എസ്ബിഐ നിര്‍ത്തിയിടത്തു സഹകരണ ബാങ്കുകള്‍ തുടങ്ങുന്നു; പരിധിയില്ലാത്ത ഇടപാടുകള്‍, മിനിമം ബാലന്‍സ് പിഴയില്ല, എടിഎം സര്‍വ്വീസ് ചാര്‍ജ്ജില്ല: തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് സഹകരണ ബാങ്കുകള്‍ എത്തുന്നു

single-img
10 April 2017

സംസ്ഥാനത്തെ കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും സാധാരണക്കാരുടെയും ആവശ്യങ്ങള്‍ക്ക് മുന്നില്‍ എന്നും ഒപ്പം നിന്ന സഹകരണ ബാങ്കുകള്‍ ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉണ്ടാകുന്നതെന്ന് ഇടക്കാലത്ത് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നോട്ട് പ്രതിസന്ധിയില്‍ നിന്ന് എല്ലാ ബാങ്കുകളും മോചിതരായപ്പോഴും സഹകരണ ബാങ്കിനേറ്റ ആഘാതം മാറിയിരുന്നില്ല. എന്നാല്‍ ഇന്നു വീണ്ടും സാധാരണക്കാര്‍ സഹകരണ ബാങ്കിനെ തേടിയെത്തുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.

സ്‌റ്റേറ്റ് ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകള്‍ പണമിടപാടുകള്‍ക്കും എടിഎം സര്‍വ്വീസുകള്‍ക്കും തുടങ്ങി അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ കൂടി പിഴ ഈടാക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ജനങ്ങളെ ദ്രോഹിക്കുന്ന ബാങ്കുകള്‍ക്കെതിരെ അതി രൂക്ഷമായി ഉയരുന്ന ജനവികാരം ചെന്നെത്തി നില്‍ക്കുന്നത് സഹകരണ ബാങ്കുകളുടെ മുന്നിലാണ്. മാസങ്ങള്‍ക്കു മുമ്പുള്ള നോട്ടു നിരോധനത്തെ തുടര്‍ന്നു പ്രതിസന്ധിയുടെ കാണാക്കയവും കണ്ട് മടങ്ങിയെത്തിയ സഹകരണ ബാങ്കുകള്‍ പൊതുമേഖലാ ബാങ്കുകളുടെ ഇടിഞ്ഞ ജനപ്രീതി കീശയിലാക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.

കേരളത്തിന്റെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്നു പറഞ്ഞ്, പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അധികാരം സഹകരണ ബാങ്കുകള്‍ക്കു നിഷേധിക്കുകയായിരുന്നു. കേരളത്തിന്റെ സാമ്പത്തികനിലയെ തന്നെ തകര്‍ക്കാന്‍ കഴിയുന്ന നീക്കത്തെ അതിശക്തമായി എതിര്‍ത്ത്, കേരളത്തിന്റെ പൊതുവികാരം പ്രകടിപ്പിച്ചു കൊണ്ട് സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അന്ന് സത്യാഗ്രഹപന്തലിലെത്തിയിരുന്നു. എന്നിട്ടും കേന്ദ്രം വിട്ടു വീഴ്ചക്ക് തയ്യാറായില്ല. അങ്ങനെ നോട്ട് പ്രതിസന്ധിയില്‍ കുടുങ്ങി സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.

നോട്ട് പ്രതിസന്ധി കഴിഞ്ഞ് 5 മാസങ്ങള്‍ പിന്നിടുമ്പോള്‍ വന്‍ മാറ്റങ്ങളാണ് ബാങ്കിംഗ് രംഗത്തുണ്ടായത്. പണ ഉപയോഗം കുറച്ച്് ഡിജിറ്റല്‍ മേഖലയിലേക്ക് തിരിയാനുള്ള ശ്രമവും രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. എന്നാല്‍ ഇതിന്‍െ മറവില്‍ പൊതുമേഖലസ്വകാര്യ ബാങ്കുകള്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുകയും കൂടുതല്‍ തവണ എടിഎം കാര്‍ഡ് ഉപയോഗിച്ചാല്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യുന്ന അസാധാരണ നടപടി കൈക്കൊണ്ടതോടെ ജനങ്ങള്‍ കെണിയില്‍പ്പെട്ട അവസ്ഥയിലായി. തുടര്‍ന്നു പലരും എസ്ബിഐ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്ന ഘട്ടംവരെയെത്തി. പൊതുമേഖലാ ബാങ്കിന്റെ ഈ നടപടികള്‍ സാധാരണക്കാരെ വലയക്കുമ്പോള്‍ സഹകരണ ബാങ്കിന്റെ തിരിച്ചു വരവുകൂടിയാണ് ഇവിടെ പ്രവര്‍ത്തികമാകുന്നത്.

