‘എന്റെ താടി കണ്ടിട്ട് ഞാന്‍ ഒരു മുസല്‍മാനാണെന്നു നിങ്ങള്‍ ഉറപ്പിച്ചോ? എങ്കില്‍ കേട്ടോളു, അതിന്റെ പേരില്‍ ഞാന്‍ ആ താടി ഒഴിവാക്കാന്‍ പോകുന്നില്ല’; മുസ്ലീങ്ങള്‍ക്ക് വീടില്ലെന്നു പറഞ്ഞയാള്‍ക്ക് മലയാളിയായ തരുണ്‍ തോമസിന്റെ മറുപടി

രാജ്യത്ത് ഉരുത്തിരിഞ്ഞിരിക്കുന്ന മുസ്ലീങ്ങളോടുള്ള അകല്‍ച്ച വ്യക്തമാക്കിയും അതിനു കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയും കോട്ടയം സ്വദേശി തരുണ്‍ തോമസന്റെ ഫേസ്ബുക്ക്് പോസ്റ്റ്. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയുടെ പ്രാന്തനഗരമായ വസായിയില്‍ വീടുനോക്കാന്‍ പോയ തന്റെ അനുഭവമാണ് തരുണ്‍ വിവരിച്ചിരിക്കുന്നത്.

വീടു നോക്കാനതയി ചെന്ന തരുണിന്റെ നീണ്ട താടി കണ്ട എസ്റ്റേറ്റ് മാനേജര്‍ തരുണിനെ ഒരു മുസ്ലീമാണെന്നു കരുതുകയും വീടില്ല എന്നു പറയുകയുമായിരുന്നു. മുഹമ്മദീയര്‍ക്കു ഞങ്ങള്‍ ഇവിടെ വീട് നല്‍കില്ല എന്ന് ഉറക്കെ പറയാനും അയാള്‍ക്ക് മടിയുണ്ടായിരുന്നില്ലെന്നും തരുണ്‍ ചൂണ്ടിക്കാട്ടുന്നു.

എന്താണ് എന്റെ രാജ്യത്തിന് സംഭവിക്കുന്നത്? ഞാന്‍ ഒരു മുസല്‍മാനാണെയെന്ന് എന്റെ താടിയാണ് അയാളെ തോന്നിപ്പിച്ചതെങ്കില്‍ സമീപകാലത്തൊന്നും ഞാന്‍ ഇത് ഒഴിവാക്കാന്‍ പോകുന്നില്ല. എന്താ…എന്റെ മുസ്ലിം സഹോദരങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലേ?- തരുണ്‍ ചോദിക്കുന്നു.

ജനനം കൊണ്ടു ഞാനൊരു ക്രിസ്ത്യാനിയാണെന്നും ഒരു ക്രൈസ്തവനെ നിങ്ങള്‍ സമൂഹത്തില്‍ അംഗീകരിക്കുന്നുവെങ്കില്‍ എന്തുക്കൊണ്ടാണ് മുസല്‍മാനെ അംഗീകരിക്കാത്തതെന്നും തരുണ്‍ ചോദിക്കുന്നു. എന്റെ ഒരു മുസ്ലിം സഹോദരന്‍ കഴിക്കുന്നതിലും അധികം മാംസാഹാരം ഞാന്‍ ഭക്ഷിക്കുന്നുണ്ടെന്നും പന്നിയിറച്ചി പോലും താന്‍ കഴിക്കുന്നുണ്ടെന്നും അദ്ദേഹം എഫ്ബി പോസ്റ്റില്‍ പറയുന്നു.

തരുണ്‍ തോമസിന്റെ എഫ്.ബി പോസ്റ്റ് പരിഭാഷ വായിക്കാം:

വസായിലെ പുതിയ ഫ്‌ലാറ്റുകള്‍ കാണാനായി ഞങ്ങള്‍ അവിടെ ചെന്നു. എസ്റ്റേറ്റ് മാനേജറിന്റെ സംശയാസ്പദമായ നോട്ടമാണ് ഞങ്ങളെ വരവേറ്റത്. ഓഫീസില്‍ കയറിയപ്പോള്‍ തന്നെ എന്റെ പേര് പോലും ചോദിക്കാതെയും ഇരിക്കാന്‍ ആവശ്യപ്പെടാതെയും അയാള്‍ പറഞ്ഞ ഒരു വിഡ്ഢിത്തമുണ്ട് ഇവിടെ ഞങ്ങള്‍ മുഹമ്മദീയര്‍ക്കു വീടുകള്‍ നല്‍കാറില്ല!

എന്താണ് എന്റെ രാജ്യത്തിന് സംഭവിക്കുന്നത്? ഞാന്‍ ഒരു മുസല്‍മാനാണെയെന്ന് എന്റെ താടിയാണ് അയാളെ തോന്നിപ്പിച്ചതെങ്കില്‍ സമീപകാലത്തൊന്നും ഞാന്‍ ഇത് ഒഴിവാക്കാന്‍ പോകുന്നില്ല. എന്താ…എന്റെ മുസ്ലിം സഹോദരങ്ങള്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലേ?

മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ നാളെ റോഡുകളെയും ക്രിസ്ത്യന്‍ റോഡുകള്‍ , ഹിന്ദു റോഡുകള്‍ മുസ്ലിം റോഡുകള്‍ എന്നിങ്ങനെ മതത്തെ അടിസ്ഥാനമാക്കി വിഭജിച്ചു നല്‍കു.അപ്പോള്‍ പിന്നെ അന്യമതസ്ഥരാരും ആ വഴി വരിക പോലുമില്ലെല്ലോ?

മതം തിരിച്ചുള്ള ഈ നാണംകെട്ട വിഭജനത്തെ പിന്തുണയ്ക്കുന്നവരോട് ലജ്ജ തോന്നുന്നു. ജനനം കൊണ്ടു ഞാനൊരു ക്രിസ്ത്യാനിയാണ്. ഒരു ക്രൈസ്തവനെ നിങ്ങള്‍ സമൂഹത്തില്‍ അംഗീകരിക്കുന്നുവെങ്കില്‍ എന്തുക്കൊണ്ടാണ് മുസല്‍മാനെ അംഗീകരിക്കാത്തത്? എന്റെ ഒരു മുസ്ലിം സഹോദരന്‍ കഴിക്കുന്നതിലും അധികം മാംസാഹാരം ഞാന്‍ ഭക്ഷിക്കുന്നുണ്ട്. പന്നിയിറച്ചി പോലും.

നിന്റെ സഹോദരനെ സ്‌നേഹിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും നിന്ന് നിന്റെ മതവിശ്വാസം പിന്നോട്ടു വലിക്കുന്നെങ്കില്‍ ഒരു പുനര്‍ചിന്തനത്തിനു സമയമായി. ഇങ്ങനെ പെരുമാറും മുന്‍പേ കുറഞ്ഞപക്ഷം ഈ പാട്ടെങ്കിലും ഒന്നു മൂളി നോക്കു…

ഈശ്വര്‍ അള്ളാഹ് സബ് തെരെ നാം…സബ്‌കോ സന്മതി ദേ ഭഗവാന്‍! (രഘുപതി രാഘവ രാജാറാം…)