എന്നിട്ടും മുഖ്യമന്ത്രി പറയുന്നു, പൊലീസ് നിരപരാധിയാണെന്നു; ജിഷ്ണുവിന്റെ ബന്ധുക്കളെ താന്‍ കാണുന്നില്ലെന്നും പിണറായി

single-img
5 April 2017

പിണറായി

ജിഷ്ണു പ്രണോയിയുടെ മാതാവിനെയും ബന്ധുക്കളെയും പൊലീസ് ആസ്ഥാനത്തിന് മുന്‍പില്‍ തല്ലിച്ചതച്ച സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ഡിജിപിയെ കാണാന്‍ എത്തിയ ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പം വന്നവരാണ് പ്രശനമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിജിപിയെ കാണണമെന്നായിരുന്നു അവരുടെ ആവശ്യം. അദ്ദേഹം കാണാന്‍ സന്നദ്ധനുമായിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം വന്ന ബിജെപി, എസ് യുസിഐ സംഘടനകളിലെ പ്രവര്‍ത്തകരും തോക്കുസ്വാമിയെ പോലെയുള്ള ആളുകളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഇത്തരത്തിലാണ് താന്‍ മനസ്സിലാക്കിയിരിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

പോലീസ് ആസ്ഥാനത്ത് സമരം ചെയ്യുമെന്നു പറഞ്ഞതാണ് പോലീസ് തടയാന്‍ ശ്രമിച്ചത്. സാധാരണ പോലീസ് ആസ്ഥാനത്ത് സമരം നടക്കാറില്ലെന്നും അതിനെതിരെ ഒരു നീക്കം ജിഷ്ണുവിന്റെ ബന്ധുക്കളല്ലാത്തവരില്‍ നിന്നുമുണ്ടായപ്പോള്‍ പൊലീസ് ഇടപെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ ബന്ധുക്കളല്ലാത്തവരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു.

സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും എന്താണ് പറയാനുള്ളതെന്ന് ഡിജിപി ചോദിച്ചിട്ടുണ്ടെന്നും അവര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് ശേഷം മറ്റ് കാര്യങ്ങള്‍ പറയാമെന്നും എന്നാല്‍ താന്‍ അവരെ കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.