സഹനടനുള്ള പുരസ്‌കാരം വിനായകന് നഷ്ടപ്പെട്ടത് രണ്ടു വോട്ടിന്റെ വ്യത്യാസത്തില്‍; മികച്ച നടന്‍മാരായി അക്ഷയ്കുമാറും മോഹന്‍ലാലും അവസാന ലാപ്പില്‍ എത്തിയതോടെ പുരസ്‌കാരം ഇരുവര്‍ക്കും നല്‍കിയെന്നു പ്രിയദര്‍ശന്‍

single-img
8 April 2017

മികച്ച സഹനടനുള്ള പുരസ്‌കാരം വിനായകന് നഷ്ടപ്പെട്ട് രണ്ടു വോട്ടിന്റെ വ്യത്യാസത്തിലായിരുന്നുവെന്നു ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍. മറാഠി നടന്‍ മനോജ് ജോഷിയും വിനായകനും തമ്മിലായിരുന്നു മത്സരമെന്നും എന്നാല്‍, വോട്ടെടുപ്പ് നടന്നപ്പോള്‍ മനോജിന് രണ്ടു വോട്ടുകള്‍ അധികംകിട്ടുകയായിരുന്നുവെന്നും പ്രിയദര്‍ശന്‍ മാതൃഭൂമിക്കു അനുവഞദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

മികച്ച നടനുള്ള പുരസ്‌കാരത്തിന് മോഹന്‍ലാല്‍, അക്ഷയ്കുമാര്‍, രണ്ടു ബംഗാളി നടന്മാര്‍ എന്നിവരാണ് ഉണ്ടായിരുന്നതെന്നും പ്രിയന്‍ പറഞ്ഞു. എല്ലാവരും മികച്ച നടന്മാരായിരുന്നു. അവസാന പരിഗണനയില്‍ ലാലും അക്ഷയ്കുമാറും എത്തിയതോടെ ഇരുവര്‍ക്കും അംഗീകാരങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രിയന്‍ പറഞ്ഞു.

പുരസ്‌കാരം നേടിയ ലാലും അക്ഷയും താങ്കളുടെ സിനിമകളിലെ സ്ഥിരം നായകരാണല്ലോ എന്നും അവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചതിനെക്കുറിച്ച് എന്തുപറയുന്നു എന്നുമുള്ള ചോദ്യത്തിനു തന്റെ സിനിമയില്‍ സ്ഥിരമായി സഹകരിക്കുന്ന ഇരുപതോളംപേര്‍ പുരസ്‌കാരനിര്‍ണയത്തിനുള്ള ചിത്രങ്ങളിലുണ്ടായിരുന്നുവെന്ന് പ്രിയന്‍ മറുപടി പറഞ്ഞു. അവര്‍ക്കാര്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചില്ല. അതുകൊണ്ട് അതേക്കുറിച്ച് അധികം സംസാരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ദംഗല്‍’ ഉള്‍പ്പടെയുള്ള ഹിന്ദി ചിത്രങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കാതെപോയത് പ്രാദേശിക ചിത്രങ്ങളുടെ മികച്ച പ്രകടനംമൂലമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളി, മറാഠി സിനിമകളാണ് ഇക്കുറിയും ദേശീയ ചലച്ചിത്ര പുരസ്‌കാരനിര്‍ണയത്തില്‍ മേധാവിത്വം നിലനിര്‍ത്തിയത്. ഇവയ്ക്കുമുന്നില്‍ ബോളിവുഡ് ചിത്രങ്ങള്‍ പതറിപ്പോയപ്പോള്‍ മലയാളമാണ് പിടിച്ചുനിന്നതെന്നും പ്രിയന്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന ജൂറി അംഗീകാരം നല്‍കിയ മാന്‍ഹോള്‍, കമ്മട്ടിപ്പാടം എന്നിവയ്ക്ക് ദേശീയതലത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിക്കാതെപോയത് ഇവയേക്കാര്‍ മികച്ചചിത്രങ്ങള്‍ മറ്റു പ്രാദേശിക ഭാഷകളില്‍നിന്ന് വന്നിരുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.