മലപ്പുറത്തിനും എസ്ഡിപിഐയ്ക്കും എതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ കടകംപള്ളി ചില പഴയ കാര്യങ്ങള്‍ മറന്നു പോകുന്നു; നിയമസഭ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് കടകംപള്ളി വിജയിച്ചത് എസ്ഡിപിഐ വോട്ടുകള്‍ ചോദിച്ചു വാങ്ങിയാണെന്നു സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് മൗലവി

single-img
20 April 2017

മലപ്പുറം ജില്ലയെപ്പറ്റിയുള്ള വര്‍ഗ്ഗീയ പ്രസ്താവന തിരിച്ചടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ കാരണം ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണമെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ എസ്ഡിപിഐ രംഗത്തെത്തി.

കടകംപള്ളി സുരേന്ദ്രന്‍ ജയിച്ച തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ വിജയിച്ച നേമത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടഭ്യര്‍ഥിച്ച് സിപിഐഎം നേതാക്കള്‍ സമീപിച്ചിരുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് മൗലവി വെളിപ്പെടുത്തി. ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലായ നാരദാന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സ്ഥാനാര്‍ത്ഥിയായ കടകംപള്ളി നേരിട്ടു സമീപിക്കുകയല്ലായിരുന്നുവെന്നും ജില്ലയിലെ പ്രമുഖ സിപിഐഎം നേതാക്കള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് വരികയായിരുന്നുവെന്നും അബ്ദുള്‍ മജീദ് പറഞ്ഞു. ഈ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സിപിഴഎഎമ്മിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അപ്പോഴൊന്നും എതിര്‍പ്പ് പറയാതിരുന്ന സിപിഐഎം ഇപ്പോള്‍ എസ് ഡി പി ഐ വര്‍ഗീയ കക്ഷിയാണെന്നും മലപ്പുറത്ത് മുസ്ലിംലീഗിനെ സഹായിച്ചെന്നും പറയുന്നത് കാപട്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കു നല്ല രീതിയില്‍ സ്വാധീനമുള്ള ഇടങ്ങളായിരുന്നു കഴക്കൂട്ടവും നേമവും. അതുകൊണ്ടു കൂടിയാണ് ഞങ്ങള്‍ എസ്ഡിപിഐക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇവിടെ രണ്ടിടങ്ങളിലും തങ്ങള്‍ക്ക് അത്യാവശ്യം വോട്ടുമുണ്ട്- അബ്ദുള്‍ മജീദ് പറഞ്ഞു.

മലപ്പുറത്ത് എസ്ഡിപിഐ എല്‍ഡിഎഫുമായി നീക്കുപോക്കു തുടരുന്നുവെന്നുള്ള കാര്യവും അദ്ദേഹം വ്യക്തമാക്കി. അതിനുദാഹരണമായി മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതിയില്‍ എസ്ഡിപിഐ ഉള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ യുഡിഫ് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയില്‍ പ്രതിപക്ഷത്തുള്ള ജനകീയ മുന്നണിയില്‍ സിപിഐഎമ്മിനൊപ്പം എസ്ഡിപിഐ ഉറച്ചു നില്‍ക്കുന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നത് സാഹചര്യമനുസരിച്ചാണ്. എന്നാല്‍ ഒരേസമയം പിന്തുണ സ്വീകരിക്കുകയും അതിനുശേഷം വര്‍ഗ്ഗീയ കക്ഷികളെന്നു വിളിച്ചു പുറത്തു നിര്‍ത്തുകയും ചെയ്യുന്ന സിപിഐഎമ്മിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അബ്ദുള്‍ മജീദ് പറഞ്ഞു.