കഴിഞ്ഞ ദിവസം പ്രമുഖ പത്രങ്ങളില്‍ കൊല്ലം ജില്ലാ സഹകരണ ബാങ്കിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ബാങ്ക് അക്കൗണ്ടുളളത് ഒരു കുറ്റമാണോ? പിന്നെന്തിന് ഞാന്‍ പിഴയൊടുക്കണം എന്ന പരസ്യ വാചകം സാധാരണക്കാരോടുള്ള സഹകരണ ബാങ്കിന്റെ ചോദ്യമാണ്. സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന ബാങ്കുകള്‍ക്കെതിരെ അതി രൂക്ഷമായി ഉയരുന്ന ജനവികാരം പ്രയോജനപ്പെടുത്തികൊണ്ടാണ് സഹകരണ ബാങ്കിങ്ങ് സ്ഥാപനങ്ങള്‍ രംഗത്തെത്തിയിട്ടുള്ളത്. അവര്‍ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ പരസ്യത്തില്‍ അക്കമിട്ട് നിരത്തിയിട്ടുമുണ്ട്.

സഹകരണ ബാങ്കുകളില്‍ എടിഎം സംവിധാനം നിലവിലുണ്ടെന്നും എന്നാല്‍ എടിഎം മിഷിയനുകള്‍ ആയി വരുന്നതെ ഉള്ളുവെന്നും കൊല്ലം ജില്ലാ സഹകരണ ബാങ്ക് അധികൃതര്‍ ഇ-വാര്‍ത്തയോടു പറഞ്ഞു. നിലവില്‍ മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കാം. അതിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കില്ലെന്നും കൊല്ലം സഹകരണ ബാങ്ക് അധികൃതര്‍ അറിയിച്ചു. അതേസമയം ജില്ലാ ബാങ്ക് എടിഎമ്മുകള്‍ മറ്റു എടിഎംഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുപോലെ ഓണ്‍ലൈന്‍ ഷോപ്പിംഗുകള്‍ക്കും PoSകളില്‍ ഷോപ്പിംഗിനും ഉപയോഗിക്കാമെന്നും സര്‍വ്വീസ് ചാര്‍ജ് ബാധകമല്ലെന്നും ബാങ്ക് അധികര്‍ പറയുന്നു.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല, പണമിടപാടുകള്‍ പരിധിയില്ലാതെ നടത്താം, എടിഎം കാര്‍ഡ് എത്ര തവണ വേണമെങ്കിലും സര്‍വ്വീസ് ചാര്‍ജില്ലാതെ ഉപയോഗിക്കാം, ഇടപാടുകളെക്കുറിച്ച് സൗജന്യ എസ്എംഎസ് അലര്‍ട്ട് തുടങ്ങിയ സൗജന്യ സര്‍വ്വീസുകള്‍ നിലനിര്‍ത്തിയാണ് കൊല്ലം ജില്ലാ സഹകരണ ബാങ്ക് മുന്നോട്ട് വരുന്നത്. എസ്ബിഐ അടക്കമുള്ള ബാങ്കുകളില്‍ നിന്നും അക്കൗണ്ടുകള്‍ പിന്‍ വലിക്കുമ്പോള്‍ സഹകരണബാങ്ക് നല്‍കുന്ന സൗജന്യ സര്‍വ്വീസുകള്‍ ഇനി സഹകരണ ബാങ്കുകളുടെ കാലമാണെന്ന് അടിവരയിടുന്നു.