ലീഗ് മുസ്ലീ സമുദായത്തോടും മൊത്തം സമൂഹത്തോടും എന്താണു ചെയ്യുന്നത്?

single-img
18 April 2017

വർത്തമാനകാല കേരളരാഷ്ട്രീയത്തിൽ ഏറ്റവും അരാഷ്ട്രീയമായ ഒരു സംഘടന ഏതാണെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം മുസ്ലീം ലീഗ് എന്നാണു. മറ്റൊന്നു കേരളാ കോൺഗ്രസ്സ് ആണു. ഈ കക്ഷികൾ ഏതെങ്കിലും മതസാമുദായിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു എന്നതുകൊണ്ടല്ല  അങ്ങനെ പറഞ്ഞത്. അങ്ങനെയാണെങ്കിൽ ആർ എസ് എസ്/ബിജെപിയും എസ് ഡി പി ഐ, ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളും ഈ ഗണത്തിൽ വരണമല്ലോ. വരില്ല. കാരണം പോസിറ്റിവോ നെഗറ്റിവോ ആയിക്കൊള്ളട്ടെ അവർക്കൊക്കെ ഒരു രാ‍ഷ്ട്രീയ ലക്ഷ്യബോധമുണ്ട്.

മേൽപ്പറഞ്ഞ ലീഗിനതൊന്നുമില്ല. അയയിലിട്ട കോണകം പോലെ അതിങ്ങനെ കിടക്കും. മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടി എന്നാണു വെയ്പ്പ്. എന്നാൽ ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ മുസ്ലീങ്ങളേ ബാധിക്കുന്ന ഏതെങ്കിലും വിഷയങ്ങളിൽ കാതലായ ഒരു അഭിപ്രായപ്രകടനം നടാത്താൻ പോലും ഇവർക്കു കഴിയാറില്ല. പാരമ്പര്യഗുണം കൊണ്ടു മാത്രം നൂറുകണക്കിനു പള്ളികളുടെ ഖാസിയായിത്തുടരുന്ന തങ്ങന്മാരുടെ ഒരു കുടുംബവും അവരുടെ സിൽബന്ധികളും അവരുടെ ബിസിനസ് താൽപ്പര്യങ്ങളും ചേർന്ന ഒരു കൂട്ടുകൃഷി മാത്രമാണു ലീഗ്. അവരുടെ പൊളീറ്റിക്കൽ ഫ്യുവൽ എന്നുപറയുന്നത് സാമുദായികവികാരവും അൽപ്പം വിശ്വാസത്തിന്റെ മേമ്പൊടിയും പ്രാദേശികതയും പിന്നെ ‘മതേതരത്വത്തിന്റെ കാവലാളായ തങ്ങൾ’, ‘പുലിക്കുട്ടി കുഞ്ഞാപ്പ’ പോലെയുള്ള കുറെ പേഴ്സണാലിറ്റി കൾട്ടുകളും മാത്രമാണു.

സോഷ്യൽ മീഡിയായിലും മറ്റും സിപീമ്മുകാരും കോൺഗ്രസ്സുകാരും എസ് ഡിപിഐക്കാരും ജമാ അത്തുകാരും ഒക്കെ സംഘപരിവാർ വിരുദ്ധത പറയുമ്പോൾ അൽപ്പം നിലവാരമുള്ള ചില ലീഗുകാർ ഒപ്പത്തിനൊപ്പം നിൽക്കാൻ ‘ഞമ്മളും സംഘപരിവാറിനെതിരാണു’ എന്ന് പറയാറുണ്ട്. എന്നാൽ എന്താണു യാഥാർത്ഥ്യം? ബിജെപിയെയോ സംഘപരിവാറിനേയൊ ഒരു വാക്കുകൊണ്ടെങ്കിലും വേദനിപ്പിക്കാനോ അസ്വസ്ഥമാക്കാനോ കഴിയാത്ത കേരളത്തിലെ ഒരേയൊരു നോൺ-സംഘപരിവാർ സംഘടന ലീഗ് ആയിരിക്കും. പി കെ ഫിറോസിനെപ്പോലെയുള്ള ചില ഒറ്റപ്പെട്ട തുരുത്തുകളെ മാറ്റിനിർത്തിയാൽ ലീഗിൽ ആരും തന്നെ അത്തരം ഇടപെടലുകളോ പ്രതികരണങ്ങളോ നടത്താറില്ല.

