ഈ പണി ഇവിടെ നടക്കില്ല; മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുകയും ഇസ്ലാം മതത്തെ അപമാനിക്കുകയും ചെയ്ത മലയാളി യുവാവിനെ ദുബായ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു

single-img
12 April 2017

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതിനും സമൂഹ മാധ്യമങ്ങളിലൂടെ ഇസ്ലാം മതനിന്ദ നടത്തുകയും ചെയ്ത മലയാളി യുവാവിനെ ദുബായ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. മലയാളിയായ ബിന്‍സിലാലിനെയാണ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിനോടാണ് ബിന്‍സി ലാല്‍ അപമര്യാദയായി പെരുമാറിയത്. ഇസ്ലാം മതത്തെ അപഹസിക്കുന്ന പോസ്റ്റുകളും ബിന്‍സിലാലിന്റെ ഫെയ്സ്ബുക്ക് പേജില്‍ കണ്ടെത്തിയിട്ടുണ്ട്. ദുബായിലെ നിയമപ്രകാരം ജയില്‍ ശിക്ഷയും 30 ലക്ഷം ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ബിന്‍സിലാല്‍ അയച്ച മോശം സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് എനിക്ക് ഫെയ്സ്ബുക്കില്‍ നിന്നു ലഭിച്ച അശ്ലീല സന്ദേശത്തിലൊന്നാണ് എന്ന അടിക്കുറിപ്പോടെ റാണ ട്വിറ്ററില്‍പോസ്റ്റ് ചെയ്യുകയായിരുന്നു. റാണ അയൂബിന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട് ആല്‍ഫാ പെയിന്റ്സ് കമ്പനി അധികൃതര്‍ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.

ബിന്‍സിലാലിനെ കമ്പനി പുറത്താക്കിയ വിവരം റാണ അയൂബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ശല്യക്കാര്‍ക്കെല്ലാമുളള മുന്നറിയിപ്പാണിതെന്ന് റാണ അയൂബ് പറഞ്ഞു. ഡല്‍ഹി പൊലീസില്‍ ഇയാള്‍ക്കെതിരെ കേസുകൊടുക്കുമെന്നും അവര്‍ പറഞ്ഞു.