ഇ.പി.ജയരാജന്റെ കീഴില്‍ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ലെന്ന് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്;തന്നെകണ്ടിട്ട് അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയതെന്ന് മന്ത്രി ഇ.പി. ജയരാജന്‍

single-img
9 June 2016

26f03fd32ec2a9a5e71e3f8299974beb_full

കായികമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്ന് അഞ്ജു ബോബി ജോര്‍ജ്. അഴിമതി നടത്തിയെന്നു പറഞ്ഞായിരുന്നു ഭീഷണി. ഇപ്പോഴത്തെ മന്ത്രിയുടെ തീരുമാനം നോക്കിയാല്‍ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആനുകൂല്യങ്ങള്‍ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. അവാര്‍ഡിനോ സ്ഥാനമാനങ്ങള്‍ക്കോ ഇതുവരെ ആരുടെയും പിന്നാലെ പോയിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു.

പുതിയ കായിക മന്ത്രിയായി ചുമതലയേറ്റ ശേഷം ഇ.പി.ജയരാജനെ ആദ്യമായി കാണാന്‍ എത്തിയപ്പോഴാണ് മന്ത്രി അഞ്ജുവിനോട് മോശമായി സംസാരിച്ചത്. അഞ്ജു അടക്കം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അഞ്ജു പരാതി നല്‍കി.

അതേസമയം,സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് കായികമന്ത്രി ഇ.പി. ജയരാജന്‍. സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ. ഇബ്രാഹിംകുട്ടിക്കൊപ്പം ഓഫീസിലെത്തിയ അഞ്ജു സന്തോഷത്തോടെയാണ് മടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്കെതിരെ അഞ്ജു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അറിയില്ലെന്നും മന്ത്രി പറഞ്ഞു.