റഫേല്‍ കരാറിന്റെ ലാഭം റിലയന്‍സിന്: ലഭിച്ചത് 30,000 കോടിയുടെ പങ്കാളിത്തം

single-img
4 October 2016

A French Air Force Rafale fighter jet takes takes off during the close air support (CAS) exercise Serpentex 2016 hosted by France in the Mediterranean island of Corsica, at Solenzara air base

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ഫ്രാന്‍സിലെ ഡസ്സോള്‍ട്ട് ഏവിയേഷനുമായി പങ്കാളിത്ത ഉടമ്പടി ഒപ്പുവച്ചു. യുദ്ധവിമാന നിര്‍മ്മാണത്തില്‍ 30,000 കോടി രൂപയുടെ പങ്കാളിത്ത കരാറിലൂടെ ഡസ്സോള്‍ട്ടിന്റെ ഏറ്റവും വലിയ ഇന്ത്യന്‍ പങ്കാളിയായിരിക്കുകയാണ് റിലയന്‍സ്. അടുത്തിടെ ഇന്ത്യയും ഫ്രാന്‍സും കരാറൊപ്പുവച്ച റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നത് ഡസ്സോള്‍ട്ടാണ്. 36 വിമാനങ്ങള്‍ വാങ്ങാമെന്ന ഇന്ത്യയുടെ കരാറിന് പകരമായാണ് റിലയന്‍സിന് ഈ വന്‍പങ്കാളിത്തം ലഭിച്ചിരിക്കുന്നത്.

ഭാരത് ഇലക്ട്രോണിക്‌സ്, സമതല്‍ എന്നിവയ്ക്കും നേരിയ തോതില്‍ പങ്കാളിത്തം ലഭിച്ചിട്ടുണ്ടെങ്കിലും റിലയന്‍സിനാണ് ഭീമമായ പങ്കാളിത്തം ലഭിച്ചിരിക്കുന്നത്. ഇതോടെ മോഡി റഫേല്‍ കരാറിനായി ഫ്രാന്‍സിനെ സമീപിച്ചത് റിലയന്‍സിന് വേണ്ടിയായിരുന്നെന്ന അഭ്യൂഹം ശക്തമാകുകയാണ്. എട്ട് ബില്ല്യണ്‍ യൂറോയുടെ റഫേല്‍ കരാര്‍ അനുസരിച്ച് 50 ശതമാനം പകരത്തിന് പകരം എന്ന നിബന്ധനയിലാണ്. ഈ തുകയുടെ അമ്പത് ശതമാനം ഇന്ത്യയുടെ പ്രതിരോധ രംഗത്ത് മുതല്‍മുടക്കാമെന്നാണ് ഫ്രാന്‍സുമായുള്ള കരാര്‍.

അതേസമയം ഇന്ന് പ്രഖ്യാപിച്ച ഈ പങ്കാളിത്ത കരാര്‍ റിലയന്‍സ് ഡിഫന്‍സിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്. പിപ്പാവാവ് ഡിഫന്‍സിനെ ഏറ്റെടുത്തുകൊണ്ട് 2015 മാര്‍ച്ചിലാണ് റിലയന്‍സ് ഡിഫന്‍സ് രൂപീകരിച്ചത്. ഡസ്സോള്‍ട്ടുമായുള്ള പങ്കാളിത്തത്തോടൊപ്പം ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ മുന്നോട്ടുവച്ച യുദ്ധ വിമാനങ്ങള്‍ സ്വദേശത്തു തന്നെ രൂപീകരിക്കുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന പദ്ധതി(ഐഡിഡിഎം)യില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് റിലയന്‍സ് ഇന്ന് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്കും റിലയന്‍സിന്റെ വ്യോമയാന മേഖലയ്ക്കും ഇതൊരു പരിവര്‍ത്തന നിമിഷമാണെന്ന് അനില്‍ അംബാനി അറിയിച്ചു. ഏറെ വിവാദം സൃഷ്ടിച്ച കരാറാണ് ഇന്ത്യ-ഫ്രാന്‍സ് റഫേല്‍ കരാര്‍. വിവിധ കമ്പനികള്‍ ചേര്‍ന്ന് വിമാനങ്ങളുടെ നിര്‍മ്മാണത്തിലെ ഓരോ ഘട്ടവും എങ്ങനെയാണ് വീതിച്ചെടുക്കുകയെന്ന് വരുംദിവസങ്ങളിലേ അറിയാന്‍ സാധിക്കൂ.

മുന്‍ സര്‍ക്കാര്‍ 126 റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിനുള്ള സാമ്പത്തികശേഷി ഇന്ത്യയ്ക്കില്ലെന്ന് പറഞ്ഞ് റഫേല്‍ കരാര്‍ ഒപ്പുവയ്‌ക്കേണ്ടതില്ലെന്ന തീരുമാനമാണ് ആദ്യം എന്‍ഡിഎ സര്‍ക്കാര്‍ എടുത്തിരുന്നത്. പിന്നീട് മോഡി നടത്തിയ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് കരാര്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതും 126 വിമാനങ്ങളെന്ന എണ്ണം വെട്ടിക്കുറച്ച് 36 ആക്കുകയായിരുന്നു. റിലയന്‍സിന് ഡസ്സോള്‍ട്ടില്‍ പങ്കാളിത്തം നേടിക്കൊടുക്കാനാണ് ഈ കരാര്‍ ഒപ്പുവയ്ക്കുന്നതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വന്‍തുകയുടെ പങ്കാളിത്തം ലഭിച്ചതോടെ മോഡി ആര്‍ക്കുവേണ്ടിയാണ് ഈ കരാര്‍ ഒപ്പുവച്ചതെന്നും ആര്‍ക്കുവേണ്ടിയാണ് ഫ്രാന്‍സില്‍ പോയതെന്നുമുള്ള ചോദ്യമാണ് ഉയരുന്നത്. നേരത്തെ മോഡിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം അദാനി ഗ്രൂപ്പിന് വേണ്ടിയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. വന്‍കിട കമ്പനികളുടെ എക്‌സിക്യൂട്ടീവ് ആയി ഇന്ത്യന്‍ പ്രധാനമന്ത്രി തരംതാഴുകയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.