തങ്ങൾ മുസ്ലീം സാമുദായിക സംഘടനയായതുകൊണ്ട് സംഘപരിവാറിനെ വിമർശിച്ചാൽ മതേതരസംഘടനയെന്ന പേരു പൊയ്പ്പോകുമോ എന്ന പേടി അവർക്കുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ ഈ പേടിയൊന്നും മറ്റു വിവാദങ്ങൾ ഉണ്ടാക്കുമ്പോൾ ഉണ്ടാകാറില്ല. മുസ്ലീം സമുദായത്തിനു യാതൊരുതരത്തിലും ഗുണവുമില്ലാത്ത വിവാദങ്ങൾ ഉണ്ടാക്കുകയും അതുവഴി മൊത്തം മുസ്ലീം സമുദായത്തേയും പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുക എന്നതാണു ലീഗിന്റെ പ്രധാന ഹോബി. അബ്ദുറബ്ബിന്റെ നിലവിളക്ക് വിവാദം തന്നെ ഉദാഹരണമായി എടുക്കാം.

അബ്ദുറബ്ബിനോട് ഉദ്ഘാടനസമയത്ത് നിലവിളക്ക് കത്തിക്കാൻ പറഞ്ഞതും അദ്ദേഹമത് നിരസിച്ചതും ഓർക്കുക. നിലവിളക്ക് കത്തിക്കാതിരിക്കുക എന്നതു അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണു. നിലവിളക്ക് എന്നതു സവർണ്ണഹിന്ദു നൊസ്റ്റാൾജിയയുടേ ഭാഗവുമാണു. പക്ഷേ അടുത്തപ്രാവശ്യം ആരെങ്കിലും ഉദ്ഘാടനത്തിനു വിളിക്കുമ്പോൾ ഈ ചടങ്ങ് ഒഴിവാക്കാമെങ്കിലേ തനിക്കു വരാൻ സാധിക്കൂ എന്നും അല്ലാത്തപക്ഷം മറ്റാരെയെങ്കിലും വിളിക്കണമെന്നും( അല്ലെങ്കിൽ ചടങ്ങിനിടെ തന്നെ തന്ത്രപരമായി ഈ ഇടപാടിൽ നിന്നും ഒഴിവാക്കി നിർത്തണമെന്നെങ്കിലും) പറയാനുള്ള പക്വത അദ്ദേഹം കാണിക്കണമായിരുന്നു. കാരണം ഒരു സമുദായത്തിന്റെ പേരിലുള്ള പാർട്ടിയുടെ മന്ത്രിയാണദ്ദേഹം. ഓരോ പ്രാവശ്യം ഈ വിവാദം ഉണ്ടാക്കി അതുവഴി ബിജെപിയ്ക്ക് കാമ്പയിൻ നടത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കാതെ നോക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. എന്നാൽ ഈ വിവാദം ഓരോ പ്രാവശ്യം ഉണ്ടാകുമ്പോഴും സ്വയം ഇരയായി ഉയർത്തിക്കാട്ടി സമുദായത്തിലെ തന്റെ വേരുകൾ ഉറപ്പിക്കാനാണു അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്.

ലീഗിനെ ആർ എസ് സുമായി ഉപമിക്കുന്നതൊക്കെ തമാശയാണു. ഹിന്ദുക്കൾ ഭൂരിപക്ഷമായ, ജാതീയതയും വർഗീയതയും കൊടികുത്തിവാഴുന്ന ഒരു രാജ്യത്ത്, ന്യൂനപക്ഷങ്ങളേയും ദളിതരേയും ആക്രമിച്ചു അടിച്ചൊതുക്കി മുന്നേറുന്ന സംഘപരിവാറും മലപ്പുറത്തെ പ്രാദേശിക തറവാട്ടുപാർട്ടിയായ ലീഗും തമ്മിൽ ഒരു താരതമ്യം പോലും സാധ്യമല്ല. പക്ഷേ അതിന്റെ പേരിൽ ലീഗിനെ അങ്ങ് വിശുദ്ധ പുണ്യാളന്മാരായി കണക്കാക്കാനും കഴിയില്ല. അൽപ്പസ്വൽപ്പം വർഗീയതയൊക്കെ കാണിക്കാനും സ്വസമുദായത്തേയും ഇതരസമൂഹത്തേയും അതുവഴി ഉപദ്രവിക്കാനുമുള്ള പൊട്ടൻഷ്യൽ തങ്ങൾക്കുണ്ടെന്നു അവർ തെളിയിച്ച പലസംഭവങ്ങളുമുണ്ട്.

