എങ്ങനെ നാം നേടി ഈ സ്വാതന്ത്ര്യം

single-img
15 August 2016

GeneralDyers_JallianwalaBagh
ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം. 1700-കളുടെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്.

1600ൽ കച്ചവടത്തിനായി സ്ഥാപിക്കപ്പെട്ട ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കന്പനി പിന്നീട് ബംഗാൾ പിടിച്ചടക്കി അതിനു ശേഷം ഇന്ത്യമുഴുവനും കീഴടക്കി പിന്നീട് ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലുള്ള ഒരു കോളനിയായി ഇന്ത്യയെ മാറ്റുകയായിരുന്നു. പരസ്പരം കലഹിച്ചു കൊണ്ടിരുന്ന നാട്ടു രാജ്യങ്ങളും, ജാതിയുടെയും മതത്തിന്റെയും പേരിൽ ഉണ്ടായിരുന്ന സ്പർദ്ധയും ബ്രിട്ടീഷുകാരുടെ ലക്ഷ്യം എളുപ്പമാക്കിതീർത്തു. അടിമത്തം ഇഷ്ടപ്പെടാതിരുന്ന ജനങ്ങൾ അവിടെയും ഇവിടെയും സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിച്ചിരുന്നു എങ്കിലും ഒരു ജനകീയ മുന്നേറ്റം ഉണ്ടായത് വളരെ കാലത്തിന് ശേഷമായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപ്പായി ലഹള എന്ന് അവഹേളിച്ച് ബ്രിട്ടീഷുകാർ തള്ളിപ്പറഞ്ഞു എങ്കിലും നാട്ടു രാജ്യങ്ങളുടെ ഒന്നിച്ചുള്ള സമരത്തിന് അതൊരു കാരണമായിതീർന്നു.
1885ൽ സമൂഹത്തിലെ ഉന്നതസ്ഥാനീയരും ബ്രിട്ടീഷ് സർക്കാരും തമ്മിൽ ഒരു നല്ല ബന്ധം സൃഷ്ടിക്കാൻ വേണ്ടി സ്ഥാപിതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചുരുങ്ങിയ കാലം കൊണ്ട് സ്വാതന്ത്ര്യ സമര പ്രസ്ഥാനമായി മാറി. “സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്” എന്ന് പ്രസ്താവിച്ച ലോക് മാന്യ ബാല ഗംഗാധര തിലക്, ബിപിൻ ചന്ദ്ര ബാൽ, ലാലാ ലജ്‌പത്‌ റായി, ഗോപാല കൃഷ്ണ ഗോഖലെ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒരു സ്വാതന്ത്ര്യ സമര പ്രസ്ഥാനമായി രൂപാന്തരപ്പെട്ടു.

dandimarch
ദക്ഷിണാഫ്രിക്കയിലെ മനുഷ്യാവകാശ പ്രവർത്തകനായി അറിയപ്പെട്ടിരുന്ന, പല സമരങ്ങൾക്കും നേതൃത്വം കൊടുത്ത, വർണ്ണവെറിക്കെതിരെ സമരം ചെയ്ത, മോഹൻദാസ് കരംചന്ദ് ഗാന്ധി 1915ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായതോടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ഒരു പുതിയ മാനം കൈവന്നു. ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒരു ജനകീയ പ്രസ്ഥാനമായി മാറി.

