സുരഭിയേയും ചിത്രത്തേയും സംസ്ഥാന ജൂറി എന്തുകൊണ്ടു തഴഞ്ഞു എന്നുള്ളതു വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്: മിന്നാമിനുങ്ങിന്റെ സംവിധായകന്‍ അനില്‍ തോമസ് സംസാരിക്കുന്നു

single-img
8 April 2017

അപ്രതീക്ഷിതമായ ഒരു പുരസ്‌കാരമായിരുന്നു ദേശീയ തലത്തില്‍ നിന്നും മലയാള ചലച്ചിത്രമായ മിന്നാമിനുങ്ങിനെ തേടിയെത്തിയത്. ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരം ഈ ചെറുചിത്രത്തിലൂടെ സുരഭി സ്വന്തമാക്കിയപ്പോള്‍ അതു സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പിന്തള്ളപ്പെട്ടതിന് ഒരു മധുര പ്രതികാരം കൂടിയായി മാറി. നവാഗതനായ അനില്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരമ്മയുടേയും മകളുടേയും ജീവിതത്തിന്റെ കഥയാണ് പറഞ്ഞത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശത്തില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ദോശീയ അവാര്‍ഡില്‍ ഏറ്റവും മികച്ചതുതന്നെ സ്വന്തമാക്കുവാന്‍ ഈ ചിത്രത്തിനു കഴിഞ്ഞു. അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ സംവിധായകന്‍ അനില്‍ തോമസ് ഇ-വാര്‍ത്തയോടു മനസ്സു തുറക്കുന്നു.

ദേശീയ അവാര്‍ഡ് കിട്ടിയതിനോടുള്ള പ്രതികരണം?

ഈ അവാര്‍ഡ് നേട്ടത്തില്‍ വളരെ സന്തോഷം തോന്നുന്നു. ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുക എന്നു പറയുന്നത് വളരെ വലിയ കാര്യമാണ്. അതിപ്പാള്‍ സാക്ഷാത്കരിച്ചിരിക്കുന്നു.

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?

പെര്‍ഫോമന്‍സിനു വളരെയധികം പ്രാധാന്യമുള്ള, ശ്രദ്ധയാകര്‍ഷിക്കുന്ന സിനിമയാണ് മിന്നാമിനുങ്ങ്. അതുകൊണ്ടുതന്നെ ദേശീയ അവാര്‍ഡില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ആ പ്രതീക്ഷ ഇല്ലായിരുന്നു എന്നു പറയുവാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

സംസ്ഥാന അവാര്‍ഡില്‍ പരഗണിക്കപ്പെട്ടില്ലെന്ന് തോന്നുന്നുണ്ടോ?

സംസ്ഥാന അവാര്‍ഡില്‍ പരിഗണിക്കപ്പെട്ടിരുന്നോ, ഇല്ലെങ്കില്‍ അത് എന്തുകൊണ്ടാണ് എന്നൊക്കെ പറയേണ്ടത് ഞാനല്ല. സംസ്ഥാന ജൂറി പാനലാണ് അതു വ്യക്തമാക്കേണ്ടത്. സംസ്ഥാന അവാര്‍ഡിന് പരിഗണിച്ചില്ലെങ്കിലും ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ടു എന്നുള്ളതും ചിന്തിക്കണം.

ചിത്രം റിലീസ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

തീര്‍ച്ചയായും. വരുന്ന മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തില്‍ സിനിമ തിയറ്ററുകളില്‍ എത്തിക്കുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഈ കഥാപാത്രത്തിനായി സുരഭിയെ തെരഞ്ഞെടുക്കാനുള്ള കാരണം?

സുരഭി എന്ന നടിയുടെ അഭിനയ പാടവത്തില്‍ എനിക്കു പൂര്‍ണ വിശ്വാസമുണ്ട്. എന്റെ കഥാപാത്രം സുരഭിയുടെ കൈയില്‍ ഭദ്രമായിരിക്കുമെന്ന് എനിക്കു ഉറപ്ലപുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുരഭിയുടെ സ്ഥാനത്ത് മറ്റൊരാളെ ഞാന്‍ ചിന്തിച്ചില്ല. കഥാപാത്രത്തെ അതിന്റെതായല രീതിയില്‍ ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് ഫലം തരുവാനും സുരഭിക്കായി. അതിന്റ പ്രതിഫലം ദാ ഇപ്പോള്‍ അവരെ തേടിയെത്തുായും ചെയ്തിരിക്കുന്നു.