2003 മേയ് രണ്ടാം തീയതി നടന്ന രണ്ടാം മാറാട് കലാപത്തിൽ മുസ്ലീം ലീഗിനും എൻ ഡി എഫിനും നേരിട്ടു പങ്കുള്ളതായി ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷൻ റിപ്പോർട്ടിൽപ്പറയുന്നുണ്ട്. ഒൻപത് പേർ കൊല്ലപ്പെട്ട ഈ കലാപത്തിന്റെ റിപ്പോർട്ടിൽ മുസ്ലീം ലീഗിന്റെ പങ്കിനെക്കുറിച്ച് പറയുന്നതിങ്ങനെ:

‘മാറാട് ബീച്ചിൽ നടന്ന കൂട്ടക്കൊലയുടെ പദ്ധതി തയ്യാറാക്കുന്നതിലും നടത്തിപ്പിലും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പ്രവർത്തകർ സജീവമായി പങ്കെടുത്തിട്ടുണ്ട്. ലീഗിന്റെ നേതാക്കളോ (കുറഞ്ഞത് പ്രാദേശികതലത്തിലുള്ളവരെങ്കിലും) അറിയാതെ ഇത്തരമൊരു പങ്കാളിത്തം അസാധ്യമാണു. ലീഗിന്റെ പ്രാദേശിക നേതാവായ പി പി മൊയ്തീൻ കോയ ഈ ഗൂഢാലോചനയിൽ നേരിട്ട് പങ്കെടുക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിനു ഇതിനെക്കുറിച്ച് മുന്നറിവുണ്ടായിരിക്കുകയോ ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവും കോഴിക്കോട് വികസന അതോറിറ്റി ചെയർമാനുമായ മായിൻ ഹാജിയ്ക്കു ഈ ഗൂഢാലോചനയേക്കുറിച്ച് മുന്നറിവുള്ളതായി വിശ്വസിക്കാൻ നിരവധി കാരണങ്ങളുണ്ട്.”

ഇനി 2009 നവംബർ പതിനഞ്ചിനു കാസർഗോഡ് നടന്ന കലാപവും തുടർന്നുള്ള പോലീസ് വെടിവെയ്പ്പുമാണു മറ്റൊരു ഉദാഹരണം.

കാസര്‍കോഡ് ടൗണില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കുള്ള സ്വീകരണച്ചടങ്ങ് നടക്കുന്നതിനിടെ  ടൗണിന്റെ ഒരു ഭാഗത്ത് നിന്ന് മുസ്ലീം ലീഗ് പ്രവർത്തകർ പ്രകടനം തുടങ്ങി. പ്രകോപനരമായ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രകടനം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. പെട്ടെന്ന് തന്നെ കാസര്‍കോഡ് ടൗണ്‍ കലാപ ഭൂമിയായി. പോലീസും ലീഗ് പ്രവര്‍ത്തകരും നേരിട്ട് ഏറ്റുമുട്ടി. സമീപത്തെ രണ്ട് ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. പോലീസ് വെടിവെപ്പിലും കത്തിക്കുത്തിലും രണ്ട് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് ജുഡീഷ്വല്‍ അന്വേഷണം വേണമെന്ന് മുസ് ലിം ലീഗും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ജസ്റ്റിസ് നിസാര്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മീഷനെ വെച്ചു. യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ കമ്മീഷന്‍ കാലാവധി നീട്ടിക്കൊടുത്തു. എന്നാല്‍ പിന്നീട് കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.

