തലസ്ഥാന നഗരിയിലെ കൂട്ടക്കൊല; മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളോളം പഴക്കം: ഇന്നല രാത്രി വിടിനു തീയിടാനുള്ള ശ്രമം നടന്നുവെന്നു പൊലീസ്

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട്ടെ ക്ലിഫ്ഹൗസിന് സമീപമുള്ള വീടിനുള്ളിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കില്‍ക്കെട്ടിയ നിലയിലുമാണ്. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ഡോണ്‍. ജീന്‍ പദ്മ, ഭര്‍ത്താവ് പ്രൊഫ.രാജ് തങ്കം ഇവരുടെ മകള്‍ കരോളിന്‍ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് അനുമാനം. അര്‍ധരാത്രിയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിക്കുകയായിരുന്നു. തീ അണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തി.

പൊലീസ് തിരയുന്ന കേദൽ

ഡോ. ജീന്‍ പദ്മയുടെ മകനെ കാണാതായിട്ടുണ്ട്. രണ്ട് ദിവസമായി ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൂന്ന് ദിവസങ്ങളായി ഇയാളെ ഫോണില്‍ ലഭിച്ചിട്ടില്ല എന്ന് സഹോദരനും പറയുന്നു. അഞ്ച് പേരാണ് വീട്ടില്‍ താമസിച്ചിരുന്നത്.

വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട് ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് മകന്‍ പറഞ്ഞതെന്നും സഹോദരന്‍ പറഞ്ഞു. ഡോക്ടറുടെ മകന്റെ കാലില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കൊലപാതകം നടത്തിയശേഷം ശനിയാഴ്ച രാത്രി വീടിന് തീവയ്ക്കാന്‍ ശ്രമിച്ചതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കൂടുതല്‍ അന്വേഷണം നടത്തിയശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.