മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനൊരുങ്ങി സന്തോഷ് പണ്ഡിറ്റ് ; ചിത്രത്തില്‍ മുഴുനീള കഥാപാത്രമായാണ് പണ്ഡിറ്റ് എത്തുന്നത്

single-img
17 April 2017

കഥ,തിരക്കഥ,സംവിധാനം,അഭിനയം തുടങ്ങി എല്ലാ മേഖലകളും സ്വയം ചെയ്ത് സിനിമയില്‍ ‘വേറിട്ടൊരു ശൈലി’യിലൂടെ സഞ്ചരിക്കുന്ന സന്തോഷ് പണ്ഡിറ്റ് ഇതാദ്യമായി താന്‍ സംവിധാനം ചെയ്യാത്ത മറ്റൊരു ചിത്രത്തില്‍ അഭിനയിക്കുന്നു, അതും താരരാജാവ് മമ്മൂട്ടിയോടൊപ്പം.

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയിലേക്ക് കടക്കുന്നത്. നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം സൂപ്പര്‍ തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലാകും പണ്ഡിറ്റ് എത്തുക.

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കൊളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. കുഴപ്പക്കാരായ കൊളേജ് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കൊളേജ് ക്യാമ്പസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മമ്മൂട്ടി ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും രസിക്കുന്ന ചേരുവകള്‍ സിനിമയുടെ പ്രത്യേകതയാകും.

കൃഷ്ണനും രാധയും, ടിന്റുമോന്‍ എന്ന കോടീശ്വരന്‍, ഉരുക്കു സതീശന്‍ തുടങ്ങിയ ചിത്രങ്ങള്‍ സ്വന്തമായി സംവിധാനം ചെയ്തു അഭിനയിച്ച് റിലീസ് ചെയ്ത് പ്രശസ്തി നേടിയ ആളാണു സന്തോഷ് പണ്ഡിറ്റ്. ഇതാദ്യമായാണു താനല്ലാതെ മറ്റൊരാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്.

ഇവരെ കൂടാതെ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, ബിജു കുട്ടന്‍, അര്‍ജുന്‍, അശ്വിന്‍, ജോഗി, ദിവ്യ ദര്‍ശന്‍, അജ്മല്‍ നിയാസ്, സുനില്‍ സുഗദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങി വന്‍താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഓണത്തിന് ചിത്രം തിയ്യറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.