗത്തും ആളുകൾക്കു പരിക്കേറ്റു. ആക്രമണകാരികളിൽ നിന്നും അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത പോലീസ് അവരെ സദർ ബസാർ പോലീസ്  സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

എന്നാൽ ബിജെപി എം എൽ ഏ ഉദയ്ഭാൻ സിംഗും ചില പ്രാദേശികനേതാക്കളുമടങ്ങുന്ന ബജ്രംദൾ സംഘം സദർ ബസാർ പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ്ണ.

ധർണ്ണയുടെ ഇടയ്ക്ക് എം എൽ ഏ സ്ഥലത്തുനിന്നു പോകുകയും അതിനുശേഷം ആൾക്കൂട്ടം ആക്രമണം അഴിച്ചുവിടുകയുമാണുണ്ടായത്. കൂടുതൽ ആളുകൾ സ്ഥലത്തെത്തുകയും പോലീസ് സ്റ്റേഷനുനേരേ കല്ലെറിയുകയും ചെയ്തു. ഒരു പോലീസുകാരന്റെ ബൈക്ക് അഗ്നിക്കിരയാക്കി. സ്റ്റേഷൻ എസ് ഐ സന്തോഷ് കുമാറിനെ ആക്രമിച്ചശേഷം അദ്ദേഹത്തിന്റെ സർവ്വീസ് റിവോൾവർ തട്ടിയെടുത്തു. ലോക്കപ്പ് കുത്തിത്തുറക്കാനും ചിലർ ശ്രമം നടത്തി.

പോലീസ് വീണ്ടും ലാത്തിച്ചാർജ്ജ് നടത്തിയെങ്കിലും അക്രാം തുടരുകയായിരുന്നു. തുടർന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെതി വി എച്ച് പി നേതാക്കളുമായി ചർച്ചനടത്തി. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന അവരുടെ ആവശ്യം പോലീസ് തള്ളി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണു.