യോഗി ആദിത്യനാഥ് പ്രൈവറ്റ് മെഡിക്കല്‍ പ്രവേശനത്തില്‍ സംവരണം നിര്‍ത്തലാക്കിയെന്ന വാര്‍ത്ത കള്ളം; പൊളിഞ്ഞത് മാധ്യമങ്ങളുടെ കള്ളപ്രചരണം

single-img
14 April 2017

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ പ്രൈവറ്റ് മെഡിക്കൽ കോളേജുകളിൽ സംവരണം നിർത്തലാക്കുന്നുവെന്ന വാർത്ത കള്ളമെന്ന് റിപ്പോർട്ടുകൾ. ജാതി മതാതീതമായി വികസനത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണു ബിജെപിയുടേതെന്നുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ കള്ളപ്രചരണമാണു ഇതോടെ വെളിച്ചത്തായിരിക്കുന്നത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണു ആദിത്യനാഥ് സർക്കാർ പ്രൈവറ്റ് മെഡിക്കൽ കോളേജുകളിൽ സംവരണം റദ്ദാക്കിയതായി വാർത്തകൾ വന്നത്. ഇന്ത്യാ റ്റുഡേ അടക്കമുള്ള മാധ്യമങ്ങൾ സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ വികസന നടപടികളുടെ ഭാഗമെന്ന് ഈ വാർത്തയെ വാഴ്ത്തുകയുമുണ്ടായി. സോഷ്യൽ മീഡിയയിൽ സംവരണ വിരുദ്ധ പ്രൊഫൈലുകൾ ഈ വാർത്തയെ കൊട്ടിഘോഷിക്കുകയും ചെയ്തു.

പക്ഷേ, പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിനു സംവരണം ഒരിക്കലും ബാധകമായിരുന്നില്ല എന്നതാണു യാഥാർത്ഥ്യം. അഖിലേഷ് യാദവിന്റെ മുൻ സർക്കാർ 2017 മാർച്ചിൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനം നീറ്റ് അടിസ്ഥാനത്തിലാക്കിയിരുന്നു. പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് സംവരണം വേണ്ടതില്ല എന്നും ഈ സർക്കുലർ പറയുന്നുണ്ട്.ഇക്കാര്യം സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വാർത്ത തങ്ങളെ അധികാരത്തിലേറ്റിയ ജനങ്ങളെ വഞ്ചിക്കാനാണെന്നും പറഞ്ഞ് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ യുപി തെരഞ്ഞെടുപ്പിൽ ബിജെപി എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങളുടെ വലിയ ശതമാനം വോട്ടും പിടിച്ചെടുത്തിരുന്നു. ഈ വിഭാഗങ്ങളുടെ അമർഷത്തിനും വാർത്ത വഴിവെച്ചിട്ടുണ്ട്.

അതേ സമയം, ഈ നടപടി യോഗി സർക്കാരിന്റെ സംവരണവിരുദ്ധ നിലപാടുകളുടെ ഭാഗമാണെന്ന ആരോപണവുമായി പുരോഗമന, ഇടതുപക്ഷ സംഘടനകളും മാധ്യമപ്രവർത്തകരും രംഗത്ത് വന്നു.

ഉത്തരേന്ത്യയിലെ ഉന്നതകുലജാതരും സംവരണവിരുദ്ധരുമായ വോട്ട് ബാങ്കിനിടയിൽ ആദിത്യനാഥിനു വികസനനായകനെന്ന പരിവേഷം ചാർത്തിക്കൊടുക്കാൻ മാധ്യമങ്ങൾ നടത്തിയ പ്രചരണമാണു ഇതോടെ പുറത്തുവന്നിരിക്കുന്നതെന്നാണു മറ്റൊരു ആരോപണം.