Nehru_tryst_with_destiny_speech
ബ്രിട്ടനിൽ നിയമം പഠിക്കാൻ പോയ ജവഹർലാൽ നെഹ്‌റു കൂടി ഗാന്ധിജിയുടെ ശിഷ്യത്വം സ്വീകരിച്ച് കോൺഗ്രസിന്റെ ഭാഗമായതോടെ കോൺഗ്രസ് എല്ലാ ജനങ്ങൾക്കും സ്വീകാര്യമായ ഒരു സംഘടനയായി മാറി. ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളായിരുന്നു അഹിംസാ മാർഗ്ഗത്തിലൂടെയുള്ള സമരവും, പൊതു നിസ്സഹകരണ പ്രസ്ഥാനവും, സത്യാഗ്രഹവും. പണ്ഡിറ്റ് നെഹ്‌റു, സർദാർ പട്ടേൽ, മൗലാന ആസാദ്, ഡോ: രാജേന്ദ്ര പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസും സ്വാതന്ത്ര്യ സമര പ്രസ്ഥാനവും ഒരു പുതിയ തലത്തിൽ എത്തി. 1929ലെ ലാഹോർ കോൺഗ്രസിൽ പണ്ഡിറ്റ് നെഹ്‌റു പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി 1930ജനുവരി 26ന് സ്വാതന്ത്ര്യ ദിനമായി കോൺഗ്രസ് ആചരിച്ചു. അഹിംസാമാർഗ്ഗത്തിലൂടെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരം ലോക ശ്രദ്ധയാകർഷിച്ചു. പല രാജ്യങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചു. ബ്രിട്ടീഷ് സർക്കാർ പ്രതിനിധികളുമായി പല തലങ്ങളിൽ ചർച്ചകൾ നടത്തിയെങ്കിലും ഒന്നും കൃത്യമായ ലക്ഷ്യത്തിൽ എത്താഞ്ഞതിനാൽ 1942 ഓഗസ്റ്റ് 8ന് വൈകുന്നേരം ബോംബെ ഗോവാലിയൻ റ്റാങ്ക് മൈതാനത്തു കൂടിച്ചേർന്ന ജന സഹസ്രങ്ങളെ സാക്ഷി നിർത്തി ഗാന്ധിജി പ്രസ്താവിച്ചു “Do or Die” തുടർന്ന് ബ്രിട്ടീഷുകാരോട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു “Quit India” എല്ലാവരോടും സ്വതന്ത്രരായി പെരുമാറാൻ അദ്ദേഹം പറഞ്ഞു. നിസ്സഹകരണം ശക്തമാക്കാനും ഉപദേശിച്ചു. തൊട്ടടുത്ത ദിവസം തന്നെ എല്ലാ മുൻ നിര നേതാക്കളെയും ബ്രിട്ടീഷ് പട്ടാളം അറസ്റ് ചെയ്തു. നെഹ്‌റുവും ആസാദും അടക്കം പല നേതാക്കളും മൂന്ന് വര്ഷങ്ങളാണ് തുടർച്ചയായി ജയിലിൽ കഴിച്ചു കൂട്ടിയത്. അറസ്റ്റുകൾ വളരെയധികം നടന്നുവെങ്കിലും ക്വിറ്റ് ഇന്ത്യ ആഹ്വാനം കൊണ്ട് ജനങ്ങൾ മുഴുവനും തെരുവിലേക്കിറങ്ങി. വിദ്യാർത്ഥികൾ പഠിപ്പ് ബഹിഷ്കരിച്ചും ഉദ്യോഗസ്ഥർ ഉദ്യോഗം ബഹിഷ്കരിച്ചും തെരുവിലേക്കിറങ്ങി. ഇന്ത്യ മുഴുവൻ നിസ്സഹകരണത്തിലൂടെയും, സമാധാനപരമായ സമര മാര്ഗങ്ങളിലൂടെയും ബ്രിട്ടീഷുകാർക്കെതിരായത് ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ലോക രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ ഇടപെടാൻ തുടങ്ങിയതോടെ ബ്രിട്ടീഷുകാർ ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുത്തേ ശരിയാവുകയുള്ളൂ എന്ന് മനസ്സിലാക്കി. തുടർന്ന് അധികാര കൈമാറ്റത്തിനുള്ള ചർച്ചകളായിരുന്നു. ക്രിപ്സ് മിഷനും, കാബിനറ്റ് മിഷനും, വട്ടമേശ സമ്മേളനങ്ങളും വളരെയധികം നടന്നു. അതിനിടയിൽ മുസ്ലിം ലീഗ് മുസ്ലിംകൾക്ക് മാത്രമായി ഒരു രാജ്യം വേണം എന്ന് വാശി പിടിച്ചത് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് കയ്‌പേറിയ ഒരു അനുഭവമായി മാറി. ഗാന്ധിജിയും മറ്റു നേതാക്കളും ഒരു വിഭജനം ഒഴിവാക്കാൻ ആവോളം ശ്രമിച്ചു എങ്കിലും മുസ്ലിം ലീഗ് നേതാവ് മുഹമ്മദലി ജിന്ന വിഭജനം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലും അക്രമങ്ങളും കലാപങ്ങളും പൊട്ടിപ്പുറപെട്ടപ്പോൾ മനസ്സില്ലാ മനസ്സോടെ കോൺഗ്രസ് നേതാക്കൾ വിഭജനത്തോട് സമ്മതം മൂളുകയായിരുന്നു. അങ്ങിനെ 1947 ഓഗസ്റ്റ് പതിനഞ്ചിന് ഇന്ത്യ സ്വതന്ത്രയായി. പണ്ഡിറ്റ് നെഹ്രുവിന്റെ “ജനാധിപത്യ സോഷ്യലിസം” മുഖമുദ്രയാക്കി ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് സെക്കുലർ റിപ്പബ്ലിക് ആയി ഇന്ത്യ മാറി. വിഭജനം സൃഷ്ടിച്ച മുറിപ്പാടുകളും, വർഗീയ കലാപങ്ങളും, അങ്ങിങ്ങായി തലപൊക്കുന്ന നാട്ടുരാജ്യങ്ങളും, കാലിയായ ഖജനാവും, സാംക്രമിക രോഗങ്ങളും ഉള്ള ഒരു ഇന്ത്യയായിരുന്നു അന്ന് നെഹ്‌റുവിന് ഭരിക്കാനുണ്ടായിരുന്നത്. അദ്ദേഹം തന്റെ വീക്ഷണം കൃത്യമായി ഉപജിയോഗിച്ച് പഞ്ചവത്സര പദ്ധതികളിലൂടെ ശക്തവും വ്യക്തവുമായ ആസൂത്രണത്തോടെ ഇന്ത്യയെ മുന്നോട്ട് നയിച്ചു ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോക ശ്രദ്ധയാകർഷിച്ച ഒരു രാജ്യമാക്കി ഇന്ത്യയെ മാറ്റി.