മലബാറിലാകെ വര്‍ഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായിട്ടാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് പോലീസുകാര്‍ നിസാർ കമ്മീഷന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. കാസര്‍കോടിന് പുറത്തുനിന്നുള്ളവരുടെയും സഹായം ഇതിനുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്. അന്നു തന്നെ തളിപ്പറമ്പിലും നാദാപുരത്തും സംഘര്‍ഷമുണ്ടായിരുന്നുവെന്നും മൂന്ന് സംഘര്‍ഷങ്ങളും ആസൂത്രിതമായിരുന്നെന്നും മൊഴിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മലബാറിലാകെ കലാപം പടര്‍ത്താനായിരുന്നു ലീഗിന്റെ ശ്രമമെന്നും പൊലീസുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

നിസാർ കമ്മീഷനെ പിരിച്ചുവിട്ടതു മാത്രമല്ല അദ്ദേഹത്തിന്റെ വീടിനുനേരേ കല്ലേറും നടത്തി. ജസ്റ്റിസ് എം എ നിസാർ താമസിക്കുന്ന വീടിനു നേരേ 2011- ആഗസ്റ്റ് പതിനൊന്നിനു രാത്രിയാണു കല്ലേറുണ്ടായത്.

മേൽപ്പരാമർശിക്കപ്പെട്ട ലീഗിനെയാണു ‘മതേതരമെന്നും’ മിതവാദികളെന്നുമൊക്കെ സിമ്പിൾ ആയി നമ്മൾ പറഞ്ഞുപോകുന്നത്. പാഠപുസ്തകസമരത്തിന്റെ ഭാഗമായി ഒരദ്ധ്യാപകനെ ചവിട്ടിക്കൊന്നതും ആ കേസിലെ സാക്ഷി കോടതിയിൽ മൊഴിനൽകിയാൽ അയാളെ കൊല്ലുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയതും ഇതേ ലീഗ് തന്നെയാണു.

ഇനി സാക്ഷാൽ കുഞ്ഞാലിക്കുട്ടിയിലേയ്ക്ക് വരാം. ഐസ്ക്രീം കേസ് എന്നു കേൾക്കുമ്പോൾ ആളുകളുടെ ഒരു പൊതുവികാരം ഇതു കുഞ്ഞാലിക്കുട്ടിയും റജീനയും തമ്മിലുണ്ടായിരുന്ന എന്തോ സ്വകാര്യ ഇടപാടാണു എന്നാണു. എന്നാൽ കേരളം ഏറ്റവും വലിയ ക്രിമിനൽ കേസുകളിലൊന്നാണു ഐസ്ക്രീം കേസ്. 1995-96 കാലത്താണ് കോഴിക്കോട് ബീച്ചിനടുത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് വ്യാപകമായി പെണ്‍വാണിഭം നടക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. അന്ന് മുഖ്യമന്ത്രി എ കെ ആന്റണി. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയും. 1998ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നകാലത്ത് ഐസ് ക്രീം പെണ്‍വാണിഭം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അജിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുടങ്ങിക്കിടന്ന കേസ് അതോടെ പുതിയ വഴിത്തിരിവിലെത്തുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതായി അഞ്ച് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. എന്നാല്‍ ഇവര്‍ പിന്നീട് മൊഴി തിരുത്തി. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി വീണ്ടും മൊഴി നല്‍കി. വന്‍ തോതില്‍ പണം നല്‍കിയാണ് ഇവര്‍ മൊഴിമാറ്റിയതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ഒരു ബംഗ്ലാവ് ഒറ്റരാത്രികൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ സംഭവമുണ്ടായി. ഇവിടെ തെളിവെടുപ്പിന് ആളെത്തുമ്പോള്‍ വീടു നിന്നിടത്ത് ഒരു അടയാളം പോലുമില്ലാതായി. ഇതിനിടെ കേസുമായി ബന്ധമുള്ള കോഴിക്കോട്ടെ രണ്ട് യുവതികള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഈ ഫ്ലാറ്റിൽ സെക്യൂരിറ്റി ആയിരുന്ന രണ്ടുപേർ ദുരൂഹസാഹചര്യത്തിലാണു കൊല്ലപ്പെട്ടത്.

