കക്കഞ്ചേരിയില്‍ അര്‍ദ്ധരാത്രി എത്തിയ സംഘം കിണര്‍വെള്ളം മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയി

നടുവണ്ണൂര്‍: ഇനി ജലമോഷണത്തിന്റെ കാലം.കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ആളുകള്‍ ജലം മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്നതായി പരാതി. കക്കഞ്ചേരി ബാപ്പറ്റ ഇല്ലത്ത് പറമ്പില്‍ ചായടം ഗോവിന്ദന് നമ്പൂതിരിയുടെ വീട്ടിലെ കിണര്‍വെള്ളമാണ് ഇത്തരത്തില്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മോട്ടോര്‍വെച്ച് വീട്ടുപറമ്പിലെ കിണര്‍വെള്ളം മുഴുവന്‍ ചോര്‍ത്തിയെടുത്ത് വാഹനത്തില്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു. പച്ചക്കറി നനയ്ക്കാനായി മോട്ടോര്‍ ഓണ്‍ചെയ്തപ്പോഴാണ് സംഭവം മനസ്സിലാവുന്നത്. കിണറിനടുത്തുവരെ വാഹനമെത്തിയ അടയാളവുമുണ്ട്. കല്ലുകള്‍ മറിച്ചിട്ട നിലയിലുമായിരുന്നു.
വിശാലമായിക്കിടക്കുന്ന രണ്ടേക്കറിലധികമുള്ള പറമ്പിന്റെ അറ്റത്ത് മുണ്ടോത്ത്കക്കഞ്ചേരി റോഡിനോട് ചേര്‍ന്നാണ് കിണറുള്ളത്. എട്ടുകെട്ട് ഇല്ലമായതിനാല്‍ അകത്തുകയറിയാല്‍ രാത്രിയില്‍ പറമ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. കുടിവെള്ളത്തിന് ഈ കിണര്‍ ഉപയോഗിക്കാറില്ല. ടാങ്കില്‍ നിറയ്ക്കാനുള്ള പൈപ്പുകളുള്പ്പെടെയുള്ളവ കിണറിനടുത്തുതന്നെയുണ്ട്. അവ ഉപയോഗിച്ചിട്ടുണ്ടാവാം മോഷണം നടത്തിയിരിക്കുന്നത്.ശബ്ദമില്ലാത്ത മോട്ടോര്‍വെച്ച് വെള്ളമൂറ്റിയതാവാമെന്ന് പഞ്ചായത്തംഗം സുജാത നമ്പൂതിരി പറഞ്ഞു.
രാത്രി ഒരുമണിക്കും വെളുപ്പിനു നാലുമണിക്കുമിടയിലാണ് സംഭവമെന്നാണ് കരുതുന്നത്. കിണറിന് സമീപമുള്ള അഞ്ച് വാഴക്കുലകളും മോഷണം പോയിട്ടുണ്ട്. വെള്ളം മോഷ്ടിച്ച് വില്‍ക്കുന്ന സംഘമാണോ ഇതിനുപിറകിലെന്നും സംശയിക്കുന്നു. നല്ല വെള്ളമുണ്ടായിരുന്ന കിണറ്റില്‍ ഇപ്പോള്‍ ഒരുതുള്ളി വെള്ളമില്ലെന്നും അതുകൊണ്ട് പച്ചക്കറി കൃഷി നനയ്ക്കാനാവാതെ ബുദ്ധിമുട്ടുകയാണ് തങ്ങളെന്നും വീട്ടുകാര്‍ പറഞ്ഞു.