സ്വാതന്ത്ര്യത്തിന് 69 വർഷങ്ങൾക്ക് ശേഷം ഇന്ന് ഇന്ത്യ എത്തി നിൽക്കുന്ന സ്ഥിതി വിശേഷം തികച്ചും ആശങ്കാവഹമാണ്. സാങ്കേതിക രംഗത്ത് ഇന്ത്യ വളരെ മുന്നേറിയിട്ടുണ്ടെങ്കിലും, സാന്പത്തികമായി സ്വയം പര്യാപ്തത കുറെയൊക്കെ നേടിയിട്ടുണ്ടെങ്കിലും, സമൂഹത്തിലെ വർഗീയ ധ്രുവീകരണവും വർധിച്ചു വരുന്ന അസഹിഷ്ണുതയും ഇന്ന് ഇന്ത്യയെ ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒരു ചർച്ചാ വിഷയമാക്കി മാറ്റിയിരിക്കുന്നു. ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ മേൽ ഒരു ചോദ്യ ചിഹ്നമായി മാറിയിട്ടുള്ള വർഗീയ ധ്രുവീകരണത്തിനും ഫാസിസത്തിനും എതിരെയുള്ള ഒരു ജനകീയ മുന്നേറ്റത്തിന് ഇന്ത്യൻ ജനത തയ്യാറെടുക്കേണ്ടിയിരിക്കുന്നു, ജനാധിപത്യപരമായ മാർഗത്തിലൂടെ തന്നെ