യു ഡി എഫ് അധികാരത്തിൽ വരുമ്പോഴെല്ലാം ലീഗ് ആണു വ്യവസായവകുപ്പ് ഭരിക്കാറുള്ളത്. പുകൾപെറ്റ കുഞ്ഞാലിക്കുട്ടി തന്നെയാകും വ്യവസായമന്ത്രി. പക്ഷേ വ്യവസായവകുപ്പിന്റെ അവസ്ഥ ആ കാലഘട്ടത്തിൽ എന്താകും എന്നുകൂടി ചിന്തിക്കുക. എൽ ഡി എഫ് ഭരിക്കുമ്പോഴെല്ലാം ലാഭത്തിലോടുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാക്കുകയോ പൂട്ടിക്കുകയോ ചെയ്തുകൊണ്ടാകും ശ്രീമാൻ കുഞ്ഞാലിക്കുട്ടി കളം വിടുന്നത്. ഭരണതലത്തിലും ഉപദ്രവമല്ലാതെ ഉപകാരമൊന്നും ലീഗ് ചെയ്തിട്ടില്ല. മലപ്പുറം ജില്ലയിൽ പാർട്ടികളുടെ സിൽബന്ധികൾക്ക് സ്വകാര്യകോളജുകളും സ്കൂളുകളും അനുവദിക്കുന്നതല്ലാതെ ജില്ലയുടെ കാതലായ വികസനത്തിനു ഒന്നും ചെയ്തിട്ടില്ല.

ലീഗിനു വോട്ട് ചെയ്ത മലപ്പുറത്തുകാരെല്ലാം വർഗീയവാദികളാണെന്നുള്ള സിപി എം സൈബർസഖാക്കളുടെ വാദമൊക്കെ ശുദ്ധഭോഷ്കും മണ്ടത്തരവുമാണു. പക്ഷേ അതിന്റെ പേരിൽ ലീഗ് കളങ്കമേതുമില്ലാത്ത ആദർശസംഘടനയാകുന്നതുമില്ല. നേരത്തേ പറഞ്ഞതുപോലെ സംഘപരിവാറിനെതിരേ പടപൊരുതുന്ന ലീഗ് എന്ന വാദം അതിനേക്കാൾ തമാശയാണു. എന്നുമാത്രമല്ല തങ്ങളുടെ കോമാളിത്തരങ്ങളും അഹങ്കാരവുമെല്ലാം ഉപയോഗിച്ച് സംഘപരിവാറിനെ അവർ വേണ്ടരീതിയിൽ സഹായിക്കുന്നുമുണ്ട്.

ലോ അക്കാദമി വിഷയത്തിൽ ബിജെപി നേതാക്കളെ സമരപ്പന്തലിൽ ചെന്നുകണ്ട പാണക്കാട് തങ്ങൾ ഒന്നുകിൽ തീരെ രാഷ്ട്രീയബോധമില്ലാത്ത ഒരു മണ്ടനാണു. അല്ലെങ്കിൽ താൽക്കാലിക രാഷ്ട്രീയലാഭത്തിനു വേണ്ടി ആരോടൊപ്പവും ‘സെൽഫി’ എടുക്കാൻ മടിയില്ലാത്ത കുറുക്കനാണു. (ഇതിലേതാണു എന്ന് ലീഗ് അണികൾ തന്നെ തീരുമാനിക്കട്ടെ). പക്ഷെ കോൺഗ്രസ്സ് ഭരിക്കുമ്പോൾ സർക്കാരിനെതിരേ ബിജെപി ഇതുപോലെ ഒരു നിരാഹാരം നടത്തുകയും സി പി എം നേതാക്കൾ അവരെ സമരപ്പന്തലിൽപ്പോയിക്കാണുകയും ചെയ്താൽ ഇവിടുത്തെ മാധ്യമങ്ങളും സമൂഹമാധ്യമബുദ്ധിജീവികളുമെങ്ങനെയൊക്കെ പ്രതികരിക്കുമായിരുന്നു എന്നുമാത്രം ചിന്തിച്ചുനോക്കിയാൽ മതി.