സമാന്തര നിയമപാലനം: ഹിന്ദു തീവ്രവാദ സംഘടനകള്‍ക്ക് യോഗി ആദിത്യനാഥിന്റെ താക്കീത്

single-img
17 April 2017

സമാന്തര നിയമപാലനത്തിനിറങ്ങുന്ന ഹിന്ദുതീവ്രവാദ സംഘടനകളായ വേൾഡ് ഹിന്ദു ഫെഡറേഷൻ, ഹിന്ദു യുവവാഹിനി തുടങ്ങിയവയ്ക്ക് യോഗി ആദിത്യനാഥിന്റെ ശാസന. യോഗി ആദിത്യനാഥ് രക്ഷാധികാരിയായ സംഘടനയാണു ഹിന്ദു യുവവാഹിനി. വേൾഡ് ഹിന്ദു ഫെഡറേഷന്റെ ചെയർമാനും യോഗി ആദിത്യനാഥ് ആണു.

വിവാദവിഷയങ്ങളിൽ ഇടപെടുമ്പോൾ നിയമം കയ്യിലെടുക്കാതെ പോലീസിന്റെ സഹായം തേടണമെന്നു യോഗി ഈ സംഘടനകളുടെ കേഡർമാരോട് നിർദ്ദേശിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

യോഗിയുടെ ഉപദേശം സ്വീകരിച്ച സംഘടനാനേതാക്കൾ യു പി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേയ്ക്കെത്തിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകാൻ തങ്ങളുടെ കേഡർമാരോട് നിർദ്ദേശിച്ചതായാണു റിപ്പോർട്ടുകൾ.

നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും എല്ലാവരും അതനുസരിക്കാൻ ബാദ്ധ്യസ്ഥരാണെന്നുമാണു യോഗി ആദിത്യനാഥ് തന്റെ കേഡർമാരോട് പറഞ്ഞത്.

മതപരിവർത്തനം, ഗോഹത്യ, ലവ് ജിഹാദ് എന്നീ വിഷയങ്ങളെ ആളിക്കത്തിച്ച് കുഴപ്പങ്ങളുണ്ടാക്കുന്ന ഹിന്ദു യുവവാഹിനി എന്ന സംഘടന 2002-ൽ യോഗി ആദിത്യനാഥ് ആണു സ്ഥാപിച്ചത്. പല വർഗീയ കലാപങ്ങളിലും പങ്കുള്ളതായി തെളിഞ്ഞിട്ടുള്ള ഈ സംഘടന യോഗി മുഖ്യമന്ത്രിയായ ശേഷം വ്യാപകമായ സമാന്തര നിയമപാലനപ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നു. മീററ്റിൽ വീടിനുള്ളിലുണ്ടായിരുന്ന യുവാവിനേയും യുവതിയേയും വലിച്ചിറക്കി മർദ്ദിച്ച സംഭവം വളരെയധികം വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.